ശബരിമല: ശബരിമല മാളികപ്പുറം നടക്ക സമീപത്തെ വെടിപ്പുരയിൽ വെടിമരുന്നിന് തീപിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മാളികപ്പുറത്തെ വെടിവഴിപാട് നിർത്തിവയ്ക്കുവാൻ നിർദ്ദേശം നൽകി.

സ്ഥലത്ത് രാത്രി വൈകിയും പൊലീസും ഫൊറൻസിക് സംഘവും പരിശോധന തുടരുകയാണ്. വെടിപ്പുരയിൽ സൂക്ഷിച്ച 396 കതിനകളും ആറ് കിലോ വെടിമരുന്നും പൊലീസ് പിടിച്ചെടുത്തു. വെടിമരുന്ന് അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെടിമരുന്ന് സുരക്ഷിതമായാണോ സൂക്ഷിച്ചിരുന്നത് എന്ന കാര്യം വീണ്ടും പരിശോധിക്കും.

സന്നിധാനത്തെയും പരിസരത്തെയും മറ്റ് വെടിവഴിപാട് കേന്ദ്രങ്ങളിലും ഇന്ന് വീണ്ടും പരിശോധന നടത്തും. പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കാനായില്ലെങ്കിൽ ശബരിമലയിലെ വെടിവഴിപാട് താൽക്കാലികമായി നിർത്തിവെപ്പിക്കാൻ ആണ് റവന്യൂ- പൊലീസ് അധികൃതരുടെ തീരുമാനം.

അതേസമയം മാളികപ്പുറം നടക്ക് സമീപത്തെ വെടിക്കെട്ട് പുരയിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ജയകുമാറിന്റെ നില ഗുരുതരം. അപകടത്തെ തുടർന്ന് 60 ശതമാനത്തോളം പൊള്ളലേറ്റ ചെങ്ങന്നൂർ ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശ്ശേരി വടക്കേതിൽ എ.ആർ ജയകുമാർ (47) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ജയകുമാറിന്റെ ആന്തരിക അവയവങ്ങൾക്കും ക്ഷതമേറ്റിട്ടുണ്ട്. തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്ന ജയകുമാറിന് വരുന്ന 48 മണിക്കൂർ നിർണായകമാണ്.20ശതമാനം വീതം പൊള്ളലേറ്റ അമലും രജീഷും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. അമലിന്റെ മുഖത്തും രജീഷിന്റെ കൈകാലുകൾക്കുമാണ് പൊള്ളലേറ്റത്.