- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയ് മല്യയുടെ യുബി ഗ്രൂപ്പ് ദ്വാരപാലക ശില്‍പ്പം പൊതിഞ്ഞത് ഇളക്കിമാറ്റാവുന്ന സ്വര്‍ണ തകിടില്‍; ഒരു തവണ ശില്‍പ്പങ്ങള്‍ക്ക് മുകളില്‍ ചോര്‍ച്ച വന്നപ്പോള്‍ ഇളക്കി പണികള്‍ നടത്തിയിരുന്നു; കൊടിമരത്തിലാണ് സ്വര്‍ണം പൂശിയത്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകന്‍ വേണു മാധവന്‍
വിജയ് മല്യയുടെ യുബി ഗ്രൂപ്പ് ദ്വാരപാലക ശില്‍പ്പം പൊതിഞ്ഞത് ഇളക്കിമാറ്റാവുന്ന സ്വര്‍ണ തകിടില്‍
പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങള്‍ വിജയ് മല്യയുടെ യുബി ഗ്രൂപ്പ് പൊതിഞ്ഞത് സ്വര്‍ണ തകിട് ഉപയോഗിച്ചാണെന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകന്‍ വേണു മാധവന്‍. 1999ല്‍ ശില്പങ്ങളില്‍ സ്വര്‍ണം പൊതിയുമ്പോള്‍ സന്നിധാനത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരനാണ് വെളിപ്പെടുത്തല്‍ നടത്തിയ വേണു മാധവന്‍. മല്യ പൂശിയ സ്വര്‍ണം എവിടെ പോയി എന്ന ചോദ്യം വിവിധ കോണുകളില്‍ നിന്നും ശക്തമായി ഉയരവേയാണ് ഈ വെളിപ്പെടുത്തല്‍.
ശില്പത്തില്‍ യുബി ഗ്രൂപ്പ് സ്വര്‍ണം പൂശിയതെന്ന വാദം തെറ്റാണെന്നും വേണു മാധവന്‍ പറഞ്ഞു. അന്ന് ദ്വാരപാലക ശില്‍പ്പം സ്വര്‍ണം പൂശിയതല്ല. ഇളക്കിയെടുക്കാന്‍ കഴിയുന്ന രീതിയില്‍ സ്വര്‍ണതകിടാണ് പൊതിഞ്ഞത്. ഒരു തവണ ശില്പങ്ങള്‍ക്ക് മുകളില്‍ ചോര്‍ച്ച വന്നപ്പോള്‍ ഇളക്കി പണികള്‍ നടത്തിയിരുന്നുവെന്നും കൊടിമരത്തിലാണ് സ്വര്‍ണം പൂശിയതെന്നും വേണു മാധവന്‍ വെളിപ്പെടുത്തി.
അതേസമയം, ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി. തന്റെ കൈവശം ലഭിച്ചത് ചെമ്പ് തകിടെന്നും ദേവസ്വം വിജിലന്‍സിന്റെ ചോദ്യം ചെയ്യലിലും ഉണ്ണികൃഷ്ണന്‍ പോറ്റി ആവര്‍ത്തിച്ചു. ചില കാര്യങ്ങളില്‍ പോറ്റി അവ്യക്തമായ മൊഴി നല്‍കിയതിനാല്‍ ദേവസ്വം വിജിലന്‍സ് വീണ്ടും മൊഴിയെടുക്കും. ഇന്നലെ മണിക്കൂറുകളോളമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തത്. ഇതിലെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. പണം സമ്പാദനം നടത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ രേഖാമൂലമാണ് ചെമ്പ് തകിട് നല്‍കിയതെന്നും ഉദ്യോഗസ്ഥ വീഴ്ചയില്‍ തനിക്ക് പങ്കില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കി. തന്റെയും മറ്റു സ്‌പോണ്‍സര്‍മാരുടെയും പണം കൊണ്ടാണ് പാളികള്‍ സ്വര്‍ണം പൂശിയതെന്നും പോറ്റി മൊഴി നല്‍കി.
