- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പോട്ട് ബുക്കിങ് വിവാദത്തില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ആചാര സംരക്ഷണ സമിതി: എല്ലാ അയ്യപ്പ ഭക്ത സംഘടനകളെയും അണിനിരത്ത് പ്രതിഷേധം ഉയര്‍ത്താന്‍ നീക്കം: ശബരിമല വീണ്ടും സംഘര്‍ഷഭരിതമായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
സ്പോട്ട് ബുക്കിങ് ; ശബരിമല വീണ്ടും സംഘര്‍ഷഭരിതമായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: സ്പോട്ട് ബുക്കിങ് അനുവദിച്ചില്ലെങ്കില്‍ ശബരിമല വീണ്ടും സംഘര്‍ഷഭൂമിയായേക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സമാനമായ പ്രതിസന്ധി സ്പോട്ട് ബുക്കിങ് വിവാദത്തിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. സ്പോട്ട് ബുക്കിങ് ഒഴിവാക്കി വെര്‍ച്വല്‍ ക്യൂ മാത്രമാക്കിയാല്‍ സംഘപരിവാര്‍ സംഘടനകള്‍ സമാനമായ സമരത്തിനൊരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഓണ്‍ലൈന്‍ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം ഭക്തരെ ശബരിമലയില്‍ നിന്ന് അകറ്റാനാണ് എന്ന പ്രചാരണം ബിജെപി ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിക്കഴിഞ്ഞു. മണ്ഡലകാലം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമമായി ഇതിനെ വ്യാഖ്യാനിക്കപ്പെട്ടാല്‍ പ്രതിപക്ഷവും രാഷ്ട്രീയമായി ഇടപെടുമെന്നതില്‍ സംശയമില്ല. ഇതോടെ പ്രതിഷേധത്തിന് കളമൊരുങ്ങുകയും ഇത് ശബരമിലയെ സംഘര്‍ഷ ഭരിതമാക്കുകയും ചെയ്യുമെന്നതില്‍ സംശയമില്ല.
അതേസമയം ശബരിമലയില്‍ ദര്‍ശനത്തിന് ഇത്തവണ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി മാത്രം പ്രവേശനം അനുവദിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനത്തിനെതിരെ ആചാര സംരക്ഷണ സമിതിയും രംഗത്തെത്തി കഴിഞ്ഞു. ദേവസ്വം ബോര്‍ഡ് തീരുമാനം അംഗീകരിക്കില്ലെന്നും ശക്തമായ പ്രതിഷേധത്തിലേക്ക് പോകുമെന്നും ആചാര സംരക്ഷണ സമിതി സെക്രട്ടറി ജി പൃഥ്വിപാല്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് എല്ലാ അയ്യപ്പ ഭക്ത പ്രതിനിധികളെയും ഉള്‍പ്പെടുത്തി പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്നും ജി പൃഥ്വിപാല്‍ പറഞ്ഞു. ഏകപക്ഷീയമായി ദേവസ്വം ബോര്‍ഡ് ഇത്തരമൊരു തീരുമാനം എടുത്തത് അംഗീകരിക്കാനാകില്ലെന്നും ഇത് തികച്ചും അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണത്തെ പ്രശ്‌നം പരിഹരിക്കുന്നതിന് പകരം പുതിയൊരു കാര്യം അടിച്ചേല്‍പ്പിക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പുതിയ തീരുമാനത്തിനെതിരെ എല്ലാ അയ്യപ്പ ഭക്ത സംഘടനകളെയും അണിനിരത്തി പ്രതിഷേധം ഉയര്‍ത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്..
എന്നാല്‍ ശബരിമലയില്‍ ഇത്തവണ വെര്‍ച്വല്‍ ക്യൂ മാത്രമേ ഉണ്ടാകൂവെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയത്. ഭക്തരുടെ സുരക്ഷ പ്രധാനമാണെന്നും വെര്‍ച്വല്‍ ക്യൂ സദുദ്ദേശത്തോടെ എടുത്ത തീരുമാനമാണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. മാലയിട്ട് എത്തുന്ന ആര്‍ക്കും ദര്‍ശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ല. അക്കാര്യം സര്‍ക്കാരുമായി ആലോചിച്ചു ഉറപ്പാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ സ്പോട്ട് ബുക്കിങ് പോലെ സൗകര്യം ഒരുക്കിയില്ലെങ്കില്‍ പ്രതിഷേധത്തിന് കളമൊരുങ്ങുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇത് കിട്ടിയതിന് പിന്നാലെയാണ് സിപിഎമ്മും വിഷയത്തില്‍ കടുംപിടിത്തത്തിനില്ലെന്ന് വ്യക്തമാക്കിയത്. സ്പോട് ബുക്കിങ് തീരുമാനം ഇരുമ്പുലക്കയൊന്നുമല്ലല്ലോ എന്നായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വിഷയത്തില്‍ എടുത്ത നിലപാട്.
അതായത് സ്പോട്ട് ബുക്കിങ്ങോ അല്ലെങ്കില്‍ പകരം സംവിധാനമോ വേണമെന്ന കാര്യത്തില്‍ ബോര്‍ഡിനും അഭിപ്രായമുണ്ടെന്ന് സാരം. പകരം സംവിധാനമൊരുക്കണമെന്ന ബോര്‍ഡിന്റെ ആവശ്യത്തോട് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മുഖം തിരിച്ചേക്കില്ല.