കൊല്ലം: ശബരിമലയിലെ സ്വര്‍ണ്ണപ്പാളികളില്‍ നടന്ന കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. വി.എസ്.എസ്.സി നടത്തിയ ശാസ്ത്രീയ പരിശോധനയുടെ ഫലം കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. പരിശോധനാ ഫലത്തിലെ കണ്ടെത്തലുകള്‍ അന്വേഷണ സംഘത്തെപ്പോലും ഞെട്ടിക്കുന്നതാണെന്നാണ് സൂചന. ഈ റിപ്പോര്‍ട്ടിലെ ദുരൂഹത സാധ്യത മുന്‍കൂട്ടി മനസ്സിലാക്കി ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസ് അടക്കമുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ അന്വേഷണ സംഘം, വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖരിലേക്ക് അന്വേഷണം വ്യാപിപ്പിക്കും.

ശബരിമലയില്‍ നിലവിലുള്ള സ്വര്‍ണ്ണപ്പാളികള്‍ പഴയതാണോ അതോ സ്വര്‍ണ്ണത്തിന്റെ അളവില്‍ മാറ്റം വരുത്തിയ പുതിയ പാളികളാണോ എന്നതായിരുന്നു പ്രധാന പരിശോധന. പാളികളിലെ സ്വര്‍ണ്ണത്തിന്റെ അളവില്‍ വന്‍ കുറവുണ്ടെന്നും ശാസ്ത്രീയ പരിശോധനയില്‍ സ്വര്‍ണ്ണത്തിന് പകരം മറ്റ് ലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്തിയെന്നുമാണ് സൂചനകള്‍. എന്നാല്‍ ഇതാരും ്സ്ഥിരീകരിക്കുന്നില്ല. പാളികള്‍ മാറ്റിയതിലെ ദുരൂഹത തെളിഞ്ഞതോടെ അന്വേഷണം കൂടുതല്‍ വിപുലമാക്കും. സ്വര്‍ണ്ണം എങ്ങോട്ട് കടത്തി എന്നതിനെക്കുറിച്ചും ഇതില്‍ പങ്കാളികളായ ഉന്നതരെക്കുറിച്ചും എസ്.ഐ.ടി വിശദമായ അന്വേഷണം നടത്തും.

ശാസ്ത്രീയ ഫലം ലഭിച്ച സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത് തടയാന്‍ അന്വേഷണസംഘം ഉടന്‍ തന്നെ പ്രാഥമിക കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റപത്രം നല്‍കുന്നതോടെ പ്രതികള്‍ക്ക് പുറത്തിറങ്ങുന്നത് തടയാനാകുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയില്‍ അസ്വാഭാവികതയുണ്ടെന്ന ജയില്‍ ഡോക്ടറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. മെഡിക്കല്‍ കോളേജിലെ പരിശോധനകള്‍ക്ക് ശേഷം ഇദ്ദേഹത്തെ ജയിലിലേക്ക് മാറ്റാനാണ് നീക്കം.

2017-ലെ കൊടിമര നവീകരണ കാലത്ത് കാണാതായ വാജിവാഹനം തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയതും അന്വേഷണം പുതിയ തലത്തിലെത്തിച്ചു. 15 കിലോ തൂക്കമുള്ള, തങ്കം പൊതിഞ്ഞ വാജിവാഹനം ആന്ധ്രയിലെ ഭക്തന് വിറ്റെന്നും ന്വേഷണം തുടങ്ങിയതോടെ തിരികെ വാങ്ങിയെന്നുമാണ് സൂചന. പഴയ ക്ഷേത്രസ്വത്തുക്കള്‍ ദേവസ്വത്തില്‍ തന്നെ സൂക്ഷിക്കണമെന്ന 2012-ലെ സര്‍ക്കുലര്‍ മറികടന്നാണ് ഇത് തന്ത്രിയുടെ കൈവശം എത്തിയത്. അഷ്ടദിക് പാലകര്‍, സ്വര്‍ണ്ണപ്പറകള്‍ എന്നിവ കാണാതായതിനെക്കുറിച്ചും എസ്.ഐ.ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഹൈക്കോടതിയില്‍ 19-ന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഈ ശാസ്ത്രീയ ഫലങ്ങള്‍ ഉള്‍പ്പെടുത്തുന്നതോടെ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പല ഉന്നതരുടെയും മുഖംമൂടികള്‍ അഴിഞ്ഞുവീഴുമെന്ന് ഉറപ്പാണ്.