പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക പരിശോധനയുമായി പ്രത്യേക അന്വേഷണ സംഘം. ശബരിമല സന്നിധാനത്ത് തെളിവെടുപ്പ് ആരംഭിച്ചിരിക്കുകയാണ് എസ്‌ഐടി. സാമ്പിളുകള്‍ ശേഖരിക്കുന്നതിന് വേണ്ടി സ്വര്‍ണപാളികള്‍ ഇളക്കിമാറ്റിയെടുത്തു. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപാളിയും ശ്രീകോവിലിന്റെ വലത് ഭാഗത്തെ പാളികളുമാണ് നിലവില്‍ നീക്കം ചെയ്തിട്ടുള്ളത്. പരിശോധനകള്‍ക്ക് ശേഷം ഇവ വീണ്ടും പുനസ്ഥാപിക്കും.

സ്വര്‍ണപാളികളുടെ തൂക്കം നിര്‍ണയിക്കും എന്നാണ് വിവരം. ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം പൂശിയ ശേഷം തിരികെ എത്തിച്ചവയാണ് ഈ പാളികള്‍. സ്വര്‍ണപാളികളിലെ സ്വര്‍ണ്ണത്തിന്റെ കണക്കുകള്‍ എത്രയെന്ന് അറിയുക എന്നതാണ് ഉദ്ദേശ്യം. അതേസമയം സ്വര്‍ണക്കൊളളയില്‍ സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് നല്‍കിയ ഹര്‍ജി ദേവസ്വം ബെഞ്ച് പരിഗണിക്കാന്‍ നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി നിര്‍ദേശിച്ചു.

ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കണമെന്ന് സിംഗില്‍ ബെഞ്ച് വ്യക്തമാക്കി. നിലവില്‍ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ദേവസ്വം ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്. അതിനാല്‍ ഈ തീരുമാനവും അതേ ബെഞ്ച് എടുക്കുന്നതാകും ഉചിതമെന്നാണ് ജസ്റ്റിസ് സി എസ് ഡയസ്സിന്റെ ബെഞ്ച് അറിയിച്ചത്.കേസിന്റെ എഫ് ഐ ആര്‍ , അനുബന്ധ മൊഴികള്‍, ലരേഖകള്‍ എന്നിവയുടെ പകര്‍പ്പാണ് തേടിയിരിക്കുന്നത്. ഈ ആവശ്യമുന്നയിച്ച് റാന്നി കോടതിയില്‍ നല്‍കിയ അപേക്ഷ തളളിയതോടെയാണ് കേന്ദ്ര ഏജന്‍സി ഹൈക്കോടതിയില്‍ എത്തിയത്.

ശബരിമല സ്വര്‍ണക്കൊളളയില്‍ കളളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്നെന്നും വിശദമായ അന്വേഷണത്തിന് കേസുകളുടെ രേഖകളും വിശദാംശങ്ങളും വേണമെന്നുമാണ് ആവശ്യം. സ്വര്‍ണക്കൊളളയിലെ കളളപ്പണ ഇടപാട് പരിശോധിക്കുമെന്ന് ഇഡി വൃത്തങ്ങള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് കുരുക്ക് മുറുകുകയാണ്. പത്മകുമാര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സര്‍വ സ്വാതന്ത്ര്യവുവും നല്‍കിയിരുന്നെന്ന് ജീവനക്കാരുടെ മൊഴി. പോറ്റിയുടെ ബന്ധുക്കളും അതിഥികളും ഉപയോഗിച്ചിരുന്നത് ദേവസ്വം പ്രസിഡന്റിന്റെ മുറിയാണ്. പൂജാ ബുക്കിംഗിലും പ്രത്യേക പരിഗണന ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, സ്വര്‍ണക്കവര്‍ച്ചയില്‍ എഫ്‌ഐആര്‍ ആവശ്യപ്പെട്ടുള്ള ഇ.ഡിയുടെ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബഞ്ച് ചീഫ് ജസ്റ്റീസിന്റെ ബഞ്ചിന് വിട്ടു. ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസിന്റെ ബഞ്ച് തീരുമാനമെടുക്കും. റാന്നി മജിസ്‌ട്രേറ്റ് കോടതി, ഇഡിയുടെ അപേക്ഷയില്‍ എഫ്‌ഐആര്‍ അടക്കം രേഖകള്‍ നിഷേധിച്ചതിന് പിന്നാലെയാണ് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചത്.

വിഷയം ദേവസ്വം ബഞ്ചിന്റെ പരിഗനയിലിരിക്കുന്ന സാഹചര്യത്തിലാണ് സിംഗിള്‍ ബഞ്ചിന്റെ നടപടി. സ്വര്‍ണക്കവര്‍ച്ചയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇ.ഡിയുടെ നിഗമനം. സ്വര്‍ണക്കവര്‍ച്ചയില്‍ അന്താരാഷ്ട വിഗ്രക്കടത്ത് സംഘത്തിന് പങ്കുണ്ടോ എന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി എസ്ഐടിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി റാന്നി കോടതിയില്‍ രേഖകള്‍ക്കായി അപേക്ഷ നല്‍കിയത്.