- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ശബരിമലയില്‍ പൊന്നും പണവും കവര്‍ന്നവര്‍ ഓരോന്നായി പുറത്തേക്ക്; എസ്ഐടിയുടെ മെല്ലെപ്പോക്കില്‍ കോടതിക്ക് കടുത്ത അതൃപ്തി; കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് അന്വേഷണത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ജസ്റ്റിസ് ബദറുദ്ദീന്‍; ഹൈക്കോടതിയില്‍ എസ്ഐടിയുടെ വിശദീകരണം ഇങ്ങനെ
എസ്ഐടിയുടെ മെല്ലെപ്പോക്കില്‍ കോടതിക്ക് കടുത്ത അതൃപ്തി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ കാലതാമസം നേരിടുന്നതിനെ തുടര്‍ന്ന് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതില്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് അന്വേഷണത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ജസ്റ്റിസ് ബദറുദ്ദീന്‍ നിരീക്ഷിച്ചു. പ്രതികള്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിന്റെ ആനുകൂല്യത്തില്‍ (സ്വാഭാവിക ജാമ്യം) പുറത്തിറങ്ങുമ്പോള്‍ അന്വേഷണത്തില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടാകുന്നു. ഇത് തടയാനുള്ള ഇടപെടല്‍ എന്തുകൊണ്ട് എസ്‌ഐടിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്ന് കോടതി ആരാഞ്ഞു.
ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും പ്രതിയായ ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു നേരത്തെ സ്വാഭാവിക ജാമ്യം നേടി പുറത്തെത്തിയിരുന്നു. ഇരുകേസുകളിലെയും പ്രധാനപ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ദ്വാരപാലക കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ കട്ടിളപ്പാളി കേസില്‍ ഫെബ്രുവരി രണ്ടിന് 90 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യവും കോടതി ചൂണ്ടിക്കാട്ടി.
കേസിലെ മറ്റൊരു പ്രതിയായ സ്മാര്‍ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, തന്നെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ജസ്റ്റിസ് ബദറുദ്ദീന്റെ സിംഗിള്‍ ബെഞ്ച് ഈ ഹര്‍ജി പരിഗണിക്കവെയാണ് എസ്ഐടിയുടെ നിലപാടില്‍ വിമര്‍ശനമുയര്‍ത്തിയത്. പ്രതിയാകും മുന്‍പ് ആറ് തവണ താന്‍ മൊഴി നല്‍കിയിരുന്നെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചിരുന്നെന്നും അതിനാല്‍ അറസ്റ്റ് അനിവാര്യമല്ലെന്നുമായിരുന്നു ഭണ്ഡാരിയുടെ വാദം. എന്നാല്‍, കേസില്‍ അറസ്റ്റ് അനിവാര്യമാണെന്നും, എന്നാല്‍ അറസ്റ്റിലായ പ്രതികള്‍ക്ക് സുപ്രീം കോടതിയുടെ വിധിപ്രകാരമുള്ള സ്വാഭാവിക ജാമ്യം ഉള്‍പ്പെടെയുള്ള എല്ലാ അവകാശങ്ങളും ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
കുറ്റപത്രം തയ്യാറാക്കുന്നതിന് ഏറെ കടമ്പകളുണ്ടെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചത്. ദേവസ്വം ബോര്‍ഡ് ഓഫീസുകളില്‍ നിന്നടക്കം രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും, കുറ്റം തെളിയിക്കാന്‍ ആവശ്യമായ ശാസ്ത്രീയ തെളിവുകള്‍ ഇനിയും ലഭിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം വാദിച്ചു. പ്രതികള്‍ പുറത്തിറങ്ങിയാലും അവര്‍ക്ക് തക്കതായ ശിക്ഷ വാങ്ങി നല്‍കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും എസ്ഐടി കൂട്ടിച്ചേര്‍ത്തു.


