- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പരിശോധനാ ഫലങ്ങള്‍ സാധാരണ നിലയില്‍; ആരോഗ്യനില മെച്ചപ്പെട്ടതോടെ തന്ത്രി കണ്ഠരര് രാജീവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ജയിലിലേക്ക് മാറ്റി; ശബരിമല തന്ത്രിയെ പ്രവേശിപ്പിച്ചത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍; നാളെ കൊല്ലം വിജിലന്‍സ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്കാന് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം
തന്ത്രി കണ്ഠരര് രാജീവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ജയിലിലേക്ക് മാറ്റി
ചെങ്ങന്നൂര്‍: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും ജയിലിലേക്ക് മാറ്റി. ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്ന് പരിശോധിച്ചു ഉറപ്പാക്കിയ ശേഷമാണ് മാറ്റിയത്. പരിശോധനാ റിപ്പോര്‍ട്ടുകളെല്ലാം ലഭിച്ച ശേഷമാണ് ജയിലിലേക്ക് തന്ത്രി മാറ്റിയത്. ജയിലില്‍ വെച്ച് ദേഹസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഇന്നലെ തന്ത്രിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു.
വൈദ്യ പരിശോധനയില്‍ ബിപിയില്‍ വ്യതിയാനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. നാളെ കൊല്ലം വിജിലന്‍സ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. തന്ത്രി കണ്ഠരര് രാജീവരരുടെ സാമ്പത്തിക വിവരങ്ങളില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. എട്ടു മണിക്കൂര്‍ നീണ്ട പരിശോധനയാണ് ഇന്നലെ തന്ത്രിയുടെ വീട്ടില്‍ നടന്നത്.
ഉണ്ണികൃഷ്ണന്‍ പോറ്റിയും തന്ത്രിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം സാമ്പത്തിക ഇടപാടുകള്‍ എന്നിവ സാധൂകരിക്കുന്ന തെളിവു ശേഖരണമായിരുന്നു എസ്.ഐ.ടി വീട്ടിലെ പരിശോധനയിലൂടെ ലക്ഷ്യം വച്ചത്.
തന്ത്രി കണ്ഠര് രാജീവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു. പരിശോധനയില്‍ ബാങ്ക് രേഖകള്‍ കസ്റ്റഡിയിലെടുത്തുവെങ്കിലും കാര്യമായി ഒന്നും കിട്ടിയില്ല. പാസ്ബുക്ക്, ചെക്ക് ഉള്‍പ്പടെ രേഖകളാണ് കസ്റ്റഡിയിലെടുത്തത്. ശനി പകല്‍ രണ്ടരയോടെ ഡിവൈഎസ്-പി സുരേഷ്ബാബുവിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ മുണ്ടന്‍കാവിലെ താഴമണ്‍ മഠത്തിലെത്തിയ എട്ടംഗ അന്വേഷകസംഘം രാത്രി എട്ടുമണിക്കൂറിലേറെ നീണ്ട പരിശോധന പൂര്‍ത്തിയാക്കി 10.45നാണ് മടങ്ങിയത്.
വീട്ടിലെ റെയ്ഡിലെ വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചു. സംഘത്തിനൊപ്പമുണ്ടായിരുന്ന സ്വര്‍ണ മൂല്യനിര്‍ണയക്കാരനെ കൂടാതെ സ്ഥലത്തുനിന്ന് ഒരു സ്വര്‍ണപ്പണിക്കാരനെയും വൈകിട്ട് നാലരയോടെ അന്വേഷകസംഘം വീട്ടിലേക്ക് വിളിച്ചുവരുത്തി. വീട്ടിലുള്ളവ കൂടാതെ ദക്ഷിണയായി ലഭിച്ച സ്വര്‍ണാഭരണങ്ങളും സംഘം പരിശോധിച്ചു. സ്വര്‍ണത്തിന്റെ മൂല്യം, കാലപ്പഴക്കം എന്നിവയാണ് പരിശോധിച്ചത്. തന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും മറ്റ് സാമ്പത്തിക രേഖകളും പരിശോധിച്ചു. പക്ഷേ പ്രതീക്ഷിച്ചത്ര തെളിവുകള്‍ കിട്ടിയില്ല. ചെങ്ങന്നൂര്‍, പുളിക്കീഴ്, മാന്നാര്‍ സ്റ്റേഷനുകളിലെ പൊലീസ്സംഘം സ്ഥലത്തുണ്ടായിരുന്നു. രാജീവരുടെ ഭാര്യ ബിന്ദു, മകള്‍ ആരതി, ഭാര്യാമാതാവ്, തന്ത്രിയുടെ പരികര്‍മി നാരായണന്‍ നമ്പൂതിരി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. സംഭവം അറിഞ്ഞു വീട്ടിലെത്തിയ മരുമകള്‍ അധ്രിയ പാര്‍വതിയെ പൊലീസ് ആദ്യം വീട്ടിലേക്ക് കയറ്റിയില്ലെങ്കിലും പിന്നീട് അനുവദിച്ചു.
