തിരുവല്ല: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തുന്നത് ഇടതുമുന്നണിയിലെ പ്രമുഖ നേതാവിന്റെ സാമ്പത്തിക സാമ്രാജ്യത്തിലേക്ക്. തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെടുമ്പറമ്പില്‍ ഫിനാന്‍സിലാണ് തന്ത്രി രണ്ടരക്കോടി രൂപ നിക്ഷേപിച്ചതായാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ് (എം) മുന്‍ സംസ്ഥാന ട്രഷററും പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റുമായ എന്‍.എം. രാജുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം.

ദുരൂഹത 2024-ല്‍ രണ്ടരക്കോടി രൂപയാണ് തന്ത്രി ഈ സ്ഥാപനത്തില്‍ ഒറ്റത്തവണയായി നിക്ഷേപിച്ചത്. എന്നാല്‍ നിക്ഷേപത്തട്ടിപ്പിനെത്തുടര്‍ന്ന് സ്ഥാപനം പൂട്ടിപ്പോവുകയും ഉടമ എന്‍.എം. രാജുവും കുടുംബവും അറസ്റ്റിലാവുകയും ചെയ്തിട്ടും തന്ത്രി ഇതുവരെ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. ഈ മൗനമാണ് അന്വേഷണ സംഘത്തില്‍ വലിയ സംശയമുണ്ടാക്കുന്നത്. ചോദ്യം ചെയ്യലില്‍, 'വെള്ളപ്പൊക്കത്തില്‍ കുറച്ച് പണം നഷ്ടമായെന്ന്' പറഞ്ഞ് തന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. ഈ പണത്തിന്റെ സ്രോതസ്സ് ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ടതാണോ എന്നാണ് എസ്‌ഐടി പരിശോധിക്കുന്നത്.

രാഷ്ട്രീയ ബന്ധങ്ങളും ആരോപണങ്ങളും ഇടതുമുന്നണി നേതാവിന്റെ ബാങ്കിലെ ഈ നിക്ഷേപം പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. പത്തനംതിട്ട എംപി ആന്റോ ആന്റണിക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനു രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിട്ടുണ്ട്. നെടുമ്പറമ്പില്‍ ഫിനാന്‍സില്‍ നിന്ന് ആന്റോ ആന്റണി രണ്ടരക്കോടി രൂപ കൈപ്പറ്റിയെന്നും തന്ത്രിയും എംപിയും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നുമാണ് സിപിഎം ഉന്നയിക്കുന്ന ആരോപണം. എല്‍ഡിഎഫ് നേതാവിന്റെ സ്ഥാപനത്തില്‍ തന്ത്രി പണം നിക്ഷേപിച്ചതും അവിടെ നിന്ന് യുഡിഎഫ് എംപി പണം വാങ്ങിയെന്ന ആരോപണവും കേസിനെ സങ്കീര്‍ണ്ണമാക്കുന്നു.

കേരളത്തിലുടനീളം 150-ഓളം ശാഖകളുള്ള നെടുമ്പറമ്പില്‍ ഫിനാന്‍സ് തകര്‍ന്നതോടെ സാധാരണക്കാരായ ആയിരക്കണക്കിന് നിക്ഷേപകരാണ് ദുരിതത്തിലായിരിക്കുന്നത്. തന്ത്രിയെപ്പോലെയുള്ള വമ്പന്മാര്‍ നിശബ്ദത പാലിക്കുമ്പോള്‍, ജീവിതസമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട സാധാരണക്കാര്‍ നീതിക്കായി സ്റ്റേഷനുകള്‍ കയറി ഇറങ്ങുകയാണ്. എന്‍.എം. രാജുവിനും കുടുംബത്തിനുമെതിരെ നിലവില്‍ തിരുവല്ലയിലും പുളിക്കീഴിലുമായി നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ശബരിമല കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ പങ്ക് കൂടി പുറത്തുവന്നതോടെ ശബരിമലയുമായി ബന്ധപ്പെട്ട ഈ ഗൂഢാലോചനയും സാമ്പത്തിക തട്ടിപ്പും വരും ദിവസങ്ങളില്‍ കൂടുതല്‍ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്.