- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പമ്പയാറ്റിന്റെ തീരത്തൂടെ തൂണുകളിൽ നിലയുറുപ്പിക്കുന്ന ആകാശപാത; ചെങ്ങന്നൂരിൽ തീവണ്ടി ഇറങ്ങുന്നവർക്ക് 40 മിനിറ്റു കൊണ്ട് മല ചവിട്ടി തുടങ്ങാം; അങ്കമാലി-എരുമേലി റെയിൽപാത വേണ്ടെന്ന് വച്ചേക്കും; സ്ഥലമെടുക്കലിന്റെ വിവാദങ്ങൾ ഒഴിവാക്കാനുള്ള മെട്രോമാന്റെ ശുപാർശയിൽ നടപടികൾ ഉടൻ തുടങ്ങും; ശബരിമല വികസനത്തിലും ശ്രീധരന്റെ കൈയൊപ്പ് പതിയുമോ?
തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് സന്തോഷ വാർത്ത. നിർദിഷ്ട അങ്കമാലി- എരുമേലി ശബരിപാത പകരമായി ചെങ്ങന്നൂർ- പമ്പ ആകാശപാതയെന്ന പുതിയ പദ്ധതി പരിഗണിക്കുകയാണ് കേന്ദ്രസർക്കാർ. ഇക്കാര്യം ഔദ്യോഗികമായി തന്നെ ഇന്ത്യൻ റെയിൽവേ സമ്മതിച്ചു. അതിനിടെ ശബരിപാത വൈകിച്ച് കേരളത്തിന്റെ വികസനപദ്ധതി തകർക്കാനാണ് നീക്കമെന്ന ആരോപണവുമായി സംസ്ഥാന സർക്കാരും രംഗത്തു വന്നിട്ടുണ്ട്. 187 ലക്ഷം രൂപ ചെലവിൽ അന്തിമ ലൊക്കേഷൻ സർവേ (എഫ്എൽഎസ്) നടത്തും. അത് പൂർത്തിയായാൽ അന്തിമ ചെലവ് കണക്കാക്കി, ഡിപിആർ തയ്യാറാക്കും. ഇതെല്ലാം മെട്രോ മാൻ ഇ ശ്രീധരന്റെ നേതൃത്വത്തിലാകും നടക്കുകയെന്നും സൂചനയുണ്ട്.
1997-98ൽ എൽഡിഎഫ് സർക്കാർ സമർപ്പിച്ച ശബരിപാതയ്ക്ക് ആദ്യംമുതലേ എതിര് നിൽക്കുന്ന ഇ ശ്രീധരനാണ് ആകാശപാതയാണ് മെച്ചമെന്ന് റെയിൽവേയെ ധരിപ്പിച്ച്, പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. എസ്റ്റേറ്റ് ലോബി നേരത്തേ ശബരിപാതയ്ക്ക് എതിരായിരുന്നു. പമ്പാനദിയുടെ തീരത്തും വനാന്തരങ്ങളിലൂടെയുമാണ് ആകാശപാതയുടെ 75 കിലോമീറ്റർ റൂട്ട്. പതിമൂവായിരം കോടി രൂപയാണ് പ്രതീക്ഷിത ചെലവ്. പദ്ധതി യാഥാർത്ഥ്യമായാൽ പമ്പ വരെ ആകാശ പാതയിലൂടെ തീർത്ഥാടകർക്ക് എത്താനാകും. ശബരി റെയിൽ പാത എരുമേലിയിൽ അവസാനിക്കും. അതുകൊണ്ട് തന്നെ തീർത്ഥാടകർക്ക് കൂടുതൽ മെച്ചം ആകാശ പാതയാണ്. സ്ഥലം ഏറ്റെടുക്കലിലും വലിയ തടസ്സങ്ങളുണ്ടാകില്ല.
ശബരിപാത ഉപേക്ഷിക്കാൻ റെയിൽവേ തീരുമാനിച്ചപ്പോൾ കഴിഞ്ഞ എൽഡിഎഫ് സർക്കാർ പകുതി ചെലവ് വഹിക്കാമെന്ന് അറിയിച്ച് പദ്ധതിക്ക് ജീവൻ വയ്പിച്ചിരുന്നു. ഇതിന്റെ പുതുക്കിയ എസ്റ്റിമേറ്റ് കെ- റെയിൽ നൽകി. പെരിയാറിനു കുറുകെ പാലം അടക്കം അങ്കമാലി- - പെരുമ്പാവൂർ ഖേലയിൽ എട്ടു കിലോമീറ്റർ പാത പൂർത്തിയായി. 250 കോടി രൂപയും ചെലവിട്ടു. തൊടുപുഴയ്ക്ക് അടുത്ത് കാഞ്ഞൂർവരെ സ്ഥലമേറ്റെടുപ്പും പൂർത്തിയായി. ആ പദ്ധതിയാണ് ഉപേക്ഷിക്കുന്നത്. ആകാശപാതയുമായി മുന്നോട്ടു പോവുകയാണെന്ന് റെയിൽവേ എൻജിനിയറിങ് വിഭാഗം, അജയ് എസ് കുമാറിന് നൽകിയ വിവരാവകാശ രേഖയിൽ പറഞ്ഞു. ഈ പദ്ധതിയുമായി ഇ ശ്രീധരൻ സഹകരിക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ കൊച്ചി മെട്രോയ്ക്ക് ശേഷം മറ്റൊരു കേരളത്തിലെ പദ്ധതിയിലും ശ്രീധരന്റെ കൈയൊപ്പ് പതിയും.