ഉണ്ണിക്കൃഷ്ണന്‍ പോറ്റി, തന്ത്രി കണ്ഠര് രാജീവരുടെ സന്തതസഹചാരിയാണെന്ന് അന്വേഷണ സംഘം പറയുന്നു. രണ്ട് പതിറ്റാണ്ടത്തെ ആത്മബന്ധമുണ്ട് ഇവര്‍ തമ്മില്‍. 2004ല്‍ ബംഗളൂരു ജലഹള്ളി ശ്രീരാംപുര്‍ ധര്‍മശാസ്താ ക്ഷേത്രിലെ പൂജാരിയായിരുന്നു പോറ്റി. ഇവിടത്തെ തന്ത്രിയായിരുന്നു കണ്ഠര് രാജീവര്. ഈ ബന്ധമാണ് പോറ്റിയെ ശബരിമലയിലെത്തിച്ചതെന്നാണ് എസ് ഐ ടി പറയുന്നത്. ഇതിനായി ആലപ്പുഴ സ്വദേശിയായ പരികര്‍മിക്ക് സഹായിയായി പോറ്റിയെ തന്ത്രി തന്നെ നിശ്ചയിച്ചു നല്‍കി. അതിനുശേഷമാണ് പരികര്‍മി പോലും പോറ്റിയെ നേരില്‍ കാണുന്നതെന്നാണ് വിവരമെന്നും സൂചനയുണ്ട്. 2007ല്‍ തന്ത്രിയുടെ താല്‍പര്യപ്രകാരമാണ് പോറ്റിയെ പരികര്‍മിയാക്കിയത്. 2012 14 കാലയളവില്‍ കീഴ്ശാന്തിയാക്കി. 2014 ആയപ്പോഴേക്കും പോറ്റി ശബരിമല മേല്‍ശാന്തിയുടെ സഹായിയായി മാറി. പിന്നീട് തന്ത്രി കുടുംബാംഗത്തെ പോലെയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ശബരിമലയില്‍ വിരാജിച്ചതെന്നാണ് ആരോപണം.
ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന വ്യവസായികളായ തീര്‍ഥാടകരെ തന്ത്രി കുടുംബവുമായി ബന്ധിപ്പിക്കുന്ന മുഖ്യകണ്ണിയായി നിലകൊണ്ടുവെന്നാണ് ആരോപണം. പുതിയ കൊടിമരത്തിന്റെ നിര്‍മാണപ്രവൃത്തി ഘട്ടത്തിലും തന്ത്രിയുടെ പ്രതിനിധിയായി മുഴുവന്‍ സമയമുണ്ടായിരുന്നത് പോറ്റിയാണ്. ഇതിനിടെ ബംഗളൂരു കേന്ദ്രീകരിച്ചും തന്ത്രി കുടുംബവുമായുള്ള ബന്ധത്തിന്റെ 'സാധ്യത' പ്രയോജനപ്പെടുത്താനും പോറ്റി ശ്രമം തുടങ്ങിയിരുന്നു. അതിന്റെ ഭാഗമാണ് ശബരിമലയില്‍നിന്ന് അപഹരിച്ച സ്വര്‍ണം വാങ്ങിയ ബെല്ലാരിയിലെ റൊഡ്ഡാം ജുവലറി ഉടമ ഗോവര്‍ധന്റെ വീട്ടില്‍ തന്ത്രി കുടുംബത്തിലെ കണ്ഠര് മഹേഷ് മോഹനരെ 2023ല്‍ പൂജക്കെത്തിച്ചത്. പോറ്റി വഴിയാണ് താന്‍ പൂജയ്ക്കായി പോയതെന്നും ഇപ്പോഴത്തെ ശബരിമല തന്ത്രി കൂടിയായ മഹേഷ് മോഹനരും സമ്മതിച്ചിരുന്നു.
കണ്ഠര് രാജീവര് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. മെഡിസിന്‍ കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഐസിയുവിലേക്ക് മാറ്റിയത്. ഇന്നലെ രാവിലെ തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലില്‍ വച്ച് ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് തന്ത്രിയെ ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക പരിശോധനകള്‍ നടത്തിയതിന് ശേഷം വിദഗ്ദ പരിശോധനക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം, തന്ത്രിയെ ശബരിമലയിലെ ദ്വാരപാലക ശില്‍പ്പ പാളികള്‍ കടത്തിയ കേസിലും എസ്ഐടി പ്രതിചേര്‍ക്കും. സ്വര്‍ണ പാളി ചെമ്പാക്കി മാറ്റിയ മഹസ്സറിലും ഒപ്പിട്ടത് വഴി തന്ത്രിക്കും ഗൂഡാലോചനയില്‍ പങ്കുണ്ടെന്നാണ് എസ്ഐടി പറയുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം മാനുവലിലെ തന്ത്രിയുടെ കടമകള്‍ എടുത്തു പറഞ്ഞായിരുന്നു കട്ടിളപാളി കേസിലെ എസ്ഐടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്. തന്ത്രി ദേവസ്വം ബോര്‍ഡില്‍ നിന്നും വാങ്ങുന്ന പ്രതിഫലത്തെ പടിത്തരമെന്നാണ് പറയുന്നത്. പടിത്തരം ദക്ഷിണയല്ല, പ്രതിഫലമെന്നാണ് എസ്ഐടിക്ക് ലഭിച്ച നിയമോപദേശം. അസി.കമ്മീഷണറുടെ അതേ ഉത്തരവാദിത്വങ്ങള്‍ വഹിക്കേണ്ട തന്ത്രി ക്ഷേത്ര സ്വത്തുക്കള്‍ സംരക്ഷിക്കാനും ബാധ്യതസ്ഥനാണെന്ന് പ്രത്യേക സംഘം പറയുന്നു. ഈ ഉത്തരവാദിത്വം മറന്നാണ് കട്ടിളപാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പുറത്തേക്ക് കൊണ്ടുപോകാന്‍ മൗനാനുവാദം നല്‍കിയതെന്നായിരുന്നു കണ്ടെത്തല്‍.




