പത്തനംതിട്ട: ശബരിമലയിലെ ശ്രീകോവില്‍ വാതിലിലും ദ്വാരപാലക വിഗ്രഹങ്ങളിലും ചാര്‍ത്തിയ തങ്കത്തകിടുകള്‍ 'ചെമ്പായി' മാറിയ മായക്കാഴ്ചയ്ക്ക് പിന്നിലെ ഗൂഢാലോചനയിലെ ഉന്നതര്‍ കുടുങ്ങുമോ? ഭക്തിയുടെ മറവില്‍ നടന്നത് അന്തര്‍സംസ്ഥാന സ്വര്‍ണ്ണക്കൊള്ളയാണെന്ന് വ്യക്തമാകുകയാണ്. അന്വേഷണം രാഷ്ട്രീയ വന്‍മരങ്ങളിലേക്ക് നീളുമോ എന്നതാണ് ഉയരുന്ന ചോദ്യം.

ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ബല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ദ്ധനും അറസ്റ്റിലായതോടെ, ഭക്തിയുടെ മറവില്‍ നടന്നത് അതിസങ്കീര്‍ണ്ണമായ ഒരു സ്വര്‍ണ്ണ മോഷണം ആണെന്ന് വ്യക്തമാകുന്നു. കേവലം ഒരു മോഷണമെന്നതിലുപരി, ഭരണയന്ത്രത്തെയും ഉദ്യോഗസ്ഥ വൃന്ദത്തെയും സ്വാധീനിച്ച് നടത്തിയ ഒരു 'സിസ്റ്റമാറ്റിക് കവര്‍ച്ച'യായിരുന്നു അത്. കവര്‍ച്ചയുടെ രീതി പരിശോധിച്ചാല്‍ വന്‍ ആസൂത്രണം പ്രകടമാണ്. ശബരിമലയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വര്‍ണ്ണപ്പണികള്‍ ഏറ്റെടുത്ത ചെന്നൈയിലെ കമ്പനി, സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കുകയും പകരം ചെമ്പ് തകിടുകള്‍ അയക്കുകയും ചെയ്തത് ദേവസ്വം ബോര്‍ഡിലെ ആരെയും അറിയിക്കാതെ സംഭവിക്കില്ല.

സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി ആദ്യം അന്വേഷണസംഘത്തെ തെറ്റായ മൊഴി നല്‍കി കബളിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഫാക്ടറിയില്‍ ഉണ്ടായ ഒരു 'തീപിടുത്തത്തില്‍' എല്ലാ രേഖകളും കത്തിപ്പോയി എന്നായിരുന്നു വാദം. എന്നാല്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഇദ്ദേഹത്തിന്റെ നിരന്തരമായ ഫോണ്‍ സംഭാഷണങ്ങളും സാമ്പത്തിക ഇടപാടുകളും പുറത്തുവന്നതോടെ കള്ളം പൊളിഞ്ഞു. ബല്ലാരിയിലെ ഗോവര്‍ദ്ധന്‍ ഒരു ഭക്തനെന്ന നിലയില്‍ സ്വര്‍ണ്ണവാതില്‍ സംഭാവന നല്‍കിയ ആളാണെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും, മോഷ്ടിച്ച സ്വര്‍ണ്ണം ഇദ്ദേഹത്തിന്റെ ജ്വല്ലറിയില്‍ എത്തിയതായി സി.സി.ടി.വി ദൃശ്യങ്ങളും ഡിജിറ്റല്‍ തെളിവുകളും വ്യക്തമാക്കി. ഒന്നര കോടിയോളം പോറ്റിക്ക് ഭണ്ഡാരി കൊടുത്തിട്ടുണ്ട്.