ശബരിമല തീർത്ഥാടകർക്ക് ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് എത്താൻ വെറും 40 മിനിറ്റ് മാത്രം മതിയാകുന്ന തരത്തിൽ ചെങ്ങന്നൂർ പമ്പ റെയിൽ പാതയാണ് തയ്യാറാകുന്നത്. നിർദിഷ്ട പാതയ്ക്ക് ഇന്ത്യൻ റെയിൽവേ പച്ചക്കൊടി കാട്ടിക്കഴിഞ്ഞു. പൂർണമായും ആകാശപാതയായാണ് ചെങ്ങന്നൂർ പമ്പ റെയിൽ പാത വരുന്നത്. ചെങ്ങന്നൂർ മുതൽ പമ്പ വരെ 76 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. ചെങ്ങന്നൂർ പമ്പ റെയിൽ പാത യാഥാർത്ഥ്യമാകുന്നതോടെ ഈ ദൂരം 40-45 മിനിട്ട് കൊണ്ട് എത്താൻ കഴിയും.
തൂണുകൾ ഉപയോഗപ്പെടുത്തിയുള്ള വേഗ പാത യാഥാർത്ഥ്യമാക്കി മാറ്റുമെന്നും റെയിൽവേ ഈ പദ്ധതിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും മെട്രോമാൻ ഇ. ശ്രീധരൻ വിശദീകരിക്കുന്നു. ശബരിമലയുടെയും വനപ്രദേശങ്ങളുടെയും സംരക്ഷണം ഉറപ്പാക്കിക്കൊണ്ടാവും ചെങ്ങന്നൂർ പമ്പ റെയിൽ പാത നടപ്പാക്കുന്നത്. പ്രകൃതിക്ക് യാതൊരു കോട്ടവും വരാതെ തൂണുകൾ ഉപയോഗപ്പെടുത്തിയാണ് പാത യാഥാർത്ഥ്യമാക്കുന്നത്. തൂണുകൾ മതിയായ ഉയരത്തിൽ സ്ഥാപിക്കുന്നതിനാൽ റെയിൽ സംവിധാനം വനഭൂമിയെ തടസ്സപ്പെടുത്തുന്നില്ല.
ആദ്യം പദ്ധതി ശുപാർശ ചെയ്തിരുന്നത് മോണോ റെയിലായി ആയിരുന്നു. എന്നാൽ ഉൾക്കൊള്ളാൻ കഴിയുന്ന യാത്രക്കാരുടെ എണ്ണം കുറവാണെന്ന ആക്ഷേപം വന്നപ്പോൾ പകരം വേഗപാതയാണ് അനുയോജ്യമെന്ന് തീരുമാനിക്കുകയായിരുന്നു. ഏകദേശം ഏകദേശം 12000 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. അതായത് കിലോമീറ്ററിന് 118 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നുണ്ട്. സതേൺ റെയിൽവേയുടെ ഔദ്യോഗിക പ്രതിനിധി സംഘം ഇ. ശ്രീധരനുമായി നിർദിഷ്ട സർവേയുടെ രീതികളെക്കുറിച്ച് കൂടിയാലോചന നടത്തിയിരുന്നു.
സ്ഥലപരിമിതിയും ഭൂനിരപ്പിൽ റെയിൽ ശൃംഖല വികസിപ്പിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളുമാണ് ആകാശപാത തെരഞ്ഞെടുക്കാൻ കാരണം. പമ്പയുടെ തീരത്തുകൂടി പോകുന്ന ഈ എലിവേറ്റഡ് കോറിഡോർ തീർത്ഥാടകർക്ക് ഏറെ ഗുണകരമാകും. ഫണ്ടിങ് സംബന്ധിച്ചു വ്യക്തമായ ചിത്രം അന്തിമ ലൊക്കേഷൻ സർവേയ്ക്കു ശേഷമുണ്ടാകും.
മറുനാടന് മലയാളി ബ്യൂറോ