ശബരിമല: മകരവിളക്കിന് ശബരിമലയിൽ എത്തുന്ന ഭക്തരെ ക്രൂരമായി കൈകാര്യം ചെയ്യുന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥന്റെ വീഡിയോ വൈറൽ. ബിജെപി നേതാവ് സൂരജ് ഇലന്തൂരാണ് വീഡിയോ ഷെയർ ചെയ്തത്. പൊന്നമ്പലമേട്ടിൽ തെളിഞ്ഞ മകരജ്യോതിയും ആകാശ നീലിമയിലെ മകരനക്ഷത്രവും ദർശിക്കുന്നതിനായി പതിനായിരങ്ങളാണ് കഴിഞ്ഞ ദിവസം ശബരിമലയിൽ എത്തിയത്. ഇതിന് ശേഷമായിരുന്നു ക്രൂരത.

മണിക്കൂറുകൾ നീണ്ട ക്യൂവിന് ശേഷം ശ്രീകോവിലിന് മുന്നിൽ ഒരു നിമിഷമെങ്കിലും അയ്യനെ കാണാൻ എത്തുന്നവരെയാണ് യാതൊരു ദാക്ഷണ്യവും കൂടാതെ ദേവസ്വം ജീവനക്കാരൻ കൈയേറ്റം ചെയ്യുന്നത്. പല ഭക്തരെയും കഴുത്തിന് പിടിച്ച് ഇയാൾ മാറ്റുന്നതും വീഡിയോയിൽ കാണാം. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ വാച്ചർ തസ്തികയിൽ ജോലി ചെയ്യുന്ന അരുൺ എന്ന ദേവസ്വം ബോർഡ് ജീവനക്കാരനാണ് ഭക്തരോട് മോശമായി പെരുമാറിയത്. ശബരിമലയിൽ സ്പെഷൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇയാൾ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഇടത് യൂണിയൻ നേതാവാണ്. തിരുവനന്തപുരത്തെ സിപിഎം കുടുംബാഗം. മന്ത്രി വി ശിവൻകുട്ടിയുടെ അടുത്ത അനുയായിയായ പെരുന്താന്നി രാജുവാണ് അരുണിന്റെ സഹോദരൻ.

തിരുവനന്തപുരം കോർപ്പറേഷനിലേക്ക് കഴിഞ്ഞ തവണ പെരുന്താന്നി രാജു മത്സരിച്ചിരുന്നു. മുമ്പ് ശിവൻകുട്ടി കൗൺസിലറായ മണ്ഡലമാണ് പെരുന്താന്നി. ഇവിടെ പെരുന്താന്നി രാജു മത്സരിച്ചെങ്കിലും കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് പോയി. മുമ്പ് ആയിരത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎം ജയിച്ചിരുന്ന വാർഡാണ് പെരുന്താന്നി. ഇവിടെ ഏറെ സ്വാധീനമുള്ള സിപിഎം നേതാവാണ് രാജു. അങ്ങനൊരു സിപിഎം നേതാവിന്റെ സഹോദരനെതിരെയാണ് ബിജെപി നേതാവ് ആരോപണം ഉന്നയിക്കുന്നത്. എന്നാൽ മകരവിളക്കിന് ശേഷമുള്ള അത്ഭുത പൂർവ്വമായ തിരക്ക് നിയന്ത്രിക്കാനായിരുന്നു ഇതെല്ലാമെന്ന് ദേവസ്വം ബോർഡും പറയുന്നു. അരുണിനെതിരെ നടപടിയൊന്നും എടുക്കില്ല.

സോപാനത്ത് വലിയ തിരക്കാണ് മകര വിളക്കിന് ശേഷം അനുഭവപ്പെടാരുള്ളത്. അതിനിടെ ഇതരസംസ്ഥാനക്കാരായ ഭക്തരുൾപ്പടെ ഇയാളുടെ കൈക്കരുത്തിന് ഇരയാകുന്നുണ്ട്. സംഭവത്തിൽ സമൂഹമാധ്യമങ്ങളിലടക്കം ഭക്തർ പ്രതിഷേധിക്കുന്നു. ജീവനക്കാരനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. മകരവിളക്കിന് ശേഷം സോപാനത്തെ ദൃശ്യങ്ങൾ ചില ചാനലുകൾ തൽസമയം നൽകിയിരുന്നു. ഈ വീഡിയോ മൊബൈലിൽ എടുത്താണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. യൂണിയൻ നേതാവായ അരുൺ മുമ്പ് ദേവസ്വം ബോർഡ് അംഗത്തിന്റെ പേഴ്‌സണൽ സ്റ്റാഫിലും പ്രവർത്തിച്ചിട്ടുണ്ട്.

ഇടതുപക്ഷ യൂണിയനായ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡരേഷൻ സംസ്ഥാന സെക്രട്ടറിയാണ്. മുഖ്യമന്ത്രി പിണറായി വിജയനം മറ്റ് സിപിഎം നേതാക്കൾക്കുമൊപ്പം ഇയാൾ നിൽക്കുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മകരവിളക്ക് ദിനത്തിൽ പമ്പയിലെയും ശബരിമലയിലെയും സന്നിധാനത്തെയും സർക്കാർ- ദേവസ്വം ക്രമീകരണങ്ങൾ പാളിയതായി ആക്ഷേപമുണ്ട്. തിരക്ക് അനിയന്ത്രിതമായതോടെ ഭക്തരെ എരുമേലിയിൽ മണിക്കൂറുകളോളം തടഞ്ഞത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.

മുതിർന്ന പൗരന്മാരും കുട്ടികളും ഉൾപ്പെടുന്ന ഭക്തർ അഞ്ച് മണിക്കൂറിലേറെ ക്യൂ നിന്നാണ് കഴിഞ്ഞ ദിവസം സന്നിധാനത്തെത്തിയത്. ഇവരെയാണ് ഇടതുപക്ഷ നേതാവ് നിർദ്ദയം ശ്രീകോവിലിന് മുന്നിൽ നിന്നും തള്ളി മാറ്റിയത്. ഇയാൾക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്.