പത്തനംതിട്ട: ശബരിമല സന്നിധാനത്തെ അതീവ പവിത്രമായ ആചാരങ്ങളെയും വിശ്വാസങ്ങളെയും മുറിവേല്‍പ്പിച്ചുകൊണ്ട് സ്വര്‍ണ്ണക്കൊള്ള അന്വേഷണം നീളുന്നുവോ ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പത്തിന്റെ കൈ മുറിച്ചെടുത്തും കട്ടിളപ്പാളികളില്‍ നിന്ന് സ്വര്‍ണ്ണം ചിരണ്ടിയെടുത്തുമുള്ള അന്വേഷണസംഘത്തിന്റെ നടപടി ചര്‍ച്ചകള്‍ക്ക് തീുകൊളുത്തുന്നു. സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി അളക്കാനെന്ന പേരില്‍ ശില്പത്തിന് അംഗഭംഗം വരുത്തിയത് തന്ത്രി കണ്ഠര് മഹേഷ് മോഹനരെ കടുത്ത അതൃപ്തിയിലാഴ്ത്തിയിരിക്കുകയാണ്.

അംഗഭംഗം വന്ന ബിംബങ്ങളോ പാളികളോ ശ്രീകോവിലില്‍ നിലനിര്‍ത്തുന്നത് വലിയ ദോഷമാണെന്നിരിക്കെ, ദ്വാരപാലക ശില്പത്തിന്റെ കൈ മുറിച്ചുമാറ്റിയത് വലിയ ദുര്‍നിമിത്തമായാണ് വിശ്വാസികള്‍ കാണുന്നത്. ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ നടക്കുന്ന അന്വേഷണമായതിനാല്‍ പരസ്യമായി പ്രതികരിക്കാന്‍ കഴിയാത്ത ധര്‍മ്മസങ്കടത്തിലാണ് തന്ത്രി കുടുംബം. മുറിച്ചുമാറ്റിയ ഭാഗങ്ങളിലെ വിടവുകള്‍ എന്തുചെയ്യണമെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിക്കട്ടെ എന്ന് തന്ത്രി നിര്‍ദ്ദേശിച്ചെങ്കിലും, ആചാരലംഘനം പരിഹരിക്കാന്‍ അടിയന്തരമായി ദേവപ്രശ്‌നം നടത്തണമെന്ന ആവശ്യം സന്നിധാനത്ത് ഉയര്‍ന്നു കഴിഞ്ഞു.

വി.എസ്.എസ്.സി റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലാത്തതിനാലാണ് മുംബൈയിലെ ബാര്‍ക്കില്‍പരിശോധന നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഇതിനായി വലിയ അളവില്‍ സ്വര്‍ണ്ണപ്പാളികള്‍ മുറിച്ചെടുത്തതോടെ ദ്വാരപാലക ശില്പത്തിന്റെ രൂപം തന്നെ മാറിയിരിക്കുകയാണ്. മുറിച്ചെടുത്ത ഭാഗം ഇനി പഴയപടി കൂട്ടിയോജിപ്പിക്കുക അസാധ്യമാണ്. ഈ സാഹചര്യത്തില്‍ അംഗഭംഗം വന്ന ശില്പങ്ങള്‍ മാറ്റി പുതിയവ നിര്‍മ്മിക്കാന്‍ അനുമതി തേടി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ സമീപിക്കും. 'കൈയില്ലാത്ത' ദ്വാരപാലകന്‍ ശ്രീകോവിലിന് മുന്നില്‍ നില്‍ക്കുന്നത് ശബരിമലയുടെ ചൈതന്യത്തെ ബാധിക്കുമോ എന്ന ആശങ്കയാണ് വിശ്വാസികള്‍ മുമ്പോട്ട് വയ്ക്കുന്നത്.

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇത്തവണ മുറിച്ചെടുത്തത് സ്വര്‍ണപ്പാളിയുടെ വലിയ ഭാഗങ്ങളാണ്. ദ്വാരപാലക ശില്പത്തിന്റെ കൈയുടെ ഭാഗവും മുറിച്ചെടുത്തു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സന്നിധാനത്ത് എസ്ഐടി പരിശോധന നടത്തിവരികയായിരുന്നു. സാമ്പിള്‍ പരിശോധനയ്ക്കായാണ് പാളികള്‍ മുറിച്ചെടുത്തത്. എന്നാല്‍ പാളികള്‍ ഈ രൂപത്തില്‍ ദീര്‍ഘകാലം വയ്ക്കാനാകില്ലെന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനര് നിര്‍ദേശിച്ചു. തന്ത്രിയുടെ അനുവാദം വാങ്ങിയശേഷമാണ് എസ്ഐടി പാളികള്‍ മുറിച്ചെടുത്തശേഷം പുനഃസ്ഥാപിച്ചത്.

അംഗഭംഗം വന്നെങ്കിലും തത്കാലം സ്ഥാപിക്കാമെന്നും മുറിച്ചുമാറ്റിയ ഭാഗങ്ങളിലെ വിടവുകള്‍ എന്തു ചെയ്യണമെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിക്കട്ടേയെന്നും തന്ത്രി നിലപാട് എടുത്തു. അല്ലാത്ത പക്ഷം സ്വര്‍ണ്ണ പാളികള്‍ എവിടെ സൂക്ഷിക്കും എന്നതില്‍ അടക്കം പ്രതിസന്ധിയുണ്ടാകുമായിരുന്നു. ഈ സ്ഥിതി വിശേഷം ഹൈക്കോടതിയെ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറും ബോധ്യപ്പെടുത്തിയേക്കും.