പീഠം കാണാതായ സംഭവത്തില്‍ സഹപ്രവര്‍ത്തകനെ പഴിചാരിയാണ് പോറ്റി മൊഴി നല്‍കിയത്. സുഹൃത്തായ വാസുദേവന് കൈമാറിയ പീഠം കാണാതാവുകയായിരുന്നുവെന്നും പരാതി ഉന്നയിച്ചശേഷം തിരിച്ചുകൊണ്ടുവെക്കുകയായിരുന്നുവെന്നുമാണ് മൊഴി. സ്വര്‍ണം പൂശാന്‍ തന്ന പീഠം യോജിക്കാതെ വന്നപ്പോള്‍ വാസുദേവന് കൈമാറുകയായിരുന്നു. ഇത് പിന്നീട് സന്നിധാനത്തേക്ക് കൈമാറി എന്നാണ് വാസുദേവന്‍ തന്നോട് പറഞ്ഞത്. വിവാദമായ ശേഷമാണ് തനിക്ക് പീഠം കൈമാറിയത്.
കൃത്യമായ നടപടിക്രമങ്ങളിലൂടെയാണ് പാളികള്‍ കൈപ്പറ്റിയതെന്നും പോറ്റി ദേവസ്വം വിജിലന്‍സിനോട് പറഞ്ഞു. പണപ്പിരിവ് സംബന്ധിച്ച ആരോപണങ്ങളിലും പോറ്റി കൂടുതല്‍ വിശദീകരണം നല്‍കി. നടത്തിയത് പ്രാര്‍ത്ഥനകളും പൂജകളും മാത്രമാണെന്നും പാളികള്‍ ഉപയോഗിച്ചുകൊണ്ട് പണപ്പിരിവ് നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൂജകള്‍ പോലും നടത്തിയത് സ്വന്തം ചിലവിലായിരുന്നെന്നും അദ്ദേഹം നല്‍കിയ മൊഴിയിലുണ്ട്.
പാളികള്‍ കൈമാറിയപ്പോള്‍ എന്ന് ചെന്നൈയില്‍ എത്തിക്കണമെന്ന് പറഞ്ഞിട്ടില്ല. തിരികെ ഏല്‍പ്പിക്കണമെന്ന് പറഞ്ഞ സമയത്തിനുള്ളില്‍ നല്‍കി.സെപ്റ്റംബര്‍ 19 ന് തിരികെ ഏല്‍പ്പിക്കണമെന്ന് പറഞ്ഞെങ്കിലും 8 ദിവസം മുന്‍പായി സെപ്റ്റംബര്‍ 11 ന് പാളികള്‍ തിരിച്ചുനല്‍കി. ചെമ്പ് പാളികള്‍ക്ക് കൊടുക്കേണ്ട പ്രാധാന്യം മാത്രമേ താന്‍ കൊടുത്തിട്ടുള്ളൂവെന്നും പോറ്റി വിജിലന്‍സിനോട് പറഞ്ഞു. സ്വര്‍ണപ്പാളി കൈമാറിയതും സ്ഥാപിച്ചതും സംബന്ധിച്ച രേഖകള്‍ ദേവസ്വം വിജിലന്‍സിന് പോറ്റി കൈമാറി.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ദേവസ്വം വിജിലന്‍സ്. പോറ്റിയുടെ സഹായികളായ വാസുദേവന്‍, അനന്ത സുബ്രമണ്യം, രമേശ് എന്നിവരെയാണ് ചോദ്യം ചെയ്യുക. ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്യും. മൊഴിയിലെ പൊരുത്തക്കേടുകള്‍ പരിശോധിച്ച ശേഷം അദ്ദേഹത്തെ വീണ്ടും വിളിപ്പിക്കാനാണ് തീരുമാനം.
അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് വഴിവിട്ട സഹായമാണ് ദേവസ്വം ഉദ്യോഗസ്ഥരില്‍നിന്നും ലഭിച്ചതെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ഇതോടെ അന്വേഷണം തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്ഥരിലേക്കും വ്യാപിപ്പിക്കുകയാണ് ദേവസ്വം വിജിലന്‍സ്. ദേവസ്വം ഉദ്യോഗസ്ഥരുടെ മൊഴിയും വിജിലന്‍സ് രേഖപ്പെടുത്തും. പാളികള്‍ കൈമാറിയ ഉദ്യോഗസ്ഥരുടെ മൊഴിയാണ് എടുക്കുക. അന്വേഷണം രഹ്യമാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. അന്വേഷണ രഹസ്യങ്ങള്‍ ചോരരുതെന്ന് എസ്പിക്ക് കോടതി നിര്‍ദേശം നല്‍കി.