കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ക്ക് നോട്ടീസ് അയക്കാന്‍ ഇ.ഡിക്ക് നിയമോപദേശം ലഭിച്ചു. കടകംപള്ളിയുടെ സാമ്പത്തിക ഇടപാടുകള്‍ അടക്കം ഇ.ഡി സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്.

നിലവില്‍ സാക്ഷികള്‍ക്കുള്ള സമന്‍സായിരിക്കും മുന്‍ മന്ത്രിക്ക് നല്‍കുക എന്നാണ് സൂചന. എന്നാല്‍ കേസിലെ മറ്റു പ്രതികളുടെയും സംശയനിഴലിലുള്ളവരുടെയും വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുകയാണ് ഏജന്‍സി. കടകംപള്ളിയുടെ മൊഴി വിശകലനം ചെയ്ത് തുടരന്വേഷണമാണ് ഇഡി ആലോചിക്കുന്നത്. കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യതകള്‍ ഇ.ഡി നിരീക്ഷിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയാല്‍ അടുത്ത ആഴ്ചയോടെ ഇവര്‍ ജാമ്യത്തിലിറങ്ങാന്‍ സാധ്യതയുണ്ട്.

പ്രതികള്‍ പുറത്തിറങ്ങിയാലുടന്‍ ഇവര്‍ക്ക് സമന്‍സ് നല്‍കാനാണ് ഇ.ഡിയുടെ നീക്കം. ഫെബ്രുവരി ആദ്യവാരത്തോടെ ചോദ്യം ചെയ്യല്‍ നടപടികള്‍ ആരംഭിക്കും. കേസില്‍ നേരത്തെ അറസ്റ്റിലായ മുരാരി ബാബു നിലവില്‍ ജാമ്യത്തിലിറങ്ങിയ സാഹചര്യത്തില്‍ ഇദ്ദേഹത്തിന് ഇതിനോടകം സമന്‍സ് അയച്ചിട്ടുണ്ട്. ഫെബ്രുവരി ആദ്യവാരം ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കടകംപള്ളിയുടെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകളും ആസ്തി വിവരങ്ങളും ഇ.ഡി ശേഖരിച്ചു കഴിഞ്ഞു.

ശബരിമലയിലെ സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ ലഭിച്ച പണം എങ്ങോട്ടൊക്കെ ഒഴുകി എന്നതാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകേണ്ട കൃത്യമായ തീയതിയും സമയവും ഇ.ഡി കേന്ദ്രങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകും. അന്വേഷണം വിപുലീകരിക്കുന്നതോടെ ദേവസ്വം ബോര്‍ഡിലെ കൂടുതല്‍ ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നീണ്ടേക്കും.

ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. ദേവസ്വം മന്ത്രിയായിരുന്ന കാലയളവിലെ സുപ്രധാന തീരുമാനങ്ങളും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള സാമ്പത്തിക ഇടപാടുകളുമാണ് ഇ.ഡിയുടെ പ്രധാന നിരീക്ഷണത്തിലുള്ളത്. കേസിലെ പ്രതികളായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും മുരാരി ബാബുവും തമ്മിലുള്ള ബന്ധത്തില്‍ ഇടനിലക്കാര്‍ ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്.

സ്വര്‍ണ്ണ ഉരുപ്പടികളുടെ തൂക്കത്തില്‍ വന്ന കുറവും ശുദ്ധീകരിക്കുന്നതിനായി കൊണ്ടുപോയ സ്വര്‍ണ്ണത്തിന്റെ കണക്കുകളിലെ പൊരുത്തക്കേടും നേരത്തെ തന്നെ വിവാദമായിരുന്നു. ഇതിന് പിന്നില്‍ വലിയൊരു കള്ളപ്പണ ശൃംഖല പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ഇ.ഡിയുടെ നിഗമനം. പ്രതികളുടെ സ്വത്തുക്കളും ബാങ്ക് നിക്ഷേപങ്ങളും കണ്ടുകെട്ടുന്നതടക്കമുള്ള കര്‍ശന നടപടികളിലേക്ക് അന്വേഷണ സംഘം കടന്നേക്കും.