തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ രൂക്ഷമായ മറുപടിയുമായി മുന്‍ മന്ത്രിയും എം.എല്‍.എയുമായ കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. താന്‍ ആരുടെയും സാമ്പത്തിക വിഷയങ്ങളില്‍ ഇടപെട്ടിട്ടില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി ഉന്നയിക്കുന്നത് തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും കടകംപള്ളി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വ്യാജ പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. കഴക്കൂട്ടം മണ്ഡലത്തില്‍ വീണ്ടും ജനവിധി തേടുന്നത് മുന്നില്‍ക്കണ്ട് തന്നെ രാഷ്ട്രീയമായി അപമാനിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിതെന്നും കടകംപള്ളി ആരോപിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തെ എതിരാളിയായി കരുതപ്പെടുന്ന ബി.ജെ.പി നേതാവ് വി. മുരളീധരനെ ലക്ഷ്യം വെച്ചാണ് കടകംപള്ളിയുടെ ഈ പ്രതിരോധമെന്ന് വ്യക്തമാണ്.

രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ പേര് അദ്ദേഹം നേരിട്ട് പറഞ്ഞില്ലെങ്കിലും, തിരഞ്ഞെടുപ്പ് രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം അടിവരയിട്ടു. അന്യസംസ്ഥാന സ്‌പോണ്‍സര്‍മാരെ ദേവസ്വം ബോര്‍ഡിന് പരിചയപ്പെടുത്തിയത് കടകംപള്ളിയാണെന്നും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നുമാണ് പോറ്റി എസ്.ഐ.ടിക്ക് നല്‍കിയ മൊഴി. തനിക്കെതിരെ കഴക്കൂട്ടം സ്വദേശിനി നല്‍കിയ ഭൂമി തട്ടിപ്പ് പരാതിക്ക് പിന്നിലും കടകംപള്ളിയാണെന്ന് പോറ്റി ആരോപിക്കുന്നു. എന്നാല്‍, തന്നെ കള്ളക്കേസില്‍ കുടുക്കാനാണ് പോറ്റി ശ്രമിക്കുന്നതെന്നും അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഇതിന്റെ സത്യാവസ്ഥ തെളിയുമെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പരാതിയും കടകംപള്ളിയുടെ രാഷ്ട്രീയ ആരോപണങ്ങളും ചേരുന്നതോടെ ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസ് പുതിയ രാഷ്ട്രീയ പോര്‍മുഖമായി മാറിയിരിക്കുകയാണ്. പ്രതിഭയെന്ന സ്ത്രീയെ അറിയില്ലെന്നാണ് കടകംപള്ളി പറയുന്നത്.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നിര്‍ണായക മൊഴി നല്‍കി മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി ) മുന്നിലാണ് മൊഴി നല്‍കിയത്. അന്യസംസ്ഥാന സ്പോണസര്‍മാരെ ബോര്‍ഡിന് പരിചയപ്പെടുത്തിയത് കടകംപള്ളിയാണെന്നാണ് പോറ്റിയുടെ മൊഴി.രമേശ് റാവു, ഗോവര്‍ദ്ധന്‍ എന്നിവര്‍ക്ക് എല്ലാ സഹായവും ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയത് മുന്‍ മന്ത്രിയാണെന്നും പോറ്റി വ്യക്തമാക്കി. ഹൈക്കോടതിയില്‍ എസ്‌ഐടി നല്‍കിയ റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. സ്പോണ്‍സര്‍മാരുടെ മൊഴിയിലും മുന്‍ മന്ത്രിയെ പരിചപ്പെട്ട കാര്യം പറയുന്നുണ്ട്. തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ കടകംപള്ളി സുരേന്ദ്രന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി ഇന്നലെ ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു.

അടുത്തിടെ കഴക്കൂട്ടം സ്വദേശിയായ പ്രതിഭ എന്ന സ്ത്രീ ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ പരാതി നല്‍കിയതിന് പിന്നില്‍ കടകംപള്ളിയാണെന്നും പോറ്റി ആരോപിച്ചു. ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ താന്‍ പുറത്തിറങ്ങുന്നത് തടയാന്‍ കടകംപള്ളി ശ്രമിക്കുകയാണെന്നും വിഷയത്തില്‍ അന്വേഷണം വേണമെന്നും പോറ്റി ആവശ്യപ്പെടുന്നു. 2020ല്‍ 25 ലക്ഷം രൂപ പോറ്റിയില്‍നിന്നു പലിശയ്ക്കു വാങ്ങിയപ്പോള്‍ ഈടായി നല്‍കിയ പത്തു സെന്റ് സ്ഥലം പോറ്റി മറിച്ചുവിറ്റുവെന്നാണു പരാതി. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും പ്രതിഭയില്‍നിന്ന് സ്ഥലം നിയമപരമായി വാങ്ങിയതാണെന്നും പോറ്റി പരാതിയില്‍ പറയുന്നു.

പിന്നീട് സ്ഥലവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ മധ്യസ്ഥത വഹിച്ചിരുന്നു. പ്രതിഭയെ സാമ്പത്തികമായി സഹായിക്കണമെന്ന് ദേവസ്വം മന്ത്രി ആയിരുന്നപ്പോള്‍ കടകംപള്ളി ആവശ്യപ്പെട്ടു. എന്നാല്‍ അതിനു കഴിയില്ലെന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് ശബരിമല കേസില്‍ കടകംപള്ളിയെ എസ്ഐടി ചോദ്യം ചെയ്തതിനു പിന്നാലെയാണ് തനിക്കെതിരെ എസ്ഐടിക്കു മുന്നില്‍ പരാതി വരുന്നതെന്നു പോറ്റി പറഞ്ഞു. കടകംപള്ളിയുടെ ഗൂഢാലോചനയാണിതിനു പിന്നിലെന്നാണു കരുതുന്നത്. ശബരിമല കേസില്‍ രൂപീകരിച്ച എസ്ഐടിക്ക് ഭൂമി ഇടപാട് കേസ് അന്വേഷിക്കാന്‍ അധികാരമില്ലെന്നും പോറ്റി ചൂണ്ടിക്കാട്ടുന്നു.

ഇതുകൂടാതെ കടകംപള്ളിക്ക് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി നല്ല അടുപ്പമെന്ന് സൂചിപ്പിക്കുന്ന പരാമര്‍ശങ്ങളും പരാതിയിലുണ്ട്. 2017ലാണ് പ്രതിഭ എന്ന സ്ത്രീയുടെ പത്ത് സെന്റ് സ്ഥലം താന്‍ വാങ്ങിയത്. പിന്നീട് ഇത് സംബന്ധിച്ച് സാമ്പത്തിക ഇടപാട് കേസായി. ഒടുവില്‍ 2024ല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ കടകംപള്ളി ഇടനിലക്കാരനായി തുമ്പ പൊലീസ് സ്റ്റേഷനില്‍ വെച്ച് ചര്‍ച്ച നടന്നിട്ടുണ്ടെന്നുമാണ് പരാതിയില്‍ വെളിപ്പെടുത്തുന്നത്.