പമ്പ: 30 രൂപ നിരക്കുള്ള ക്ലോക്ക് റൂമിൽ ബാഗേജ് വയ്ക്കാൻ ചെന്നപ്പോൾ കൗണ്ടറിൽ നിന്ന് ആവശ്യപ്പെട്ടത് 60 മുതൽ 90 രൂപ വരെ. ഇത് ദേവസ്വം കരാറുകാരന്റെ പകൽക്കൊള്ളയാണെന്ന് ആരോപിച്ച് പമ്പ ത്രിവേണിയിൽ പ്രതിഷേധവും ബഹളവുമായി തീർത്ഥാടകർ.

ത്രിവേണിയിൽ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ക്ലോക്ക് റൂമിൽ തീർത്ഥാടകരെ കൊള്ളയടിക്കുന്നുവെന്നാണ് പരാതി. 30 രൂപയ്ക്ക് ബാഗേജ് സൂക്ഷിക്കുന്ന ഇവിടെ മാസപൂജ സമയത്ത് 60 മുതൽ 90 രൂപ വരെ ഈടാക്കിയതാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ക്ലോക്ക് റൂം നടത്തിപ്പ് കരാർ നൽകിയിരിക്കുകയാണ്. കരാറുകാരാണ് പകൽക്കൊള്ള നടത്തുന്നത്.

മാസപൂജ സമയത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് മുതലാക്കിയാണ് മൂന്ന് ഇരട്ടി വരെ അധിക തുക ഈടാക്കിയതായി ആക്ഷേപം ഉള്ളത്. ഒരു ദിവസം ബാഗ് സൂക്ഷിക്കുന്നതിന് 30 രൂപയാണ് നൽകേണ്ടത് എന്നാണ് ഇവിടെ ബോർഡ് വച്ചിരിക്കുന്നത്. എന്നാൽ, 60 മുതൽ 90 രൂപ വരെയാണ് ഈടാക്കുന്നത്. ഇത് പകൽ കൊള്ളയാണെന്നാണ് പരാതി. ഇതിനെതിരേ തീർത്ഥാടകർ പ്രതിഷേധിച്ചു. നിരക്കിലെ വർധനവ് ഇവർ ചോദ്യം ചെയ്യുകയും ബഹളത്തിൽ കലാശിക്കുകയും ചെയ്തു. പരാതി ദേവസ്വം ബോർഡ് എ.ഇയെ അറിയിച്ചു. രസീതുകൊടുക്കുന്ന കൗണ്ടറിന് മുമ്പിൽ നിരക്ക് എഴുതി വയ്ക്കണമെന്നാണ് നിയമം.

തീർത്ഥാടകരുടെ കൈയിൽ നിന്ന് കൂടുതൽ തുക ഈടാക്കാൻ വേണ്ടിയാകണം ഇവിടെ നിരക്ക് പ്രദർശിപ്പിച്ചിട്ടില്ല. സ്റ്റെപ്പ് കയറിച്ചെല്ലുന്ന ഭാഗത്ത് മാത്രമാണ് നിരക്ക് എഴുതി വച്ചിരിക്കുന്നത്. പണം വാങ്ങുന്നതും രസീതുകൊടുക്കുന്നതും വേറെ കൗണ്ടറിലാണ്. തീർത്ഥാടകരുടെ ബഹളത്തെ തുടർന്ന് ബിജെപി റാന്നി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സന്തോഷ് കുമാറും ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധനും ദേവസ്വം ബോർഡ് വിജിലൻസിനെ വിവരം അറിയിച്ചു. പകൽക്കൊള്ള തുടരാനാണ് ഭാവമെങ്കിൽ സമരവുമായി മുന്നോട്ടു പോകുമെന്ന് അവർ മുന്നറിയിപ്പ് നൽകി.