ശബരിമല: സന്നിധാനത്ത് അതീവ സുരക്ഷാ മേഖലയിൽ സുരക്ഷാ ഭടന്മാരെ വെട്ടിച്ച് പട്ടി കയറി. ബിസ്‌കറ്റ് കാട്ടി വശത്താക്കാൻ നോക്കിയിട്ടും വഴങ്ങാതിരുന്ന ശുനകൻ തീർത്ഥാടകർക്കിടയിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു. നായയ്ക്ക് പിന്നാലെ ഓടി സുരക്ഷാ ഉദ്യോഗസ്ഥർ വലഞഞു.

തിങ്കളാഴ്ച വൈകിട്ട് ആറേകാലോടെ ആയിരുന്നു സംഭവം. പൊലീസിന്റെയും മറ്റ് സുരക്ഷാ ജീവനക്കാരുടെയും കണ്ണ് വെട്ടിച്ച് തിരുമുറ്റത്ത് എത്തിയ നായ ഭക്തർക്കിടയിലൂടെ സോപാനത്തേക്ക് കടക്കാൻ ശ്രമിച്ചു. ബിസ്‌ക്കറ്റ് നൽകി അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും വഴങ്ങിയില്ല. സുരക്ഷാ ജീവനക്കാർ ഏറെ പണിപ്പെട്ട് വീണ്ടും തിരുമുറ്റത്ത് എത്തിച്ചു. മേലെ തിരുമുറ്റത്ത് നിന്നും താഴെ ഇറക്കാനുള്ള ശ്രമത്തിനിടെ നായ ഉദ്യോഗസ്ഥർക്ക് നേരെ തിരിഞ്ഞു. തുടർന്ന് ദർശനം കാത്തുനിന്ന ഭക്തർക്കിടയിലൂടെ നായ ഫ്ളൈ ഓവറിലേക്ക് ഓടി കയറി. തുടർന്ന് എൻ.ഡി.ആർ.എഫ് സംഘം നടത്തിയ പരിശ്രമത്തിലൂടെ പിടികൂടിയ നായയെ സിവിൽ ദർശൻ ഗേറ്റ് വഴി പുറത്തിറക്കുകയായിരുന്നു. നായ എങ്ങനെ തിരുമുറ്റത്ത് എത്തി എന്ന കാര്യം അവ്യക്തമായി തുടരുകയാണ്.

അതീവ സുരക്ഷാമേഖലയിൽ കയറിയ നായ ചൂണ്ടിക്കാട്ടിയത് സുരക്ഷാ വീഴ്ചയാണെന്നും പറയുന്നു.