സ്വര്‍ണ്ണത്തകിടുകള്‍ പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട കര്‍ക്കശമായ നടപടിക്രമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഈ കൊള്ള നടന്നത്. ഇലക്ട്രോ പ്ലേറ്റിംഗിന്റെ മറവില്‍ സ്വര്‍ണ്ണം ഊറ്റിയെടുത്ത് ബല്ലാരിയിലെ വിപണിയില്‍ എത്തിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് വന്‍കിട ശൃംഖലയാണ്. 'ഫാക്ടറിയില്‍ തീപിടിച്ചു' എന്ന പങ്കജ് ഭണ്ഡാരിയുടെ മൊഴി തെളിവുകള്‍ നശിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമായിരുന്നുവെന്ന് ഇപ്പോള്‍ തെളിയുന്നു. ഹൈക്കോടതിയുടെ ശക്തമായ ഇടപെടലാണ് അന്വേഷണത്തിന് വേഗത കൂട്ടിയത്. 'എന്തുകൊണ്ട് വന്‍ സ്രാവുകളെ തൊടുന്നില്ല?' എന്ന കോടതിയുടെ ചോദ്യം അന്വേഷണസംഘത്തിന് മേല്‍ വലിയ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്.

അറസ്റ്റിലായ പ്രതികളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ മുന്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളിലേക്കും രാഷ്ട്രീയ നേതാക്കളിലേക്കും വിരല്‍ ചൂണ്ടുകയാണ്. വരും ദിവസങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൂടി രംഗത്തെത്തുന്നതോടെ സ്വര്‍ണ്ണത്തിന്റെ ഉറവിടവും പണമിടപാടുകളും കൂടുതല്‍ വ്യക്തമാകും. ശബരിമലയിലെ കാണിക്കയായി ലഭിക്കുന്ന ഓരോ തരി പൊന്നിന്റെയും കണക്ക് ഭക്തര്‍ക്ക് മുന്‍പില്‍ സുതാര്യമായി വെക്കേണ്ടവര്‍ തന്നെ കവര്‍ച്ചയ്ക്ക് കുടപിടിച്ചുവെന്ന ആരോപണം സര്‍ക്കാരിനും വലിയ വെല്ലുവിളിയാണ്. കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി സി.എസ്. മോഹിത് മുന്‍പാകെ ഹാജരാക്കിയ പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ദ്ധനെയും ജനുവരി ഒന്ന് വരെ റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി. സമാന്തരമായി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. 2019-ല്‍ വിഗ്രഹങ്ങളില്‍ നിന്ന് സ്വര്‍ണ്ണത്തകിടുകള്‍ ഇളക്കിമാറ്റുമ്പോള്‍ ഇത് സ്വര്‍ണ്ണമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ചെമ്പ് തകിടുകളാണെന്ന് രേഖകളില്‍ ഒപ്പിട്ടതിനാണ് ശ്രീകുമാര്‍ കുടുങ്ങിയത്.

കേസില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ നിര്‍ണ്ണായകമാണ്. 'ക്ഷേത്രത്തിന്റെ സംരക്ഷകര്‍ തന്നെ അതിന്റെ നാശകരായി മാറുന്നു' എന്ന ജസ്റ്റിസ് എ. ബദറുദ്ദീന്റെ പരാമര്‍ശം ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെയും ഭരണകൂടത്തെയും പ്രതിക്കൂട്ടിലാക്കുന്നതാണ്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ എന്‍. വാസു, എ. പത്മകുമാര്‍ എന്നിവരുടെ അറസ്റ്റും, മുന്‍ സെക്രട്ടറി ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതും അന്വേഷണം രാഷ്ട്രീയ വന്‍മരങ്ങളിലേക്ക് നീളുന്നു എന്നതിന്റെ സൂചനയാണ്. ഇതിനിടെ, കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഔദ്യോഗികമായി അന്വേഷണം തുടങ്ങാന്‍ അനുമതി നേടിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇ.ഡി പുതിയ കേസെടുക്കുന്നതോടെ സ്വര്‍ണ്ണം വിറ്റ പണം എങ്ങോട്ടാണ് പോയതെന്നും ഈ സ്വര്‍ണ്ണക്കൊള്ളയ്ക്ക് അന്താരാഷ്ട്ര പുരാവസ്തുകടത്ത് മാഫിയയുമായി ബന്ധമുണ്ടോ എന്നും പുറത്തുവരും.