ശബരിമല: പ്രതിദിനം 90,000 പേരെ വരെ കഴിഞ്ഞ തീർത്ഥാടന കാലത്തും അതിന് മുൻപും കടത്തി വിട്ടു കൊണ്ടിരുന്നവരാണ് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാർ. അന്ന് ഏറിയാൽ ക്യൂ നിൽക്കേണ്ടി വന്നിരുന്നത് ആറു മണിക്കൂർ വരെയാണ്. ഇക്കുറി ദർശന സമയം ദീർഘിപ്പിച്ചും വെർച്വൽ ക്യു ബുക്കിങ് കുറച്ചും തിരക്ക് നിയന്ത്രിക്കാൻ വൃഥാ ശ്രമം നടക്കുമ്പോൾ സന്നിധാനത്തെ തിരക്ക് നിയന്ത്രണത്തിൽ പരിചയ സമ്പന്നരായ പൊലീസുകാർ നവകേരള സദസിന് സുരക്ഷയൊരുക്കുന്ന തിരക്കിലാണ്.

താരതമ്യേനെ പുതുമുഖങ്ങളാണ് ഇക്കുറി ശബരിമല ഡ്യൂട്ടിക്ക് ഉള്ളത്. നേരത്തേ തിരക്ക് കൂടുതൽ അനുഭവപ്പെടാറുള്ള ഡിസംബറിലെ ആദ്യ ആഴ്ചകളിൽ തീർത്ഥാടകരെ നിയന്ത്രിക്കുന്നതിൽ പരിചയ സമ്പത്തുള്ള മേലുദ്യോഗസ്ഥരും പൊലീസുകാരുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. വിർച്വൽ ക്യൂ ബുക്കിങ് അന്നും പ്രതിദിനം 90,000 ആയിരുന്നു. അതനുസരിച്ചുള്ള തിരക്കും ക്യൂവും ഉണ്ടായിരുന്നു. അന്നൊക്കെ ക്യൂവിന്റെ ദൈർഘ്യം ആറു മണിക്കൂറിൽ താഴെയായിരുന്നു. ഇക്കുറി പക്ഷേ, എല്ലാം താളം തെറ്റി. തിരക്ക് നിയന്ത്രിക്കാൻ താരതമ്യേനെ പുതുമുഖങ്ങളായ പൊലീസുകാരാണ് പമ്പയിലും സന്നിധാനത്തുമുള്ളത്. തീർത്ഥാടക പ്രവാഹം മുൻകൂട്ടിയറിയാൻ ഇവർക്ക് കഴിയുന്നില്ല. നിലവിൽ വരുന്നവരെ എങ്ങനെ നിയന്ത്രിക്കുമെന്ന കാര്യത്തിലും ഇവർക്ക് തീർച്ചയില്ല.

പമ്പ, സന്നിധാനം എസ്.ഓമാരുടെ കീഴിൽ പരിചയ സമ്പത്തുള്ള ഡിവൈ.എസ്‌പിമാർ, ഇൻസ്പെക്ടർമാർ, എസ്ഐമാർ എന്നിവർ നേരിട്ടിറങ്ങി തിരക്ക് നിയന്ത്രിക്കും. വടം കെട്ടി തടയേണ്ടപ്പോൾ അത് ചെയ്യും. നിലയ്ക്കലിലും പത്തനംതിട്ടയിലും ഇടത്താവളങ്ങളിൽ തീർത്ഥാടകരെ നിയന്ത്രിച്ചു നിർത്തും. സന്നിധാനത്ത് തിരക്ക് കുറയുന്ന മുറയ്ക്ക് ഇവിടെ നിന്നുള്ളവരെ കടത്തി വിടും. ഇത്തവണ ഇതൊന്നും കാര്യക്ഷമമായി നടത്താൻ ആദ്യ ദിവസങ്ങളിൽ ആർക്കും സാധിച്ചിരുന്നില്ല. ഇതു കാരണം 18 മണിക്കൂർ വരെ തീർത്ഥാടകർക്ക് ക്യൂവിൽ നിന്ന് നരകിക്കേണ്ടി വന്നു. വരും ദിവസങ്ങളിൽ തിരക്ക് വർധിക്കാനാണ് സാധ്യത. ദർശന സമയം കൂട്ടിയും വിർച്വൽ ക്യു ബുക്കിങ് പതിനായിരം കുറച്ചും ഈ പ്രതിസന്ധി മറികടക്കാനാണ് നീക്കം.

നവകേരള സദസിന് മന്ത്രിസഭയ്ക്കൊപ്പം വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശബരിമലയിൽ തിരക്ക് നിയന്ത്രണത്തിൽ വിദഗ്ധരായ നിരവധി പേർ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുരക്ഷയൊരുക്കാൻ വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്. ഇതു കാരണം സന്നിധാനത്തും ഇടത്താവളങ്ങളിലും വലിയ ദുരിതം തീർത്ഥാടകർ അനുഭവിക്കുന്നു.