- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി ശിവൻകുട്ടിയുടെ വിശ്വസ്തന്റെ സഹോദരനെതിരെ ക്രിമിനൽ കേസിന് ഹൈക്കോടതി നിർദ്ദേശിക്കുമോ എന്ന് ഇടതു കേന്ദ്രങ്ങളിൽ ഭയം; തീർത്ഥാടകരുടെ കഴുത്തിന് പിടിച്ച് അക്രമം കാട്ടിയ ഗാർഡിനെ സസ്പെന്റ് ചെയ്ത് നടപടി ലഘൂകരിക്കാൻ ആലോചന; അരുണിനെ ശബരിമലയിൽ നിന്ന് വീട്ടിലേക്ക് അയച്ചത് പ്രത്യേക വാഹനമൊരുക്കി; ആ വീഡിയോയിൽ ഹൈക്കോടതി തീരുമാനം നിർണ്ണായകം
തിരുവനന്തപുരം: ശബരിമലയിൽ മകരവിളക്കു ദിവസം തീർത്ഥാടകരെ ദേവസ്വം ഗാർഡ് ബലം പ്രയോഗിച്ച് തള്ളി മാറ്റിയതിലും അപമാനിച്ചതിലും നടപടിക്ക് സാധ്യത. സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഹൈക്കോടതിയുടെ ശാസന ദേവസ്ം ബോർഡിന് എതിരാകാതിരിക്കാനാണ് സൂചന. പരാതി ഉയർന്ന സാഹചര്യത്തിൽ പ്രസ്തുത ഗാർഡിനെ ആ ചുമതലയിൽ നിന്നും നീക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ അറിയിച്ചു. ദേവസ്വം ഗാർഡ് അരുണിനെ ഇന്നലെ രാത്രിയാണ് ശബരിമലയിൽ നിന്നും ഒഴിവാക്കിയത്. ഇങ്ങനെ മാറ്റിയ ഗാർഡിന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ പ്രത്യേക വാഹനം ഒരുക്കിയെന്നതാണ് വസ്തുത.
ദേവസ്വം ഗാർഡ് അരുൺ ഇടത് സംഘടനാ നേതാവാണ്. ഹൈക്കോടതി അരുണിനെതിരെ കേസെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടുമെന്ന ആശങ്ക ശക്തമാണ്. ഈ സാഹചര്യത്തിലാണ് അരുണിനെ തൽകാലത്തേക്ക് സസ്പെന്റ് ചെയ്യുന്നത്. ഇത് കോടതിയെ അറിയിക്കും. ഇതോടെ കോടതി ക്രിമിനൽ നടപടിക്ക് ശുപാർശ ചെയ്യില്ലെന്നാണ് വിലയിരുത്തൽ. അരുണിനെതിരെ കോടതി നിർദ്ദേശിച്ചാൽ വധശ്രമത്തിന് കേസെടുക്കേണ്ടി വരും. അരുണിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ദേവസ്വം ഗാർഡിന്റെ നടപടിയിൽ അനൗചിത്യമുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. തീർത്ഥാടകരോട് അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു. പക്ഷേ തിരക്ക് നിയന്ത്രണാതീതമായിരുന്നു. പൊലീസും നന്നെ ബുദ്ധിമുട്ടി. തിരക്ക് നിയന്ത്രിക്കാൻ പൊലീസും ദേവസ്വം ഗാർഡുമാരുടെ സഹായം തേടിയിരുന്നു.
സംഭവത്തെപ്പറ്റി ഗാർഡിനോട് വിശദീകരണം തേടിയിട്ടുണ്ട്. പരാതി ഉയർന്ന സാഹചര്യത്തിൽ പ്രസ്തുത ഗാർഡിനെ ആ ചുമതലയിൽ നിന്നും നീക്കിയിട്ടുണ്ടെന്നും അനന്തഗോപൻ അറിയിച്ചു. ഗാർഡ് തീർത്ഥാടകരെ തള്ളിമാറ്റുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർ പരാതി ഉന്നയിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഹൈക്കോടതി ഇടപെട്ടത്. ഹൈക്കോടതി കേസ് പരിഗണിക്കും മുമ്പ് തന്നെ അരുണിനെതിരെ നടപടി എടുത്തുവെന്ന് വരുത്താനാണ് നീക്കം. മകരവിളക്കിന് ശബരിമലയിൽ എത്തുന്ന ഭക്തരെ ക്രൂരമായി കൈകാര്യം ചെയ്യുന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലായതാണ് വിവാദത്തിന് കാരണം.
