പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊളളയുമായി ബന്ധപ്പെട്ടുളള അന്വേഷണം മൂന്നാം ഘട്ടത്തിലേക്ക്. 2019-25 കാലഘട്ടത്തിലെ ദേവസ്വം പ്രസിഡന്റുമാര്‍ക്കെതിരെയുളള അന്വേഷണം നടക്കും. നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, 2019ലെ പ്രസിഡന്റായിരുന്ന എ പത്മകുമാര്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തമാണ് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായാല്‍ അറസ്റ്റ് ഉണ്ടാകും. പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്യാന്‍ ഉടന്‍ തന്നെ നോട്ടീസ് നല്‍കും. അടുത്ത ആഴ്ചയില്‍ പല നിര്‍ണ്ണായക അറസ്റ്റും ഉണ്ടാകും.

2019ല്‍ സ്വര്‍ണക്കൊള്ള നടന്നുവെന്നും 2025ല്‍ ഈ കൊള്ള മറയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെന്നുമാണ് കോടതിയുടെ നിരീക്ഷണം. അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് സ്വര്‍ണക്കൊളളയ്ക്ക് പിന്നിലെന്ന നിഗമനത്തിലാണ് അന്വേഷണം പോകുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി കവര്‍ന്നെന്ന് കരുതുന്ന ബെല്ലാരിയില്‍ നിന്ന് കണ്ടെത്തിയ സ്വര്‍ണം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിലെ മിനിറ്റ്സുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സ്വര്‍ണപ്പാളി കൊണ്ടുപോകാനുള്ള ശുപാര്‍ശകളും കത്തിടപാടുകളും ദേവസ്വം ബോര്‍ഡിലേക്കാണ് വന്നത്. അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് മുരാരി ബാബു അടക്കമുള്ളവരുടെ കത്തുകള്‍ വന്നപ്പോള്‍ ബോര്‍ഡ് എന്ത് തീരുമാനമെടുത്തു, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അനുകൂലമായ നിലപാടാണോ സ്വീകരിച്ചത് തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്.

സ്വര്‍ണക്കൊളളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റി മുന്‍പേ തന്നെ പദ്ധതികളിട്ടിരുന്നുവെന്നും വിവരം ലഭിക്കുന്നുണ്ട്. ശബരിമലയിലെ തന്ത്രി കുടുംബവുമായുള്ള ബന്ധമാണ് ഇതിനെല്ലാം ഇയാള്‍ മറയാക്കിയത്. ഒരു കീഴ്ശാന്തിയുടെ സഹായിയായി ശബരിമലയില്‍ വന്ന ഇയാള്‍ പിന്നീട് തന്ത്രി കുടുംബവുമായി കൂടുതല്‍ അടുക്കുകയും തന്ത്രിയുമായി അടുത്ത ബന്ധമുള്ള ആളായി ധനികരായ അയ്യപ്പഭക്തര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. ഈ ബന്ധം ഉപയോഗിച്ചാണ് ഉണ്ണികൃഷ്ണന്‍ പോറ്റി തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ധനികരായ ഭക്തരുമായി സൗഹൃദം സ്ഥാപിച്ചത്. ഈ സൗഹൃദവും ബന്ധവും പറഞ്ഞുകൊണ്ടാണ് ഗോവര്‍ധന്‍ അടക്കമുള്ള പ്രധാനപ്പെട്ട സ്ഥാനങ്ങളിലുള്ള ആളുകളിലേക്ക് ഉണ്ണികൃഷ്ണന്‍ പോറ്റി എത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വന്തമായി ഒരു സംഘവും ഉണ്ടായിരുന്നു.

ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ആദ്യ ഭാര്യയുടെ ദുരൂഹ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന തുടരും. എല്ലാവരോടും ശാന്തമായും സരസമായുമാണു സംസാരിച്ചിരുന്നത്. ശ്രീരാംപുരയിലായിരുന്നു താമസം. 20 വര്‍ഷമായി സ്വന്തം നാടു പോലെയാണ് ഈ സ്ഥലം പോറ്റിയ്ക്ക്. ആദ്യ ഭാര്യയുടെ അസ്വാഭാവിക മരണത്തെ തുടര്‍ന്നാണ് താസിച്ചിരുന്ന വീടിന് എതിര്‍ഭാഗത്തെ കോത്താരി മാന്‍ഷന്‍ അപ്പാര്‍ട്മെന്റിലെ ഫ്ലാറ്റിലേക്ക് 2004ല്‍ പോറ്റി മാറിയത്. തുടര്‍ന്നായിരുന്നു രണ്ടാം വിവാഹം. ആദ്യഭാര്യയുടെ മരണത്തോടെ പോറ്റി ശ്രീരാംപുര ക്ഷേത്രത്തില്‍ നിന്നും ജോലി പോയി. ഈ മരണത്തിലെ വിവാദങ്ങളാണ് ഇതിന് കാരണമെന്ന് സൂചനയുണ്ട്.

