- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പുനഃപരിശോധനാ ഹര്‍ജിക്കാരുടേയും അവരെ പിന്തുണയ്ക്കുന്ന കക്ഷികളുടെയും വാദം ഏപ്രില്‍ 7 മുതല്‍ ഏപ്രില്‍ 9 വരെ കേള്‍ക്കും; എതിര്‍ക്കുന്നവരുടെ വാദങ്ങള്‍ ഏപ്രില്‍ 14 മുതല്‍ ഏപ്രില്‍ 16 വരെ; ഏപ്രില്‍ 21ന് മറുപടി സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കാം; ഏപ്രില്‍ 22-ന് വാദം അവസാനിപ്പിക്കും; ഒമ്പതംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് പ്രത്യേക ഉത്തരവിലൂടെ അറിയിക്കും; ശബരിമല സ്ത്രീ പ്രവേശനം വീണ്ടും വാദങ്ങളിലേക്ക്

ന്യൂഡല്‍ഹി : ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമെന്യേ പ്രവേശനം അനുവദിക്കണമെന്ന 2018-ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ പുതിയ ഒമ്പതംഗ ബെഞ്ച് വാദം കേള്‍ക്കും. നേരത്തെ രൂപീകരിച്ചിരുന്ന ഒമ്പതംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ് സുപ്രീംകോടതിയില്‍ അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്. വാദം കേള്‍ക്കലടക്കമുള്ള തുടര്‍നടപടികളും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് നിശ്ചയിച്ചു.
പുനഃപരിശോധനാ ഹര്‍ജിക്കാരുടേയും അവരെ പിന്തുണയ്ക്കുന്ന കക്ഷികളുടെയും വാദം ഏപ്രില്‍ 7 മുതല്‍ ഏപ്രില്‍ 9 വരെ കേള്‍ക്കും. എതിര്‍ക്കുന്നവരുടെ വാദങ്ങള്‍ ഏപ്രില്‍ 14 മുതല്‍ ഏപ്രില്‍ 16 വരെ കേള്‍ക്കും. ഏപ്രില്‍ 21ന് റുപടി സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ 22-ന് വാദം അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒമ്പതംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് പ്രത്യേക ഉത്തരവിലൂടെ അറിയിക്കും. വിധി പുനഃപരിശോധിക്കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്കുന്നുവെന്ന്സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ബെഞ്ചിനെ അറിയിച്ചത് ശ്രദ്ധേയമാണ്. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടായിരിക്കും ഇനി പ്രധാനം.
യുവതീപ്രവേശനത്തെ അനുകൂലിച്ച് പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന്റെകൂടി അടിസ്ഥാനത്തിലാണ് 2016 സെപ്റ്റംബര്‍ 28-ന് സുപ്രീംകോടതി വിധിയുണ്ടായത്. പക്ഷേ, 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ വിഷയം എല്‍.ഡി.എഫിന് വലിയ തിരിച്ചടിയുണ്ടാക്കി. അതിനുശേഷം, വിഷയം ഒതുക്കിവെക്കാനാണ് സര്‍ക്കാരും എല്‍.ഡി.എഫും ശ്രമിച്ചത്. യുവതീപ്രവേശനത്തില്‍ സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും നിലപാട് മാറിയതായി എവിടെയും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, യുവതീപ്രവേശനം വേണമെന്ന പരസ്യനിലപാടും ഇപ്പോഴില്ല. നിലപാട് കോടതിയില്‍ വ്യക്തമാക്കുമെന്ന് സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. ആ ഘട്ടമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്.
പുതിയ ഒമ്പതംഗ ബെഞ്ച് രൂപീകരണം
നേരത്തെ ഈ കേസ് പരിഗണിച്ചിരുന്ന ഒമ്പതംഗ ബെഞ്ചിലെ മിക്ക ജഡ്ജിമാരും വിരമിച്ച സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്. നിലവിലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ് പഴയ ബെഞ്ചില്‍ അവശേഷിക്കുന്നത്. പുതിയ ബെഞ്ചിലെ മറ്റ് എട്ട് അംഗങ്ങളെ ചീഫ് ജസ്റ്റിസ് പ്രത്യേക ഭരണപരമായ ഉത്തരവിലൂടെ ഉടന്‍ അറിയിക്കും. കേന്ദ്ര സര്‍ക്കാര്‍: 2018-ലെ വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികളെ പിന്തുണയ്ക്കുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്തായിരിക്കും എന്നതാണ് ഇപ്പോള്‍ നിര്‍ണ്ണായകം. എഴുതിത്തയ്യാറാക്കിയ വാദങ്ങള്‍ മാര്‍ച്ച് 14-നകം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ 'വിശ്വാസികളുടെ വികാരം സംരക്ഷിക്കപ്പെടണം' എന്ന നിലപാടിലേക്ക് സര്‍ക്കാര്‍ മാറുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
നോഡല്‍ കൗണ്‍സലുകള്‍: ഹര്‍ജികളെ പിന്തുണയ്ക്കുന്നവര്‍ക്കായി കൃഷ്ണകുമാര്‍ സിങ്ങിനെയും എതിര്‍ക്കുന്നവര്‍ക്കായി ശാശ്വതി പാരിയെയും നോഡല്‍ കൗണ്‍സലുകളായി നിയമിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരമേശ്വര്‍, ശിവം സിങ് എന്നിവരാണ് അമിക്കസ് ക്യൂറിമാര്‍.
മറ്റ് പ്രധാന വിഷയങ്ങള്‍
ശബരിമല കേസിനൊപ്പം താഴെ പറയുന്ന വിഷയങ്ങളും ഇതേ ബെഞ്ച് പരിഗണിക്കുന്നുണ്ട്:
മുസ്ലീം സ്ത്രീകള്‍ക്ക് പള്ളികളിലും ദര്‍ഗകളിലും പ്രവേശനം നല്‍കുന്നത്.
ഇതര മതസ്ഥരെ വിവാഹം കഴിച്ച പാഴ്സി സ്ത്രീകള്‍ക്ക് അഗിയാരികളില്‍ (Fire Temples) പ്രവേശനം നല്‍കുന്നത്.
ദാവൂദി ബോറ സമൂഹത്തിലെ സ്ത്രീകളുടെ സുന്നത്ത് (Female Genital Mutilation) തുടങ്ങിയ ആചാരങ്ങളുടെ നിയമസാധുത.


