കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളായവരുടെയും ആരോപണവിധേയരുടെയും മൊഴികള്‍ രേഖപ്പെടുത്താനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) നിലപാട് കടുപ്പിക്കുന്നു. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനടക്കം 12 പേര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ നിയമോപദേശം ലഭിച്ചതിനു പിന്നാലെയാണ് നീക്കം. കേസില്‍ വിശദമായ ചോദ്യം ചെയ്യലിനാണ് ഇഡി ഒരുങ്ങുന്നത്. എന്നാല്‍ കടകംപള്ളിയെ രണ്ടാഴ്ച കഴിഞ്ഞേ ചോദ്യം ചെയ്യൂ.

ഉണ്ണികൃഷ്ണന്‍ പോറ്റി, കര്‍ണാടത്തിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരെയാകും ആദ്യഘട്ടത്തില്‍ ചോദ്യംചെയ്യുക. സാക്ഷികള്‍ക്കു നല്‍കുന്ന സമന്‍സാകും കടകംപള്ളി സുരേന്ദ്രനു നല്‍കുക. പ്രതികളുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കടകംപള്ളി സുരേന്ദ്രനെയും വിളിച്ചുവരുത്തും. എന്നാല്‍, ചോദ്യം ചെയ്യാനുള്ളവരുടെ പട്ടികയില്‍ തന്ത്രി കണ്ഠര് രാജീവരെ ഉള്‍പ്പെടുത്തില്ല. കണ്ഠര് രാജീവരിനെതിരെ പ്രത്യേക അന്വേഷണ സംഘം ചുമത്തിയത് വിശ്വാസ പരമായ കുറ്റങ്ങളാണ്. ഈ സാഹചര്യത്തിലാണ് ഇത്. ദൈവഹിതമില്ലാതെ കട്ടളപാളിയും ദ്വാരപാലക ശില്‍പ്പവും കൊണ്ടു പോകാന്‍ അനുമതി നല്‍കിയെന്നതാണ് കുറ്റം.

അതിനിടെ, കേസുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ ഇഡി നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത രേഖകളില്‍ വ്യക്തത തേടി പ്രതികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇഡി നോട്ടീസ് അയച്ചു. ഈ നോട്ടീസുകള്‍ക്ക് മറുപടി കിട്ടിയ ശേഷമാകും തുടര്‍ നടപടികള്‍. ശബരിമല സന്നിധാനത്തെ ശ്രീകോവില്‍ കട്ടിളപ്പാളിയിലും ദ്വാരപാലക ശില്പങ്ങളിലും പതിപ്പിച്ചിരുന്ന സ്വര്‍ണ്ണത്തില്‍ തിരിമറി നടത്തിയെന്നാണ് കേസ്. ഏകദേശം 4.54 കിലോ സ്വര്‍ണ്ണത്തിന്റെ കുറവുണ്ടായതായിട്ടാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം (ടകഠ) കണ്ടെത്തിയിരിക്കുന്നത്. റെയ്ഡുകള്‍: കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലായി 21 കേന്ദ്രങ്ങളില്‍ ഇഡി അടുത്തിടെ റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ പിടിച്ചെടുത്ത രേഖകളില്‍ വ്യക്തത വരുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, കെ.പി ശങ്കരദാസ് എന്നിവര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ ആറാം പ്രതിയായ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറിന് കഴിഞ്ഞ ദിവസം കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കടകംപള്ളി സുരേന്ദ്രന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോയെന്നും, സ്വര്‍ണ്ണം കടത്തിയതിലൂടെ ലഭിച്ച കള്ളപ്പണം എവിടെയൊക്കെ എത്തിയെന്നുമാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. ചെന്നൈ ആസ്ഥാനമായ 'സ്മാര്‍ട്ട് ക്രിയേഷന്‍സ്' എന്ന സ്ഥാപനമാണ് സ്വര്‍ണ്ണം പൊതിയുന്ന കരാര്‍ ഏറ്റെടുത്തിരുന്നത്. ഇതില്‍ വലിയ തോതിലുള്ള സ്വര്‍ണ്ണത്തിന്റെ കുറവുണ്ടായെന്നും സാമ്പത്തിക തിരിമറി നടന്നെന്നുമാണ് ആരോപണം.

ശ്രീകോവില്‍ സ്വര്‍ണ്ണം പൊതിയുന്നതുമായി ബന്ധപ്പെട്ട കരാറില്‍ നിന്ന് ലഭിച്ച പണം രാഷ്ട്രീയ ഉന്നതരിലേക്കും ദേവസ്വം ഉദ്യോഗസ്ഥരിലേക്കും എത്തിയെന്നാണ് പ്രധാന സംശയം. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്. ദേവസ്വം വിജിലന്‍സും ക്രൈംബ്രാഞ്ചും നേരത്തെ ഈ കേസ് അന്വേഷിച്ചിരുന്നെങ്കിലും സ്വര്‍ണ്ണത്തിന്റെ അളവില്‍ വന്ന കുറവ് സംബന്ധിച്ച് കൃത്യമായ കണ്ടെത്തലുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ കേന്ദ്ര ഏജന്‍സിയായ ഇഡി കേസ് ഏറ്റെടുത്തതോടെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നിഴലിലായിരിക്കുകയാണ്.