2007 മുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. തന്റെ കാലം മുതല്‍ അല്ല. 2007ന് മുമ്പ് ബെംഗളൂരു ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ തന്ത്രി ആരാണെന്ന് അന്വേഷിച്ചു നോക്കണമെന്നും തന്ത്രിയെ ഉന്നം വെച്ച് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ വിമര്‍ശിച്ചിരുന്നു. തിരുവനന്തപുരം കാരേറ്റ് സ്വദേശിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. ആരാണ് ശബരിമലിയലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഗോഡ് ഫാദര്‍ എന്ന ചര്‍ച്ച പല തലത്തില്‍ നടക്കുന്നുണ്ട്. ഇതിനിടെയാണ് ജലഹള്ളിയിലേക്ക് പത്മകുമാര്‍ വിരല്‍ ചൂണ്ടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തന്ത്രിയില്‍ വ്യക്തത വരുന്നത്. ജലഹള്ളി അയ്യപ്പക്ഷേത്രത്തിലെ തന്ത്രി കണ്ഠരര് രാജീവര് ആണ്. അതായത് രാജീവര് എന്ന തന്ത്രിയ്‌ക്കെതിരെയാണ് പത്മകുമാര്‍ ആരോപണം ഉന്നയിക്കുന്നതെന്നതാണ് സൂചന. എന്നാല്‍ തന്ത്രി വഴിയാണ് ശബരിമലയില്‍ എത്തിയതെങ്കിലും അതുക്കും മേലെ ഉണ്ണികൃഷ്ണന്‍ പോറ്റി വളര്‍ന്നു. തട്ടിപ്പുകളില്‍ തന്ത്രിക്ക് പങ്കില്ലെന്നാണ് അന്വേഷണ സംഘം പറയുന്നതും.

ജലഹള്ളി അയ്യപ്പക്ഷേത്രത്തിന്റെ വെബ് സൈറ്റില്‍ രാജീവര് ആണ് തന്ത്രിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 2007ലും കണ്ഠരര് രാജീവര് ആയിരുന്നു തന്ത്രി എന്നാണ് ലഭ്യമായ വിവരം. ആലപ്പുഴയിലെ കീഴ് ശാന്തിയുടെ സഹായിയായാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി 2007ല്‍ ശബരിമലയില്‍ എത്തിയത്. ജലഹള്ളിയിലെ മുന്‍ ശാന്തിക്കാരനാണ് ഉണ്ണികൃഷ്ണ്‍ പോറ്റിയെന്നതും വസ്തുതയാണ്. അപ്പോഴും താമസിച്ചിരുന്നത് ശ്രീരാംപുരയിലാണ്. പോറ്റിയുടെ സ്വര്‍ണ, ഭൂമി ഇടപാടുകളെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ ശ്രീരാംപുര നിവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. വന്‍കിട പലിശ ഇടപാടുകള്‍ നടത്തുമ്പോഴും പരിചയക്കാരില്‍ നിന്നു ചെറു തുകകള്‍ കടം വാങ്ങുന്ന പ്രകൃതക്കാരനായിരുന്നു പോറ്റി.

ശബരിമലയില്‍ കീഴ്ശാന്തിയുടെ പരികര്‍മിയായതിന്റെ മേല്‍വിലാസം പോറ്റി ഗുണകരമാക്കി മാറ്റി. രണ്ടാം ശബരിമല എന്നറിയപ്പെടുന്ന ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ വാതിലില്‍ സ്വര്‍ണം പൂശിയതും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തില്‍ ചെന്നൈ സ്മാര്‍ട് ക്രിയേഷന്‍സിലായിരുന്നു. 2019 മാര്‍ച്ചില്‍ ശബരിമല ശ്രീകോവിലിന്റെ വാതിലില്‍ സ്വര്‍ണം പൂശി സമര്‍പ്പിച്ച ശേഷമായിരുന്നു ഇത്. ഉണ്ണികൃഷ്ണന്‍ പോറ്റി ബെംഗളൂരുവില്‍ കോടികളുടെ ഭൂമി ഇടപാട് നടത്തിയതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തിയിട്ടുണ്ട്. ഫ്ലാറ്റുകളും ഭൂമിയും വാങ്ങിക്കൂട്ടിയതിന്റെ രേഖകള്‍ എസ്ഐടി പിടിച്ചെടുത്തു. ബെംഗളൂരുവിനു പുറമേ ചെന്നൈയിലെ സ്ഥാപനമായ സ്മാര്‍ട് ക്രിയേഷന്‍സിലും എസ്ഐടി പരിശോധന നടത്തി. ഇവിടെവച്ചാണ് സ്വര്‍ണപാളികളിലെ സ്വര്‍ണം വേര്‍തിരിച്ചത്.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിലെ വീട്ടില്‍നിന്ന് ആഭരണങ്ങള്‍ കണ്ടെടുത്തിയിരുന്നു. നിരവധി നിക്ഷേപം പോറ്റി നടത്തി. സ്വന്തം പേരിലും പങ്കാളിയായ രമേശ് റാവുവിന്റെയും ഭാര്യയുടെയും പേരില്‍ ഭൂമിയും കെട്ടിടവും വാങ്ങിയെന്നും പലിശ ഇടപാടുകള്‍ നടത്തിയെന്നും എസ്ഐടി കണ്ടെത്തി. ഉണ്ണിക്കൃഷ്ണന്‍ പോറ്റി ദ്വാരപാലക ശില്‍പങ്ങളില്‍ നിന്നു കവര്‍ന്നതെന്നു കരുതുന്ന 400 ഗ്രാം സ്വര്‍ണം കര്‍ണാടക ബെള്ളാരിയിലെ ജ്വല്ലറിയില്‍നിന്ന് പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. ഇയാളുടെ ബെംഗളൂരുവിലെ ഫ്ലാറ്റില്‍ നിന്നു 176 ഗ്രാം സ്വര്‍ണാഭരണങ്ങളും വസ്തുവകകളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ബെള്ളാരിയിലെ റൊഡ്ഡാം ജ്യുവല്‍സ് ഉടമ ഗോവര്‍ധനു സ്വര്‍ണം വിറ്റെന്ന പോറ്റിയുടെ മൊഴിയെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു 400 ഗ്രാം സ്വര്‍ണക്കട്ടികള്‍ കണ്ടെത്തിയത്.