- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജ്; കുടിവെള്ളവും ഇ-ടോയ്ലറ്റ് സൗകര്യവും; മണ്ഡലം-മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമലയില്‍ വിപുലമായ സൗകര്യമൊരുക്കിയെന്ന് ദേവസ്വം മന്ത്രി; ഒരുക്കങ്ങളില്ലാതെ സത്രം - പുല്ലുമേട് പരമ്പരാഗത കാനന പാത
അന്തിമഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രി
കോട്ടയം: മണ്ഡലം-മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമലയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി ദേവസ്വം സഹകരണ, തുറമുഖ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. എല്ലാ തീര്‍ഥാടകര്‍ക്കും സുഗമമായ ദര്‍ശനം ഒരുക്കും. ഇത്തവണ ശബരമലയില്‍ എത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സൗജന്യ ഇന്‍ഷുറന്‍സ് കവറേജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് നല്‍കുക. തീര്‍ഥാടകര്‍ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ എല്ലാ സംവിധാനവും ദേവസ്വം ബോര്‍ഡ് ഒരുക്കും.
പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികളടക്കം എല്ലാ പ്രവര്‍ത്തികളും നവംബര്‍ 10നകം പൂര്‍ത്തീകരിക്കും. 1000 വിശുദ്ധി സേനാംഗങ്ങളെ പരിശീലനം നല്‍കി നിയോഗിക്കും. പൊലീസ് വിപുലമായ സുരക്ഷാസംവിധാനമൊരുക്കും. മുന്‍പ് ശബരിമലയില്‍ ജോലി നോക്കി പരിചയമുള്ള ഉദ്യോഗസ്ഥരെയടക്കം 13600 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. മരക്കൂട്ടംമുതല്‍ സന്നിധാനം വരെ തീര്‍ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനായി 1000 സ്റ്റീല്‍ കസേരകള്‍ സ്ഥാപിക്കും. കുടിവെള്ളമടക്കമുള്ള സൗകര്യങ്ങളും ലഭ്യമാക്കും. ഇ-ടോയ്ലറ്റ് സൗകര്യവുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതലയോഗം അന്തിമഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തിയതായും മന്ത്രി കോട്ടയം പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്നേക്ക് ക്യാച്ചേഴ്സിന്റെ അടക്കം സേവനം ലഭ്യമാണ്. 2500 ആപ്തമിത്ര വോളന്റിയര്‍മാരുടെ സേവനം അഗ്‌നിരക്ഷ സേനയുടെ ഭാഗമായി ഒരുക്കും. വ്യൂപോയിന്റുകളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തും. സ്‌കൂബാ ടീമടക്കമുള്ളവരുടെ സേവനവും ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
എല്ലാ പ്രധാനസ്ഥലങ്ങളിലും കുടിവെള്ളമെത്തിക്കാന്‍ ജലഅതോറിറ്റി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍, എരുമേലി, പമ്പയടക്കം എല്ലാ കുളിക്കടവുകളിലും ഇറിഗേഷന്‍ വകുപ്പ് സുരക്ഷാവേലികള്‍ നിര്‍മിക്കും. വിവിധ ഭാഷകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലും കോട്ടയം മെഡിക്കല്‍ കോളജിലും പത്തനംതിട്ട ജനറല്‍ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി എന്നിവടങ്ങളില്‍ ആരോഗ്യവകുപ്പ് വിപുലമായ ചികിത്സാസൗകര്യങ്ങളൊരുക്കും.
പാമ്പുകടി ഏല്‍ക്കുന്നവര്‍ക്ക് ആന്റീവെനം അടക്കമുള്ള ചികിത്സാസംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ലോകപ്രശസ്തനായ ന്യൂറോസര്‍ജന്‍ രാംനാരായണന്റെ നേതൃത്വത്തില്‍ വിദഗ്ധരായ നൂറിലേറെ ഡോക്ടര്‍മാര്‍ ഡിവോവോട്ടീസ് ഓഫ് ഡോക്ടേഴ്‌സ് എന്ന പേരില്‍ സേവന സന്നദ്ധത അറിയിച്ചു. ഇത് ഫലപ്രദമായി വിനിയോഗിക്കും.
മോട്ടോര്‍ വാഹനവകുപ്പ് സേഫ് സോണ്‍ പദ്ധതി വിപുലമാക്കും. 20 സ്‌ക്വാഡുകളെ പട്രോളിങ്ങിനായി നിയോഗിക്കും. മൂന്നു കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. 24 മണിക്കൂറും സേവനം ലഭിക്കും. വാഹനങ്ങള്‍ കേടായാല്‍ മാറ്റുന്നതിന് റിക്കവറി വാഹനങ്ങളുടെ സേവനമടക്കം ലഭ്യമാക്കും.
