ശബരിമല: ശബരിമല സന്നിധാനത്തെ ശ്വാസംമുട്ടിച്ച് വന്‍ ദുരന്തമുണ്ടാക്കാന്‍ പോലീസ് മനഃപൂര്‍വ്വം ശ്രമിച്ചോ? അയ്യപ്പഭക്തരുടെ സുരക്ഷ വെച്ച് പോലീസ് അമ്മാനമാടുകയാണോ? ഈ സംശയങ്ങള്‍ ബലപ്പെടുകയാണ്. ഈ സംശങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ആര്‍. ജയകൃഷ്ണന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. വെര്‍ച്വല്‍ ക്യൂവോ സ്‌പോട്ട് ബുക്കിംഗോ ഇല്ലാത്ത പതിനായിരക്കണക്കിന് ആളുകളെ യാതൊരു നിയന്ത്രണവുമില്ലാതെ പോലീസ് സന്നിധാനത്തേക്ക് കടത്തിവിട്ടെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ആരോപണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റെ കെ ജയകുമാര്‍ ഇതുവല്ലതും അറിഞ്ഞോ എന്നതാണ് ഉയരുന്ന ചോദ്യം.

മണ്ഡലകാലത്തെ 41 ദിവസവും സമാധാനപരമായി കടന്നുപോയ ശബരിമലയില്‍, മകരവിളക്കിനായി നട തുറന്നതോടെ പോലീസ് മനഃപൂര്‍വ്വം പ്രതിസന്ധികള്‍ സൃഷ്ടിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിംഗിനായി എത്തിയവരോട് പമ്പയില്‍ ചെന്ന് ബുക്ക് ചെയ്യാന്‍ പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പമ്പയില്‍ സ്‌പോട്ട് ബുക്കിംഗ് കൗണ്ടറുകള്‍ ഇല്ലെന്നിരിക്കെ, ഭക്തരെ അങ്ങോട്ടേക്ക് പറഞ്ഞുവിട്ടത് ബോധപൂര്‍വ്വമായ നീക്കമാണ്. പമ്പയില്‍ തടിച്ചുകൂടിയ ഭക്തരെ ഒരു പരിശോധനയുമില്ലാതെ സന്നിധാനത്തേക്ക് കയറ്റിവിട്ടതോടെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി. തിരിക്ക് കൂടിയ സമയത്ത് സ്‌പോട്ട് ബുക്കിംഗ് പമ്പയില്‍ നിര്‍ത്തലാക്കി.

പമ്പയിലെ തിരക്ക് നിയന്ത്രിക്കാനും നിലയ്ക്കലില്‍ ക്രമീകരണം ശക്തമാക്കാനുമായിരുന്നു ഇത്. പോലീസ് തന്നെ ഇത് അട്ടിമറിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ദിവസേന 80,000 പേര്‍ക്ക് മാത്രം ദര്‍ശന അനുമതിയുള്ളപ്പോള്‍ കഴിഞ്ഞ തിങ്കളാഴ്ച മാത്രം പതിനെട്ടാംപടി ചവിട്ടിയത് 1,05,680 പേരാണ്. ഇത് എങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിന് പോലീസിനും മറുപടിയില്ല. ദര്‍ശനത്തിന് എത്തിയവരില്‍ 25 ശതമാനം പേര്‍ക്കും യാതൊരു വിധത്തിലുള്ള ബുക്കിംഗും ഉണ്ടായിരുന്നില്ല. ശബരിമലയ്ക്ക് താങ്ങാവുന്നതിലധികം ഭക്തരെ കയറ്റിവിട്ട് സന്നിധാനത്ത് 'കൃത്രിമ തിരക്ക്' സൃഷ്ടിച്ചത് എന്തിനാണെന്ന ചോദ്യം ദുരൂഹമാകുന്നു.

മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് എന്തെങ്കിലും തരത്തിലുള്ള അപകടമോ ദുരന്തമോ സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പോലീസിനും ദേവസ്വം ബോര്‍ഡിനുമായിരിക്കുമെന്ന് സ്‌പെഷ്യല്‍ കമ്മിഷണര്‍ മുന്നറിയിപ്പ് നല്‍കി. പതിനെട്ടാംപടി കയറാന്‍ ഭക്തര്‍ 10 മണിക്കൂറിലധികം കാത്തുനില്‍ക്കേണ്ടി വരുന്നത് പോലീസിന്റെ ആസൂത്രിതമായ വീഴ്ചയാണെന്ന ആരോപണമാണ് ഉയരുന്നത്. സംഭവത്തില്‍ ഹൈക്കോടതി പോലീസിനോട് അടിയന്തര വിശദീകരണം തേടിയിട്ടുണ്ട്.

ആള്‍ക്കൂട്ട നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കാന്‍ പൊലീസിനൊപ്പം ദ്രുതകര്‍മസേനയുടെ (ആര്‍എഎഫ്) 140 പേരുടെ ബറ്റാലിയനും സന്നിധാനത്ത് എപ്പോഴും തയ്യാറാണ്. മരക്കൂട്ടം, നടപ്പന്തല്‍, തിരുമുറ്റം, ഡിഫെന്‍സ് മോര്‍ച്ച, സന്നിധാനം, ഭസ്മക്കുളം, അരവണ വിതരണ കേന്ദ്രം എന്നിവയാണ് ആര്‍എഎഫിന്റെ പ്രധാന ഡ്യൂട്ടി പോയിന്റുകള്‍. മകരവിളക്ക് പ്രമാണിച്ച് കൂടുതല്‍ സേനാംഗങ്ങളെ നിയോഗിക്കുമെന്നും ഡെപ്യൂട്ടി കമാന്‍ഡന്റ് ബിജു റാം അറിയിച്ചിട്ടുണ്ട്. ഈ സംവിധാനങ്ങള്‍ക്ക് പോലും തിരക്ക് നിയന്ത്രിക്കാന്‍ കഴിയുന്നില്ല.

നേരത്തെ വെര്‍ച്വല്‍ ക്യൂവോ സ്‌പോട്ട് ബുക്കിംഗോ ഇല്ലാതെ പതിനായിരക്കണക്കിന് ഭക്തരെ സന്നിധാനത്തേക്ക് കയറ്റിവിട്ട പോലീസ് നടപടിയില്‍ കോടതി വന്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വെര്‍ച്വല്‍ ക്യൂ വഴിയോ സ്‌പോട്ട് ബുക്കിംഗ് വഴിയോ അനുമതിയുള്ള ഭക്തരെ മാത്രമേ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടാവൂ എന്ന് കോടതി ഉത്തരവിട്ടിരുന്നതുമാണ്. മകരവിളക്ക് അടുത്തിരിക്കെ, സുരക്ഷാ ക്രമീകരണങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ല. ഭക്തരുടെ ജീവന്‍ പണയപ്പെടുത്തിക്കൊണ്ടുള്ള ഒരു നീക്കവും അനുവദിക്കരുതെന്നതാണ് ഉയരുന്ന നിര്‍ദ്ദേശം.

മണ്ഡലകാലം സമാധാനപരമായി അവസാനിച്ചതിന് ശേഷം മകരവിളക്ക് സമയത്ത് മാത്രം ഇത്തരമൊരു 'കൃത്രിമ തിരക്ക്' സൃഷ്ടിച്ചത് എന്തിനാണെന്ന ചോദ്യം ഭക്തര്‍ക്കിടയില്‍ ഉയരുന്നുണ്ട്. മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ ഹൈക്കോടതി നേരിട്ട് നിരീക്ഷിക്കും എന്നാണ് സൂചന.