- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോര്‍ഡ് കൂട്ടായി എടുക്കാത്ത തീരുമാനമായിരുന്നെങ്കില്‍ അതറിഞ്ഞിട്ടും ആ രണ്ടു പേരും എന്തെങ്കിലും വിയോജിപ്പ് രേഖപ്പെടുത്തിയതായി രേഖയില്ല; ശങ്കരദാസിനും വിജയകുമാറിനും കുരുക്ക് മുറുകും; പത്മകുമാറിന്റെ ഇനിയുള്ള ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകം
തിരുവനന്തപുരം: ശബരിമല ശ്രീകോവില്‍ വാതില്‍ കട്ടിളകളിലെ പാളികള്‍ ഇളക്കിയെടുത്ത് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാനുള്ള തീരുമാനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ.പത്മകുമാറിന്റേതു മാത്രമായിരുന്നുവെന്ന് പറഞ്ഞൊഴിയാന്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്ക് കഴിയില്ല.
ബോര്‍ഡ് കൂട്ടായി എടുക്കാത്ത തീരുമാനമായിരുന്നെങ്കില്‍ അതറിഞ്ഞിട്ടും ഇവര്‍ എന്തെങ്കിലും വിയോജിപ്പ് രേഖപ്പെടുത്തിയതായി രേഖയില്ല. അതുകൊണ്ട് രണ്ടു പേരും പ്രതികളാകും. പത്മകുമാറിനെ കുറ്റപ്പെടുത്തുന്ന മൊഴി അന്നത്തെ ബോര്‍ഡ് അംഗങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിനു (എസ്‌ഐടി) മൊഴി നല്‍കിയെന്നാണ് സൂചന. ബോര്‍ഡ് അംഗങ്ങളായിരുന്ന കെ.പി.ശങ്കരദാസും എന്‍.വിജയകുമാറുമാണു തങ്ങള്‍ നിരപരാധികളാണെന്നു മൊഴി നല്‍കിയത്. മുതിര്‍ന്ന ഐപിഎസുകാരനായ ഹരിശങ്കറിന്റെ പിതാവാണ് ശങ്കരദാസ്.
''ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈവശം പാളികള്‍ കൊടുത്തുവിടാനുള്ള തീരുമാനം ബോര്‍ഡ് യോഗത്തിന്റെ മിനിറ്റ്‌സില്‍ എങ്ങനെയാണ് കടന്നുകൂടിയതെന്ന് അറിയില്ല. അപേക്ഷ ബോര്‍ഡിനു മുന്‍പാകെ വന്നപ്പോള്‍ വിശദമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനം പിന്നീട് എടുക്കാമെന്ന നിലപാടാണു യോഗത്തില്‍ സ്വീകരിച്ചത്. പാളികള്‍ പോറ്റിക്കു കൈമാറാമെന്ന തീരുമാനം പിന്നീട് മിനിറ്റ്‌സില്‍ എഴുതിച്ചേര്‍ത്ത നിലയിലാണു കണ്ടത്''-ഈ മൊഴിയാണ് ഇവര്‍ നല്‍കിയത്. തന്ത്രിയേയും ജീവനക്കാരേയും കുറ്റപ്പെടുത്തുകയും ചെയ്തു.
ദ്വാരപാലക ശില്‍പങ്ങളില്‍നിന്ന് ഇളക്കിയെടുത്ത പാളികള്‍ 39 ദിവസത്തിനു ശേഷം മാത്രം ചെന്നൈയില്‍ എത്തിച്ചതിലും പിന്നീട് തിരിച്ചു കൊണ്ടുവന്നപ്പോള്‍ ഭാരം തിട്ടപ്പെടുത്താതെ സ്ഥാപിച്ചതിലുമടക്കം ബോര്‍ഡിന്റെ ഭാഗത്തുനിന്നു ദുരൂഹമായ അലംഭാവം ഉണ്ടായി. കാര്യങ്ങളില്‍ ബോര്‍ഡിന് കൂട്ടുത്തരവാദിത്തമാണുള്ളത്. രണ്ടു പേര്‍ എതിര്‍ത്താല്‍ പ്രസിഡന്റിന് തീരുമാനം എടുക്കാനും കഴയില്ല. പത്മകുമാറിനെ കസ്റ്റഡിയില്‍ എടുക്കും മുന്‍പ് ശങ്കരദാസിനെയും വിജയകുമാറിനെയും എസ്‌ഐടി രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തിരുന്നു. അന്ന് തന്ത്രിയേയും അവര്‍ തള്ളി പറഞ്ഞു.
പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങിയേക്കും. വിശദമായ ചോദ്യംചെയ്യല്‍ അന്നുണ്ടാകും. മുന്‍ ബോര്‍ഡംഗങ്ങളായ കെ.പി. ശങ്കരദാസ്, എന്‍. വിജയകുമാര്‍ എന്നിവരെ അന്ന് വിളിച്ചുവരുത്തി ചോദ്യംചെയ്യുമെന്നാണ് വിവരം. ബോര്‍ഡ് ഉദ്യോഗസ്ഥരെയും കമ്മിഷണറെയും കുറ്റപ്പെടുത്തിയാണ് പത്മകുമാര്‍ കഴിഞ്ഞദിവസം മൊഴി നല്‍കിയതെന്നാണ് സൂചന. ഇക്കാര്യങ്ങള്‍ നേരത്തേ രണ്ടു ബോര്‍ഡ് അംഗങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഇത് ഉറപ്പുവരുത്തുന്നതിനാണ് ഒരുമിച്ച് ചോദ്യംചെയ്യുന്നതിനായി അന്വേഷണസംഘം ആലോചിക്കുന്നത്.