ജല അതോറിട്ടിയുടെ ഗുണനിലവാര പരിശോധന ലാബിലൂടെ പമ്പയില്‍ ഓരോ മണിക്കൂറിലും വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കും. കെ.എസ്.ആര്‍.ടി.സി. പ്രത്യേക സര്‍വീസുകള്‍ നടത്തും. തേനി-പമ്പ സെക്ടറില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തും.
ഭക്ഷണത്തിന്റെ ഗുണനിലവാരവും അളവും ശുചിത്വവും ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാവകുപ്പും ലീഗല്‍ മെട്രോളജിയും ചേര്‍ന്ന് സംയുക്ത പരിശോധനകള്‍ നടത്തും. ഇടത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കും. ലഹരിവസ്തുക്കളുടെ ഉപയോഗം തടയാന്‍ എക്സൈസും പൊലീസും ചേര്‍ന്ന് സംയുക്തപരിശോധനകള്‍ നടത്തും. കാനനപാതയിലടക്കം മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കാന്‍ കെ.എസ്.ഇ.ബി. നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
പ്രധാനപ്പെട്ട റെയില്‍വേസ്റ്റേഷനുകളില്‍ പൊലീസ് എയ്ഡ്പോസ്റ്റുകള്‍ തുറക്കും. കാനനപാതയില്‍ വനംവകുപ്പ് 132 സേവനകേന്ദ്രങ്ങള്‍ തുറക്കും. തീര്‍ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ 1500 എക്കോ ഗാര്‍ഡുകളെ നിയോഗിക്കും. എലിഫെന്റ് സ്‌ക്വാഡിന്റെയടക്കം സേവനമുണ്ടാകും.
ഭക്ഷ്യ-സാധനവില ആറു ഭാഷകളില്‍ പ്രദര്‍ശിപ്പിക്കും. കൂടുതല്‍ സി.സി.ടി.വികള്‍ സ്ഥാപിക്കും. കവറേജ് വര്‍ധിപ്പിക്കുന്നതിനായി ബി.എസ്.എന്‍.എല്‍. 22 മൊബൈല്‍ ടവറുകള്‍ ഒരുക്കും. വൃശ്ചികം ഒന്നിന് 40 ലക്ഷം കണ്ടെയ്നര്‍ അരവണ ബഫര്‍ സ്റ്റോക്കുണ്ടാകും.
നിലയ്ക്കലില്‍ 10,000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ ഇത്തവണ സൗകര്യമൊരുക്കും. കഴിഞ്ഞതവണ 7500 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയുമായിരുന്നു. ഇത്തവണ കൂടുതല്‍ സൗകര്യമൊരുക്കി 2500 വാഹനങ്ങള്‍ക്ക് കൂടി പാര്‍ക്കിങ് ക്രമീകരണമൊരുക്കും. നിലയ്ക്കലില്‍ പാര്‍ക്കിങ് പൂര്‍ണമായി ഫാസ്റ്റ് ടാഗ് ഉപയോഗിച്ചാണ്. നിലയ്ക്കലില്‍ 1045 ടോയ്ലറ്റുകളും പമ്പയില്‍ 580 ടോയ്ലറ്റുകളും ഒരുക്കും. 20 ലക്ഷത്തിലേറെ അയ്യപ്പഭക്തര്‍ക്ക് സന്നിധാനത്ത് അന്നദാനം ഒരുക്കും.
നിലയ്ക്കലില്‍ പാര്‍ക്കിങ് പൂര്‍ണമായി ഫാസ്റ്റ് ടാഗ് ഉപയോഗിച്ചാണ്. പമ്പ ഹില്‍ടോപ്പ് , ചക്കുപാലം എന്നിവിടങ്ങളില്‍ മാസപൂജ സമയത്ത് പാര്‍ക്കിങ്ങിന് കോടതി അനുമതി നല്‍കിയിരുന്നു. ഇവിടെ 2000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം. കോടതി അനുമതിയോടെ മണ്ഡല മകരവിളക്ക് മഹോത്സവകാലത്ത് ഇവിടെ പാര്‍ക്കിങ് ക്രമീകരണം ഒരുക്കാന്‍ ശ്രമിക്കും. എരുമേലിയില്‍ ഹൗസിങ് ബോര്‍ഡിന്റെ കൈവശമുള്ള ആറര ഏക്കര്‍ സ്ഥലം പാര്‍ക്കിങ്ങിനായി വിനിയോഗിക്കും. വെര്‍ച്വല്‍ ക്യു വിനെ പുറമെ പതിനായിരം തീര്‍ത്ഥാടകാരെ പ്രവേശിപ്പിക്കുംവരുന്ന തീര്‍ത്ഥാടകരെ ആരെയും മടക്കി അയക്കില്ല. മൂന്ന് കേന്ദ്രങ്ങളില്‍ രേഖകള്‍ പരിശോധിക്കാന്‍ സംവിധാനം ഒരുക്കിയെന്നും മന്ത്രി അറിയിച്ചു
