പത്തനംതിട്ട: ചെങ്ങന്നൂർ -പമ്പ ആകാശപാതയിൽ കേന്ദ്ര സർക്കാർ ഉടൻ തീരുമാനം എടുത്തേക്കും. ഈ പാതയുടെ നിർമ്മാണം കേന്ദ്രസർക്കാർ തന്നെ പൂർണമായും ഏറ്റെടുത്തേക്കും. ഡൽഹി-മീററ്റ് റീജനൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) മാതൃകയാകും ചെങ്ങന്നൂർ-പമ്പ എലിവേറ്റഡ് പാതയ്ക്കു സ്വീകരിക്കുക. ട്രെയിനുകൾ ഉൾപ്പെടെ ആർആർടിഎസിന്റെ ചെലവ് വച്ചു നോക്കിയാൽ ചെങ്ങന്നൂർ-പമ്പ പാതയ്ക്ക് ഏകദേശം 12,000 കോടി രൂപ വേണ്ടി വരും. അങ്കമാലി-എരുമേലി ശബരി പാതയും ആദ്യം പമ്പയിലേക്കാണു ശുപാർശ ചെയ്തിരുന്നത്.

വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ എതിർപ്പു മൂലം എരുമേലി വരെയാക്കി ചുരുക്കി. 2 പദ്ധതികളും പരിഗണിച്ച ശേഷമാകും അന്തിമ തീരുമാനം. 75 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 45 മിനിറ്റ് കൊണ്ടു തീർത്ഥാടകരെ ചെങ്ങന്നൂരിൽനിന്നു പമ്പയിലെത്തിക്കാൻ കഴിയും. ചെങ്ങന്നൂരിൽ നിന്നു ആറന്മുള, കോഴഞ്ചേരി, ചെറുകോൽപുഴ, റാന്നി, വടശേരിക്കര, അത്തിക്കയം, പെരുന്തേനരുവി, കണമല, അട്ടത്തോട് വഴിയാണു പാത പമ്പയിൽ എത്തുക. ആറന്മുളയിൽ മാത്രമാണു സ്റ്റോപ്പ്. ശബരിപാത എരുമേലി വരെയുള്ളൂവെന്ന കാരണം പറഞ്ഞാണു പമ്പയിൽ എത്തുന്ന പദ്ധതിക്കു മുൻഗണന നൽകുന്നതെന്നാണു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വിശദീകരിക്കുന്നത്.

ചെങ്ങന്നൂർ പമ്പ ആകാശപാത എന്ന പദ്ധതിയിൽ റെയിൽവേ സ്വന്തം ചെലവിൽ പാത നിർമ്മിക്കാനാണ് സാധ്യത. ഇതിന് മെട്രോമാൻ ഇ ശ്രീധരൻ മേൽനോട്ടം വഹിക്കും. വിശദമായ റിപ്പോർട്ട് റെയിൽവേയ്ക്ക് ശ്രീധരൻ നൽകിയിട്ടുണ്ട്. ചെങ്ങന്നൂർ കൊല്ലക്കടവ് സ്വദേശി എം.കെ.വർഗീസ് കോറെപ്പിസ്‌കോപ്പയുടെ ആശയം ഇ.ശ്രീധരനാണു റെയിൽവേ മന്ത്രിക്കു നേരത്തെ കൈമാറിയത്. സ്റ്റാൻഡേഡ് ഗേജാണ് പാതയ്ക്ക് അനുയോജ്യം. സ്ഥലം ഏറ്റെടുക്കൽ പൂർണ്ണമായും ഒഴിവാക്കുന്ന സംവിധാനമാകും ചെങ്ങന്നൂർ-പമ്പ ആകാശപാത. ആർ ആർ ടി സി സംവിധാനമാകും ഇതിന് അനുയോജ്യമെന്ന ശ്രീധരന്റെ വിലയിരുത്തലും പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

8 കോച്ചുകളുള്ള സെമി ഹൈസ്പീഡ് ട്രെയിനുകളാണു ആർആർടിഎസിൽ ഉപയോഗിക്കുന്നത്. റെയിൽ പാതകൾക്കു വനം, പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതി വേണ്ടെന്ന പുതിയ ഉത്തരവുണ്ട്. തൂണുകളിൽ ഇരട്ടപ്പാതയാകും നിർമ്മിക്കുക. പാതയുടെ അന്തിമ ലൊക്കേഷൻ സർവേ പുരോഗമിക്കുന്നതിനിടയിലാണു പാത യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാരുമായി ഉടൻ ചർച്ച നടത്തുമെന്നു റെയിൽവേ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. പമ്പയുടെ തീരത്തു കൂടി ആകാശ പാത നിർമ്മിച്ചു ചെങ്ങന്നൂരിൽനിന്നു ശബരിമല തീർത്ഥാടകരെ പമ്പയിലെത്തിക്കുന്ന പദ്ധതിയുടെ അന്തിമ ലൊക്കേഷൻ സർവേക്കായി മാർച്ചിൽ റെയിൽവേ 1.88 കോടി രൂപയുടെ കരാർ നൽകിയിരുന്നു. നവംബറിൽ റിപ്പോർട്ട് കൈമാറും.

