- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തന്ത്രിക്ക് നിക്ഷേപം നെടുമ്പറമ്പില്‍ ഫിനാന്‍സില്‍ അല്ല; കുന്നത്തുകളത്തില്‍ ഫൈനാന്‍സിയേഴ്സിന്റെ ചങ്ങനാശേരി ശാഖയില്‍; മറുനാടന്‍ ഇന്നലെ പുറത്തു വിട്ട വാര്‍ത്തയ്ക്ക് സ്ഥിരീകരണമായി എസ്ഐടി റിപ്പോര്‍ട്ട്; ദക്ഷിണ ഇനത്തില്‍ തന്ത്രി സമ്പാദിച്ച കോടികള്‍ക്ക് കൈയും കണക്കുമില്ല
ദക്ഷിണ ഇനത്തില്‍ തന്ത്രി സമ്പാദിച്ച കോടികള്‍ക്ക് കൈയും കണക്കുമില്ല

കോട്ടയം: ശബരിമല തന്ത്രി കണ്ഠരര് രാജീവര് 2.50 കോടി നിക്ഷേപിച്ചതായി പറയുന്ന സ്വകാര്യ പണമിടപാട് സ്ഥാപനം കുന്നത്തുകളത്തില്‍ ഫിനാന്‍സ് ആണെന്ന് എസ്ഐടി കോടതിയില്‍. തന്ത്രിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് എസ്ഐടി ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വിവരം ഇന്നലെ മറുനാടന്‍ പുറത്തു വിട്ടിരുന്നു. കേരളാ കോണ്‍ഗ്രസ് എം മുന്‍ സംസ്ഥാന ട്രഷറര്‍ എന്‍.എം. രാജുവിന്റെ ഉടമസ്ഥതയിലുള്ള നെടുമ്പറമ്പില്‍ ഫിനാന്‍സിന്റെ തിരുവല്ല ശാഖയിലാണ് തന്ത്രി 2.50 കോടി നിക്ഷേപിച്ചതെന്നായിരുന്നു നേരത്തേ പുറത്തു വന്ന വിവരം. എ്ന്നാല്‍, ഈ വാര്‍ത്ത തെറ്റാണെന്നും കോട്ടയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കുന്നത്തുകളത്തില്‍ ഫൈനാന്‍സിന്റെ ചങ്ങനാശേരി ശാഖയിലാണ് രണ്ടു തവണയായി തന്ത്രി രണ്ടരക്കോടി നിക്ഷേപിച്ചതെന്നുമാണ് മറുനാടന്‍ ഇന്നലെ വാര്‍ത്ത പുറത്തു വിട്ടത്.
നിക്ഷേപകരില്‍ നിന്നും കോടികള്‍ തട്ടിയ സ്ഥാപനം 2017 കാലഘട്ടത്തിലാണ് പ്രതിസന്ധിയിലായത്. തുടര്‍ന്ന് ഉടമ കെ.വി. വിശ്വനാഥന്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയുടെ മുകളില്‍ നിന്നും ചാടി മരിച്ചു. കേസ് ഇപ്പോഴും കോടതിയില്‍ നടക്കുകയാണ്. കെ.വി. വിശ്വനാഥനെ പിന്നീട് പാപ്പരായി പ്രഖ്യാപിച്ചു. കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പാണ് കുന്നത്തുകളത്തില്‍ ജൂവലറി ആന്‍ഡ് ഫിനാന്‍സ് ഉടമായ വിശ്വനാഥന്‍ നടത്തിയത്. ഇയാളുടെ ഭാര്യ, മക്കള്‍, മരുമക്കന്‍ എന്നിവര്‍ കേസില്‍ പ്രതികളായിരുന്നു.
