പത്തനംതിട്ട: ശബരിമല തീർത്ഥാടക ടൂറിസത്തിന്റെ വളർച്ച ലക്ഷ്യമിട്ടുള്ള സ്വപ്‌ന പദ്ധതിയായ ശബരിമല വിമാനത്താവളനായി സ്ഥലമേറ്റെടുപ്പിന് ഉത്തരവിറക്കി സംസ്ഥാന സർക്കാർ. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കർ സ്ഥലമേറ്റെടുക്കും. 3500 മീറ്റർ നീളമുള്ള റൺവെ അടക്കം മാസ്റ്റർ പ്ലാൻ അംഗീകരിച്ചിട്ടുണ്ട്.

ആകെ 1039.876 ഹെക്ടർ (2570) ഏക്കർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ ബ്ലോക്കുകളിലെ സ്ഥലമാണ് പുതുതായി ഏറ്റെടുക്കുന്നത്. ശബരിമല വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുത്താൻ ആദ്യം ഉത്തരവിറങ്ങിയത് 2020 ജൂണിലാണ്. ഭൂമി ഏറ്റെടുക്കുന്നതിനു മുൻപായി സാമൂഹിക ആഘാതപഠനം നടത്തും. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ നടപടികൾ പൂർത്തിയാക്കൂ.

രണ്ടു വ്യവസ്ഥകൾ പാലിച്ചാകും അനുമതിയെന്നും ഉത്തരവിൽ വ്യക്തമാക്കി. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം സാമൂഹികാഘാത പഠനം നടത്തി അതിന്റെ റിപ്പോർട്ട് ഒരു വിദഗ്ധ സമിതി പരിശോധിക്കും എന്നതാണ് ഒന്നാമത്തെ വ്യവസ്ഥ. കണ്ടെത്തിയ സ്ഥലം യോഗ്യമാണെന്ന് സിവിൽ വ്യോമയാന ഡയറക്ടർ ജനറലും എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയും അംഗീകരിച്ച ശേഷമേ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കൂ എന്നതാണ് മറ്റൊരു വ്യവസ്ഥ.

വിവാദങ്ങളിലും പ്രതിസന്ധികളിലും കുരുങ്ങി ഏറെക്കാലം വൈകിയ പദ്ധതിയാണിത്. തുടർ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. കേന്ദ്രസർക്കാരിന്റെയും വ്യോമയാന മന്ത്രാലത്തിന്റെയും അനുമതി ലഭിക്കേണ്ടതുണ്ട്. ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഉടമസ്ഥതയിലാണെന്ന വാദവുമായി പദ്ധതിയുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണ്.

പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക സാധ്യതാ പഠനം പൂർത്തീകരിച്ച് പുതുക്കിയ റിപ്പോർട്ട് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് ഈവർഷം ജൂൺ 30ന് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിന്മേൽ വ്യോമയാന മന്ത്രാലയവും, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ എന്നീ ഏജൻസികളും നടത്തിയ നിരീക്ഷണങ്ങൾക്ക് ഒക്ടോബർ 10ന് സർക്കാർ മറുപടി നൽകിയിരുന്നു. പദ്ധതി പ്രദേശമായ കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റിലും അനുബന്ധ പ്രദേശത്തുമായുള്ള ഭൂമിയിലാണ് വിമാനത്താവളം വിഭാവനം ചെയ്തിട്ടുള്ളത്.

വിമാനത്താവളത്തിന് 'സൈറ്റ് ക്ലീയറൻസ്' നൽകുന്നതിനുള്ള സ്റ്റീറിങ് കമ്മിറ്റിയുടെ യോഗം കേന്ദ്ര വ്യോയമാന സെക്രട്ടറിയുടെ അധ്യക്ഷതയിൽ നവംബർ 22ന് ഡൽഹിയിൽ കൂടിയിരുന്നു. യോഗത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവള പദ്ധതിക്ക് കേന്ദ്രാനുമതി വൈകാതെ ലഭിക്കുമെന്നാണ് മനസിലാക്കിയതെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചശേഷം പദ്ധതിക്കുവേണ്ടിയുള്ള സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ സാധിക്കുമെന്നും ഡോ.എൻ. ജയരാജ്, സെബാസ്റ്റ്യൻ കളത്തുങ്കൽ, ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ എന്നിവകർക്ക് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയിരുന്നു.