1997-98ൽ എൽഡിഎഫ് സർക്കാർ സമർപ്പിച്ച ശബരിപാതയ്ക്ക് ആദ്യംമുതലേ എതിര് നിൽക്കുന്ന ഇ ശ്രീധരനാണ് ആകാശപാതയാണ് മെച്ചമെന്ന് റെയിൽവേയെ ധരിപ്പിച്ച്, പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. എസ്റ്റേറ്റ് ലോബി നേരത്തേ ശബരിപാതയ്ക്ക് എതിരായിരുന്നു. പമ്പാനദിയുടെ തീരത്തും വനാന്തരങ്ങളിലൂടെയുമാണ് ആകാശപാതയുടെ 75 കിലോമീറ്റർ റൂട്ട്. പദ്ധതി യാഥാർത്ഥ്യമായാൽ പമ്പ വരെ ആകാശ പാതയിലൂടെ തീർത്ഥാടകർക്ക് എത്താനാകും. ശബരി റെയിൽ പാത എരുമേലിയിൽ അവസാനിക്കും. അതുകൊണ്ട് തന്നെ തീർത്ഥാടകർക്ക് കൂടുതൽ മെച്ചം ആകാശ പാതയാണ്. സ്ഥലം ഏറ്റെടുക്കലിലും വലിയ തടസ്സങ്ങളുണ്ടാകില്ല.

ശബരിപാത ഉപേക്ഷിക്കാൻ റെയിൽവേ തീരുമാനിച്ചപ്പോൾ കഴിഞ്ഞ എൽഡിഎഫ് സർക്കാർ പകുതി ചെലവ് വഹിക്കാമെന്ന് അറിയിച്ച് പദ്ധതിക്ക് ജീവൻ വയ്പിച്ചിരുന്നു. ഇതിന്റെ പുതുക്കിയ എസ്റ്റിമേറ്റ് കെ- റെയിൽ നൽകി. പെരിയാറിനു കുറുകെ പാലം അടക്കം അങ്കമാലി- പെരുമ്പാവൂർ ഖേലയിൽ എട്ടു കിലോമീറ്റർ പാത പൂർത്തിയായി. 250 കോടി രൂപയും ചെലവിട്ടു. തൊടുപുഴയ്ക്ക് അടുത്ത് കാഞ്ഞൂർവരെ സ്ഥലമേറ്റെടുപ്പും പൂർത്തിയായി. ആ പദ്ധതിയാണ് ഇതോടെ ആശങ്കയിലാകുന്നത്.

ആകാശപാതയുമായി മുന്നോട്ടു പോവുകയാണെന്ന് റെയിൽവേ എൻജിനിയറിങ് വിഭാഗം. ശബരിമല തീർത്ഥാടകർക്ക് ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് എത്താൻ വെറും 45 മിനിറ്റ് മാത്രം മതിയാകുന്ന തരത്തിൽ ചെങ്ങന്നൂർ പമ്പ റെയിൽ പാതയാണ് തയ്യാറാകുന്നത്. തൂണുകൾ ഉപയോഗപ്പെടുത്തിയുള്ള വേഗ പാത യാഥാർത്ഥ്യമാക്കി മാറ്റുമെന്നും റെയിൽവേ ഈ പദ്ധതിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും മെട്രോമാൻ ഇ. ശ്രീധരൻ വിശദീകരിക്കുന്നു. ശബരിമലയുടെയും വനപ്രദേശങ്ങളുടെയും സംരക്ഷണം ഉറപ്പാക്കിക്കൊണ്ടാവും ചെങ്ങന്നൂർ പമ്പ റെയിൽ പാത നടപ്പാക്കുന്നത്. പ്രകൃതിക്ക് യാതൊരു കോട്ടവും വരാതെ തൂണുകൾ ഉപയോഗപ്പെടുത്തിയാണ് പാത യാഥാർത്ഥ്യമാക്കുന്നത്. തൂണുകൾ മതിയായ ഉയരത്തിൽ സ്ഥാപിക്കുന്നതിനാൽ റെയിൽ സംവിധാനം വനഭൂമിയെ തടസ്സപ്പെടുത്തുന്നില്ല.

ആദ്യം പദ്ധതി ശുപാർശ ചെയ്തിരുന്നത് മോണോ റെയിലായി ആയിരുന്നു. എന്നാൽ ഉൾക്കൊള്ളാൻ കഴിയുന്ന യാത്രക്കാരുടെ എണ്ണം കുറവാണെന്ന ആക്ഷേപം വന്നപ്പോൾ പകരം വേഗപാതയാണ് അനുയോജ്യമെന്ന് തീരുമാനിക്കുകയായിരുന്നു. അതായത് കിലോമീറ്ററിന് 118 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നുണ്ട്. സ്ഥലപരിമിതിയും ഭൂനിരപ്പിൽ റെയിൽ ശൃംഖല വികസിപ്പിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളുമാണ് ആകാശപാത തെരഞ്ഞെടുക്കാൻ കാരണം. പമ്പയുടെ തീരത്തുകൂടി പോകുന്ന ഈ എലിവേറ്റഡ് കോറിഡോർ തീർത്ഥാടകർക്ക് ഏറെ ഗുണകരമാകും. ഫണ്ടിങ് സംബന്ധിച്ചു വ്യക്തമായ ചിത്രം അന്തിമ ലൊക്കേഷൻ സർവേയ്ക്കു ശേഷമുണ്ടാകും.