ബിജെപി നേതാവ് സൂരജ് ഇലന്തൂരാണ് വീഡിയോ ഷെയർ ചെയ്തത്. പൊന്നമ്പലമേട്ടിൽ തെളിഞ്ഞ മകരജ്യോതിയും ആകാശ നീലിമയിലെ മകരനക്ഷത്രവും ദർശിക്കുന്നതിനായി പതിനായിരങ്ങളാണ് കഴിഞ്ഞ ദിവസം ശബരിമലയിൽ എത്തിയത്. മണിക്കൂറുകൾ നീണ്ട ക്യൂവിന് ശേഷം ശ്രീകോവിലിന് മുന്നിൽ ഒരു നിമിഷമെങ്കിലും അയ്യനെ കാണാൻ എത്തുന്നവരെയാണ് യാതൊരു ദാക്ഷണ്യവും കൂടാതെ ദേവസ്വം ജീവനക്കാരൻ കൈയേറ്റം ചെയ്യുന്നത്. പല ഭക്തരെയും കഴുത്തിന് പിടിച്ച് ഇയാൾ മാറ്റുന്നതും വീഡിയോയിൽ കാണാം.
തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ വാച്ചർ തസ്തികയിൽ ജോലി ചെയ്യുന്ന അരുൺ എന്ന ദേവസ്വം ബോർഡ് ജീവനക്കാരനാണ് ഭക്തരോട് മോശമായി പെരുമാറിയത്. ശബരിമലയിൽ സ്പെഷൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇയാൾ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഇടത് യൂണിയൻ നേതാവാണ്. തിരുവനന്തപുരത്തെ സിപിഎം കുടുംബാഗം. മന്ത്രി വി ശിവൻകുട്ടിയുടെ അടുത്ത അനുയായിയായ പെരുന്താന്നി രാജുവാണ് അരുണിന്റെ സഹോദരൻ.
തിരുവനന്തപുരം കോർപ്പറേഷനിലേക്ക് കഴിഞ്ഞ തവണ പെരുന്താന്നി രാജു മത്സരിച്ചിരുന്നു. മുമ്പ് ശിവൻകുട്ടി കൗൺസിലറായ മണ്ഡലമാണ് പെരുന്താന്നി. ഇവിടെ പെരുന്താന്നി രാജു മത്സരിച്ചെങ്കിലും കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് പോയി. മുമ്പ് ആയിരത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎം ജയിച്ചിരുന്ന വാർഡാണ് പെരുന്താന്നി. ഇവിടെ ഏറെ സ്വാധീനമുള്ള സിപിഎം നേതാവാണ് രാജു. അങ്ങനൊരു സിപിഎം നേതാവിന്റെ സഹോദരനെതിരെയാണ് ആക്ഷേപം.
സോപാനത്ത് വലിയ തിരക്കാണ് മകര വിളക്കിന് ശേഷം അനുഭവപ്പെടാറുള്ളത്. അതിനിടെ ഇതരസംസ്ഥാനക്കാരായ ഭക്തരുൾപ്പടെ ഇയാളുടെ കൈക്കരുത്തിന് ഇരയാകുന്നുണ്ട്. മകരവിളക്കിന് ശേഷം സോപാനത്തെ ദൃശ്യങ്ങൾ ചില ചാനലുകൾ തൽസമയം നൽകിയിരുന്നു. ഈ വീഡിയോ മൊബൈലിൽ എടുത്താണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. യൂണിയൻ നേതാവായ അരുൺ മുമ്പ് ദേവസ്വം ബോർഡ് അംഗത്തിന്റെ പേഴ്സണൽ സ്റ്റാഫിലും പ്രവർത്തിച്ചിട്ടുണ്ട്.
ഇടതുപക്ഷ യൂണിയനായ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡരേഷൻ സംസ്ഥാന സെക്രട്ടറിയാണ് അരുൺ. മുഖ്യമന്ത്രി പിണറായി വിജയനം മറ്റ് സിപിഎം നേതാക്കൾക്കുമൊപ്പം ഇയാൾ നിൽക്കുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മകരവിളക്ക് ദിനത്തിൽ പമ്പയിലെയും ശബരിമലയിലെയും സന്നിധാനത്തെയും സർക്കാർ- ദേവസ്വം ക്രമീകരണങ്ങൾ പാളിയതായി ആക്ഷേപമുണ്ട്. തിരക്ക് അനിയന്ത്രിതമായതോടെ ഭക്തരെ എരുമേലിയിൽ മണിക്കൂറുകളോളം തടഞ്ഞത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
മുതിർന്ന പൗരന്മാരും കുട്ടികളും ഉൾപ്പെടുന്ന ഭക്തർ അഞ്ച് മണിക്കൂറിലേറെ ക്യൂ നിന്നാണ് കഴിഞ്ഞ ദിവസം സന്നിധാനത്തെത്തിയത്. ഇവരെയാണ് ഇടതുപക്ഷ നേതാവ് നിർദ്ദയം ശ്രീകോവിലിന് മുന്നിൽ നിന്നും തള്ളി മാറ്റിയത്.
മറുനാടന് മലയാളി ബ്യൂറോ