മന്ത്രിമാരായ വി.എന്‍. വാസവന്‍, കെ. രാജന്‍, കെ. കൃഷ്ണന്‍ കുട്ടി, എ.കെ. ശശീന്ദ്രന്‍, ജി.ആര്‍. അനില്‍, കെ.ബി. ഗണേഷ്‌കുമാര്‍, വീണ ജോര്‍ജ്, എം.എല്‍.എ.മാരായ അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം സ്പെഷല്‍ സെക്രട്ടറി ടി.വി. അനുപമ, ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് മേധാവികള്‍, ജില്ലാ കളക്ടര്‍മാര്‍, തദ്ദേശസ്വയംഭരണ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രഖ്യാപനങ്ങള്‍ ജലരേഖയായി, കാനനപാതയില്‍ അസൗകര്യങ്ങള്‍ ഏറെ
മണ്ഡല മകരവിളക്ക് സീസണ്‍ തുടങ്ങാനിരിക്കെ വണ്ടിപ്പെരിയാര്‍ സത്രം പുല്ലുമേട് പരമ്പരാഗത കാനന പാതയില്‍ ഒരുക്കങ്ങളൊന്നും തുടങ്ങിയില്ല. സത്രത്തില്‍ ആവശ്യത്തിനുള്ള സൗകര്യങ്ങളൊരുക്കുമെന്ന് രണ്ടു വര്‍ഷം മുന്‍പ് ദേവസ്വം മന്ത്രി നടത്തിയ പ്രഖ്യാപനവും ജലരേഖയായി. കഴിഞ്ഞ വര്‍ഷത്തേപ്പോലെ ഇതുവഴിയെത്തുന്ന അയ്യപ്പ ഭക്തര്‍ ഇത്തവണയും അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി സഞ്ചരിക്കേണ്ടി വരും.
102 പേരുടെ മരണത്തിന് ഇടയാക്കിയ പുല്ലുമേട് ദുരന്തത്തെ തുടര്‍ന്ന് കോഴിക്കാനം - പുല്ലുമേട് പാത അടച്ചതോടെയാണ് സത്രത്തില്‍ നിന്നും സന്നിധാനത്തേക്കുള്ള പരമ്പരാഗത കാനന പാത തുറന്നു കൊടുത്തത്. സത്രത്തില്‍ നിന്നും 12 കിലോമീറ്റര്‍ വനത്തിലൂടെ നടന്നാണ് സന്നിധാനത്തെത്തുന്നത്. കേരളത്തില്‍ നിന്നുള്ള ഭക്തര്‍ക്കൊപ്പം തമിഴ് നാട്, ആന്ധ്ര, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളളവരും ഇതു വഴിയെത്തുന്നുണ്ട്. കൊവിഡിന് ശേഷം പാത തുറന്ന വര്‍ഷം 53000 പേരാണ് ഇതുവഴി കടന്നു പോയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷമിത് 1,42,000 ത്തിലധികമായി.
താമസിക്കാനും വാഹനം പാര്‍ക്ക് ചെയ്യാനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനും ഭക്തര്‍ ഏറെ ബുദ്ധിമുട്ടി. ഇത്തവണയും സത്രത്തിലെ സ്ഥിതി വ്യത്യസ്തമാകില്ല. ദേവസ്വം ബോര്‍ഡിന്റെ അഞ്ചു ശുചിമുറികള്‍ മാത്രമാണ് ഇവിടെയുള്ളത്. പഞ്ചായത്ത് താല്‍ക്കാലികമായി പണിത 20 ശുചിമുറികള്‍ ഉപയോഗ ശൂന്യമായി കിടക്കുന്നു. ഭക്തര്‍ക്ക് വിരി വയ്ക്കുന്നതിനും ഭക്ഷണത്തിന് കടകള്‍ തുടങ്ങുന്നതിനുമുള്ള നടപടികളൊന്നുമായില്ല.
സത്രത്തില്‍ നിന്നുള്ള കാനനപാത എല്ലാ വര്‍ഷവും ഈ സമയത്ത് വനം വകുപ്പ് തെളിക്കാന്‍ തുടങ്ങുന്നതാണ്. എന്നാല്‍ ഇത്തവണ ഫണ്ടനുവദിക്കാത്തതിനാല്‍ ഇതുവരെ പണികള്‍ തുടങ്ങിയിട്ടില്ല. വളരെ കുറച്ച് വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ കഴിയുന്ന ചെറിയ പാര്‍ക്കിംഗ് ഗ്രൗണ്ട് മാത്രമാണുള്ളത്. ദേവസ്വം മന്ത്രിയായിരുന്ന കെ രാധാകൃഷ്ണന്‍ രണ്ടു വര്‍ഷം മുന്‍പ് സത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇടത്താവളത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കുമെന്ന് പ്രഖ്യാപിച്ച് മടങ്ങി. രണ്ടു വര്‍ഷം കഴിയുമ്പോഴും നടപടികളൊന്നും തുടങ്ങിയിട്ടു പോലുമില്ല.