- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഡിജിപി അജിത് കുമാർ ആവശ്യപ്പെട്ടത് 75,000 പേർക്ക് മാത്രം അനുമതി; പൊട്ടിത്തെറിച്ച് ദേവസ്വം പ്രസിഡന്റ്; അനുനയത്തിൽ ഭക്തരുടെ എണ്ണം 90,000 ആക്കി നിജപ്പെടുത്തി മുഖ്യമന്ത്രിയുടെ ഇടപെടൽ; ദർശന സമയം കൂട്ടിയും പ്രശ്ന പരിഹാരം; ഇനി എല്ലാ ആഴ്ചയും ദേവസ്വം മന്ത്രിയുടെ അവലോകനം; ശബരിമലയിൽ ഇടപെട്ട് സർക്കാർ
തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിന് അനുമതി നൽകുന്നവരുടെ എണ്ണം കുറയ്ക്കാൻ സർക്കാർ. തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് കഴിയാത്ത സാഹചര്യത്തിലാണ് ഇത്. ശബരിമല തീർത്ഥാടകർക്ക് തൃപ്തികരമായ ദർശനം ഉറപ്പാക്കാൻ പ്രതിദിന ദർശനം 90,000 ആയി പരിമിതപ്പെടുത്തും. 75,000 ആയി പരിമിതപ്പെടുത്തണമെന്നതായിരുന്നു പൊലീസിന്റെ ആവശ്യം. ഇതിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് എതിർത്തു. ഈ സാഹചര്യത്തിലാണ് 90,000 ആക്കുന്നത്. നിലവിൽ 1.10ലക്ഷം പേർ പ്രതിദിനം സന്നിധാനത്ത് എത്തുന്നുണ്ടെന്നാണ് കണക്ക്.
തിരിക്ക് കുറയ്ക്കാൻ ദർശന സമയം ഒരു മണികൂർ കൂടി വർധിപ്പിച്ചു. നിലയ്ക്കലിൽ പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഒരുക്കും. ദേവസ്വം മന്ത്രി കൂടി പങ്കെടുത്ത് ആഴ്ച തോറും ഉന്നതതല യോഗം ചേരാനും തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. തീർത്ഥാടകർ തൃപ്തികരമായ ദർശനം നടത്തി സുരക്ഷിതരായി മടങ്ങുന്നതിനാണ് പ്രതിദിന ദർശനം കുറച്ചതിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. പരിചയ സമ്പന്നരെ സന്നിധാനത്ത് പൊലീസ് ഡ്യൂട്ടിയിൽ നിയോഗിക്കും. പതിനെട്ടാംപടി കയറ്റം വേഗത്തിലാക്കാനും നടപടികൾ എടുക്കും.
ഭക്തരുടെ ദർശന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം ആചാര അനുഷ്ഠാനം പാലിച്ചു ക്ഷേത്ര ചടങ്ങുകൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും ഇതിനാൽ ശബരിമലയിൽ ഇനിയും ദർശന സമയം കൂട്ടുക പ്രയാസമാണെന്നും മുഖ്യ തന്ത്രി കണ്ഠരര് രാജീവര് നേരത്തെ പറഞ്ഞിരുന്നു. ഈ മണ്ഡല കാലം ആരംഭിച്ച ശേഷം ദർശന സമയം ഒരു മണിക്കൂർ വർധിപ്പിച്ചുവെന്നും തന്ത്രി പറഞ്ഞു. ശബരിമലയിലേക്ക് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാവുകയും ഇത് ഒരു ലക്ഷത്തിൽ അധികമാകുകയും ചെയ്തതോടെ ദർശന സമയം വർധിപ്പിക്കാൻ കഴിയുമോ എന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ദേവസ്വം ബോർഡിനോട് ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ ക്ഷേത്ര ചടങ്ങുകളുടെ അവസാന വാക്കായ തന്ത്രിയോട് അഭിപ്രായം ആരാഞ്ഞ ശേഷം മറുപടി നൽകാമെന്ന് ബോർഡ് അറിയിക്കുകയായിരുന്നു.
പുലർച്ചെ 2.30 ന് പള്ളിയുണർത്തലിന് ശേഷം മൂന്നിന് തുറക്കുന്ന നട ഉച്ചയ്ക്ക് ഒന്നിനാണ് ഇപ്പോൾ അടക്കുന്നത്. വീണ്ടും മൂന്നിന് തുറന്ന് രാത്രി 11.30 നു ഹരിവരാസനം പാടി അടക്കുകയാണ്. മുൻ മണ്ഡലകാലങ്ങളെക്കാൾ ഒരു മണിക്കൂർ അധികമാണിത്. അതിനാൽ തന്നെ ഇനിയും വർധിപ്പിക്കാൻ പ്രയാസമാണെന്നും തന്ത്രി അറിയിച്ചിട്ടുണ്ട്. പടി കയറാൻ ഉണ്ടാകുന്ന താമസം വലിയ നടപ്പന്തലിൽ കത്ത് നിൽക്കുന്നവരുടെ എണ്ണം വർധിക്കാൻ ഇടയായി. ഇതാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം പ്രധാനമായും ചർച്ച ചെയ്തത്.
ഒരു ദിവസം ദർശനത്തിന് എത്തിക്കാവുന്നവരുടെ എണ്ണം 75000 ആയി നിജപ്പെടുത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 125000 വരെ ഉൾക്കൊള്ളാൻ കഴിയുമെന്ന അഭിപ്രായവുമുണ്ട്. പൊലീസ് നിർദ്ദേശം ദേവസ്വം ബോർഡ് എതിർത്തു. ഇതോടെയാണ് ഒത്തുതീർപ്പിന് 90000 എന്ന കണക്കിലേക്ക് സർക്കാർ എത്തുന്നത്. കഴിഞ്ഞ വർഷങ്ങളിലെ നിയന്ത്രണങ്ങൾ മൂലം ശബരിമലയിൽ എത്തി അയ്യപ്പ ദർശനം നടത്താൻ കഴിയാതെ ഇരുന്ന അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർ അടക്കമുള്ളവർ ഈ മണ്ഡല കാലത്തിന്റെ തുടക്കത്തിൽ തന്നെ എത്തുന്നതാണ് തിരക്ക് വർധിക്കാൻ കാരണമായി പറയുന്നത്.
മഹാപ്രളയവും കൊവിഡും സ്ത്രീ പ്രവേശ തർക്കവും ഒക്കെ കാരണം കഴിഞ്ഞ വർഷങ്ങളിൽ ദർശനത്തിനു എത്താൻ കഴിയാതെ ഇരുന്ന ഭക്തർ ഇക്കുറി നേരത്തെ തന്നെ എത്തുന്നത് മൂലമാണ് ആദ്യ ദിവസം മുതൽ തിരക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്രയും ഭക്തരെ പ്രതീക്ഷിക്കാത്ത സർക്കാരും ദേവസ്വം ബോർഡും മണ്ഡല കാലം പകുതി പിന്നിടുമ്പോഴാണ് ആലോചനകൾ ആരംഭിച്ചത്. ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ കനത്ത തോതിലുള്ള വർധനയുണ്ടാകുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കും.
മറുനാടന് മലയാളി ബ്യൂറോ