പത്തനംതിട്ട: ശബരിമല സന്നിധാനത്തെ സ്വര്‍ണപ്പാളികളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത സ്വര്‍ണത്തില്‍ 460 ഗ്രാം കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം. ഉണ്ണികൃഷ്ണന്‍ പോറ്റി കര്‍ണാടക ബെല്ലാരിയിലുള്ള ജൂവല്ലറി ഉടമ ഗോവര്‍ദ്ധന് വിറ്റെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തിരിച്ചറിഞ്ഞിരുന്നു. ഇവിടെ നിന്നാണ് സ്വര്‍ണ്ണം വീണ്ടെടുത്തത്.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തപ്പോഴാണ് ഇതു സംബന്ധിച്ച ആദ്യ സൂചന ലഭിച്ചത്. തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്നു രണ്ടു ദിവസം മുമ്പ് ഗോവര്‍ദ്ധനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഇത് സംബന്ധിച്ച സ്ഥിരീകരണവും ലഭിച്ചു. സന്നിധാനത്തെ സ്വര്‍ണക്കൊള്ള കേസിലെ പ്രധാന വെളിപ്പെടുത്തലായിരുന്നു ഇത്. കടത്തിക്കൊണ്ടുപോയ സ്വര്‍ണ്ണപ്പാളിയിലെ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി മറിച്ചുവിറ്റെന്ന് തെളിഞ്ഞിരുന്നു. സ്വര്‍ണം വാങ്ങിയ ഗോവര്‍ദ്ധന്‍ 2019ലെ സ്വര്‍ണ വിലയ്ക്ക് അനുസൃതമായ തുക പോറ്റിക്ക് കൈമാറിയതായും എസ്ഐടിയോടു സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഈ പണം മുഴുവന്‍ പോറ്റി സ്വന്തമാക്കിയോ, അതോ സ്വര്‍ണക്കൊള്ളയ്ക്ക് കൂട്ടുനിന്ന ഉന്നതര്‍ക്ക് പങ്കിട്ടു നല്കിയോയെന്നാണ് അറിയേണ്ടത്.

കേസിലെ പ്രധാന തൊണ്ടി മുതലാണ് ഇതെന്നതിനാല്‍ കേസ് കോടതിയില്‍ തെളിയിക്കാനും പ്രതികള്‍ക്കു ശിക്ഷ ഉറപ്പാക്കാനും വിറ്റ സ്വര്‍ണം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. പോറ്റി വിറ്റ സ്വര്‍ണം വര്‍ഷം അഞ്ച് കഴിഞ്ഞിട്ടും സുരക്ഷിതമായി ഗോവര്‍ദ്ധന്റെ പക്കലുണ്ടായിരുന്നുവെന്ന് വേണം കരുതാന്‍. ഗോവര്‍ദ്ധന് പോറ്റി കൈമാറിയത് ദ്വാരപാലക വിഗ്രഹത്തില്‍ പൊതിഞ്ഞ തനിത്തങ്കം തന്നെയാണൊയെന്നതിലും കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഗോവര്‍ദ്ധനില്‍ നിന്നു സ്വര്‍ണം കണ്ടെടുത്തത് നിര്‍ണ്ണായകമാണ്.

ദ്വാരപാലക ശില്‍പത്തില്‍ നിന്ന് 2019ല്‍ ഒരു കിലോ സ്വര്‍ണം വേര്‍തിരിച്ചെടുത്തതായാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി നേരത്തേ വെളിപ്പെടുത്തിയത്. പൂശിയതിന് പ്രതിഫലമായി കമ്പനി 109 ഗ്രാം സ്വര്‍ണം കൈപ്പറ്റി. ഈ സ്വര്‍ണം തൊണ്ടിയായി പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് എസ്ഐടി കരുതുന്നത്. ശില്‍പത്തില്‍ പൂശിയ ശേഷം ബാക്കി വന്ന 476 ഗ്രാം സ്വര്‍ണമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ദ്ധനു വിറ്റത്. ഇതു സംബന്ധിച്ച ബാങ്ക് ഇടപാട് രേഖകളും പോറ്റിയുടെ വീട്ടില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.

വേര്‍തിരിച്ച സ്വര്‍ണം പോറ്റിയുടെ നിര്‍ദ്ദേശ പ്രകാരം കല്‍പ്പേഷ് എന്നയാളിന് നല്‍കിയെന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയുടെ മൊഴി. ഗോവര്‍ദ്ധന്‍ തന്നെയാണോ കല്‍പേഷ് എന്നതിലാണ് ഇനി വ്യക്തത വരേണ്ടത്. കല്‍പ്പേഷിനെ തേടിയുള്ള അന്വേഷണമാണ് ഗോവര്‍ദ്ധനിലെത്തിയത്. കല്‍പേഷാണ് ഗോവര്‍ദ്ധന്‍ എന്നാണ് നിഗമനം. പോറ്റിയുടെ ബംഗളുരുവിലെ വസതിയിലും സ്വര്‍ണപ്പാളികള്‍ പ്രദര്‍ശിപ്പിച്ച് പണം വാങ്ങിയ സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തും. സ്വര്‍ണ വില്‍പ്പനയിലൂടെ ലഭിച്ച പണത്തിന്റെ ഒരു പങ്ക് പോറ്റിയുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയതായും കണ്ടെത്തിയിട്ടുണ്ട്.