പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അന്താരാഷ്ട്ര വിഗ്രഹക്കടത്ത് സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കിട്ടിയെന്ന് സൂചന. വിവാദ വിഗ്രഹക്കടത്തുകാരന്‍ ദിണ്ടിഗല്‍ സ്വദേശി എം. സുബ്രഹ്‌മണ്യം എന്ന ഡി. മണിയുടെ അനുയായി ശ്രീകൃഷ്ണനെ പോറ്റി നിരവധി തവണ ഫോണില്‍ വിളിച്ചതിന്റെ രേഖകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. പോറ്റിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് വിവരങ്ങള്‍ പുറത്തുവന്നത്.

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡി. മണിക്ക് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ തമിഴ്നാട്ടിലെ ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇയാള്‍ അന്വേഷണത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. കഴിഞ്ഞദിവസം ദിണ്ടിഗലില്‍ മണിയെ ചോദ്യം ചെയ്യാനെത്തിയ കേരള പോലീസിനെ സഹായിച്ചിരുന്ന തമിഴ്നാട് പോലീസ് സംഘം പെട്ടെന്ന് പിന്മാറിയത് വലിയ ദുരൂഹതയ്ക്ക് ഇടയാക്കിയിട്ടുണ്ട്. തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെയിലെ ഉന്നതര്‍ക്ക് മണിയുമായുള്ള ബന്ധമാണ് പോലീസിന്റെ ഈ അപ്രതീക്ഷിത നീക്കത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. ഇയാള്‍ മുമ്പ് എഐഡിഎംകെയിലായിരുന്നു. ഈ മണിയാണ് വിഗ്രഹ കടത്തിലുള്ളതെന്ന് മലയാളിയായ പ്രവാസി വ്യവസായി അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.

സ്വര്‍ണ്ണക്കൊള്ളയുടെ നിഴല്‍ കേരളത്തിലെ ഭരണകക്ഷിയിലേക്കും നീളുകയാണ്. 2020 ഒക്ടോബറില്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പം ദേവസ്വം ബോര്‍ഡിലെ ഒരു ഉന്നതനും മണിയെ കണ്ടിരുന്നതായി പ്രവാസി വ്യവസായി മൊഴി നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുള്ള ഈ 'ഉന്നതന്‍' ആരാണെന്ന് വ്യക്തമായാല്‍ അത് സര്‍ക്കാരിനും വലിയ തലവേദനയാകും. സ്വര്‍ണ്ണക്കൊള്ളക്കേസ് അന്വേഷണം കേരളത്തിലും തമിഴ്നാട്ടിലും ഒരേപോലെ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയര്‍ത്തുകയാണ്.

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രധാന കണ്ണി എന്ന് സംശയിക്കുന്ന ഡി. മണിയുടെ ദുരൂഹമായ വളര്‍ച്ചയെയും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും ഞെട്ടലാണ്. ദിണ്ടിഗല്‍ സ്വദേശി ഡി. മണിയുടെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. വെറും ഏഴു വര്‍ഷം കൊണ്ടാണ് ഒരു സാധാരണ ഓട്ടോ ഡ്രൈവറായിരുന്ന മണി ശതകോടികളുടെ ആസ്തിയുള്ള 'ഡയമണ്ട് മണി'യായി മാറിയത്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് മറയാക്കിയാണ് ഇയാള്‍ അധോലോക ഇടപാടുകള്‍ നടത്തിയിരുന്നതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ( വിലയിരുത്തല്‍. സ്വന്തം പേരില്‍ ഒരു സിം കാര്‍ഡ് പോലും എടുക്കാതെയാണ് മണി ആശയവിനിമയം നടത്തിയിരുന്നത്. ദിണ്ടിഗലിലെ തയ്യല്‍ക്കട ഉടമയായ ബാലമുരുകന്‍ എന്നയാളുടെ പേരിലുള്ള സിം കാര്‍ഡാണ് ഇയാള്‍ ഉപയോഗിക്കുന്നത്. ഇയാളെ റിയല്‍ എസ്റ്റേറ്റ് ബിസിനസിലും മണി ഇടനിലക്കാരനാക്കിയിരുന്നു.

2020 ഒക്ടോബര്‍ 26-ന് മണി എവിടെയായിരുന്നു എന്നതില്‍ വ്യക്തത വരുത്താന്‍ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. പത്തനംതിട്ട സ്വദേശിയായ പ്രവാസി വ്യവസായി നല്‍കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. അന്വേഷണം മുറുകുന്നതിനിടെ മാധ്യമങ്ങളെ കണ്ട മണി താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ടു. വിലപിടിപ്പുള്ള കാറുകള്‍ വീട്ടിലിരിക്കെ, സാധാരണക്കാരനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പഴയൊരു സ്‌കൂട്ടറിലാണ് ഇയാള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. ജീവിതം ആത്മഹത്യയുടെ വക്കിലാണെന്നും സ്വര്‍ണ്ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നുമാണ് മണിയുടെ വാദം.

എന്നാല്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയിട്ടുണ്ടെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ആ പരിചയമാണോ പോറ്റിയുമായിട്ടുള്ളത് എന്നാണ് എസ്ഐടി പരിശോധിക്കുന്നത്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയില്‍ വന്ന പ്രമുഖരെ ചോദ്യം ചെയ്യാന്‍ ഇതുവരെയും എസ്ഐടിക്ക് കഴിഞ്ഞിട്ടില്ല. കേസില്‍ എട്ടാം പ്രതിസ്ഥാനത്തുള്ള രണ്ട് ദേവസ്വം ബോര്‍ഡ് അംഗങ്ങളെ ചോദ്യം ചെയ്യാനും എസ്ഐടിക്ക് സാധിച്ചിട്ടില്ല. ഇതില്‍ പി.കെ. ശങ്കരദാസ് എന്ന ബോര്‍ഡ് അംഗം നേരത്തെ എഐഎഡിഎംകെയുടെ കേരളത്തിലെ പ്രധാന നേതാവായിരുന്നു എന്നതും ശ്രദ്ധേയമാണ്.

വിദേശ രാജ്യങ്ങളില്‍ അന്വേഷണം നടത്തണമെങ്കില്‍ സിബിഐ സഹായം കൂടിയേ തീരു. അന്താരാഷ്ട്ര ഇടപാടുകള്‍ സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ പ്രതിബന്ധങ്ങള്‍ മറികടക്കാന്‍ നിയമപരമായി അധികാരമുള്ള കേന്ദ്ര ഏജന്‍സിയായ സിബിഐക്ക് കേസ് കൈമാറണമെന്ന ആവശ്യവും ശക്തമാണ്.