കഴിഞ്ഞ സംസ്ഥാന ബജറ്റിൽ രണ്ട് കോടി രൂപ വിമാനത്താവളം പദ്ധതിക്കായി നീക്കിവെച്ചിരുന്നു. പദ്ധതിക്ക് കേന്ദ്ര പാർലമെന്ററി സമിതിയുടെ അടക്കം അംഗീകാരം ലഭിച്ചിരുന്നു. ശബരിമല തീർത്ഥാടക ടൂറിസത്തിന് വൻ വളർച്ച നൽകുന്നതാണ് പദ്ധതിയെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. കൊച്ചി, തിരുവനന്തപുരം ടൂറിസം സർക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. വിമാനത്താവളത്തിന് വ്യോമസേനയുടെ അനുമതി ലഭിച്ചിട്ടുണ്ട്

അമേരിക്കയിലെ ലൂയിസ് ബർജറാണ് വിമാനത്താവള പദ്ധതിയുടെ കൺസൾട്ടന്റ്. കെഎസ്‌ഐഡിസിയാണ് ഇവർക്ക് ചുമതല നൽകിയത്. സാങ്കേതിക - സാമ്പത്തിക ആഘാത പഠനം നടത്താൻ ഓഗസ്റ്റ് വരെയാണ് കമ്പനിക്ക് സമയം നൽകിയിരിക്കുന്നത്.

മണിമല വില്ലേജിലാണ് ഏറ്റവും കൂടുതൽ സ്ഥലം ഏറ്റെടുക്കുക. പാരിസ്ഥിതിക ലോല മേഖലയാണിത്. 2263 ഏക്കർ സ്ഥലം ഏറ്റെടുക്കാനായിരുന്നു നേരത്തെ ഡിപിആർ പദ്ധതി തയ്യാറാക്കിയത്. അതേസമയം ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശ തർക്കം ഇപ്പോഴും കോട്ടയം പാലാ കോടതിയുടെ പരിഗണനയിലാണ്.

പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ പ്ലാച്ചേരി ജംക്ഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെ മുക്കടയാണ് എസ്റ്റേറ്റിന്റെ കവാടം. എരുമേലിപ്ലാച്ചേരി റോഡിലാണ് മുക്കട. കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി തെക്ക്, മണിമല വില്ലേജുകളിലാണ് 2263 ഏക്കർ വിസ്തൃതിയുള്ള എസ്റ്റേറ്റ്. കിഴക്ക് എരുമേലിയും പരിസരവും. തെക്കു പടിഞ്ഞാറു ഭാഗത്ത് പൊന്തൻപുഴ വനമേഖലയാണ്. വടക്കു കിഴക്കുഭാഗത്ത് എസ്റ്റേറ്റിന് അരികിലൂടെ മണിമലയാർ ഒഴുകുന്നു. ഒരു വശത്ത് മലയെങ്കിൽ മറുവശത്ത് സംസ്ഥാന പാതയാണ് അതിര്. മറ്റൊരിടത്ത് പുഴയും എതിർ വശത്ത് വനവും അതിർത്തി നിശ്ചയിക്കുന്നു. മുക്കടയിൽ റബർ ബോർഡിന്റെ തോട്ടവും അരികിലുണ്ട്. പണ്ട് ചെറുവള്ളി എസ്റ്റേറ്റ് തേയിലത്തോട്ടമായിരുന്നു. പിന്നീട് റബർ എസ്റ്റേറ്റായി.