മൂവായിരത്തോളം നിക്ഷേപകരില്‍ നിന്നായി 150 കോടിയോളം രൂപയാണ് സമാഹരിച്ചത്. വിവിധ ചിട്ടികളും നിക്ഷേപവും വഴിയായിരുന്നു ധനസമാഹരണം. ഒടുവില്‍ ഒരു സുപ്രഭാതത്തില്‍ സ്ഥാപനങ്ങള്‍ പൂട്ടി ഇവര്‍ ഒളിവില്‍പ്പോയി. ഇതിനൊപ്പം വിശ്വനാഥന്‍ കോട്ടയം സബ്കോടതിയില്‍ പാപ്പര്‍ ഹര്‍ജി നല്‍കി. പണം നഷ്ടമായവര്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭം ആരംഭിച്ചു. 150 കോടി എന്ന നിക്ഷേപകരുടെ അവകാശവാദം തള്ളിയ വിശ്വനാഥന്‍ 136 കോടി മാത്രമേ തിരികെ നല്‍കാനുള്ളൂവെന്നാണ് പറഞ്ഞിരുന്നത്. 14 കേസുകളും വിശ്വനാഥനും കുടുംബത്തിനുമെതിരേ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച കേസ് കോടതിയില്‍ നടന്നു വരികയാണ്. വാദം പൂര്‍ത്തിയായി. സ്വര്‍ണം വിറ്റ് പണം നിക്ഷേപകര്‍ക്ക് കൊടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനായി വിനോദ്കുമാര്‍ എന്നയാളെ റിസീവറായി നിയമിച്ചിട്ടുണ്ട്.
പണം പോയ നിക്ഷേപകരില്‍ പരാതിയില്ലാത്ത ഏക ആളാണ് തന്ത്രി കണ്ഠര് രാജീവര്. ഇത്രയും വലിയ തുകയുടെ ഉറവിടം കാണിക്കാന്‍ സാധിക്കാത്തതിനാലാണ് അദ്ദേഹം പരാതി നല്‍കാതിരുന്നത് എന്നു വേണം കരുതാന്‍. കോടികളാണ് ദക്ഷിണ ഇനത്തില്‍ തന്ത്രിയും കുടുംബാംഗങ്ങളും പരികര്‍മികളും സമ്പാദിക്കുന്നത്. ഓരോ ശബരിമല മണ്ഡല-മകര വിളക്ക് കാലത്തും കോടികള്‍ ദക്ഷിണ ഇനത്തില്‍ ലഭിക്കും. നട തുറന്നു കഴിഞ്ഞാല്‍ തന്ത്രിയുടെ സാന്നിധ്യം സന്നിധാനത്ത് വേണ്ടെന്നാണ് പറയുന്നത്. ഇതിന് വിപരീതമായി തന്ത്രിമാര്‍ ശ്രീകോവിലിന് സമീപമുളള വിശ്രമകേന്ദ്രത്തില്‍ ഭക്തരെ സ്വീകരിക്കും. ഉന്നത പോലീസുദ്യോഗസ്ഥര്‍ അടക്കമാണ് ഇവിടെ എത്തി തന്ത്രിയെ സാഷ്ടാംഗം പ്രണമിക്കുന്നത്.
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ദര്‍ശനത്തിന് വരുന്ന ഭക്തര്‍ ഇവിടെ എത്തി തന്ത്രിയെ വണങ്ങി ഭസ്മവും നെയ്യും വാങ്ങും. നോട്ടുകെട്ടുകളാണ് ദക്ഷിണയായി മുന്നില്‍ വച്ചിരിക്കുന്ന പാത്രത്തില്‍ ഇടുന്നത്. ഈ രീതിയിലുളള ദിവസ വരുമാനം ലക്ഷങ്ങള്‍ വരും. ഇതിനായി പ്രത്യേക ഇടനിലക്കാരുമുണ്ട്. ഇങ്ങനെ വരുന്ന ചില ഭക്തര്‍ തങ്ങളുടെ വീടുകളില്‍ പൂജ ചെയ്യാന്‍ വേണ്ടി ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി തന്ത്രികളെയും പരികര്‍മികളെയും കൊണ്ടു പോകുന്ന പതിവുണ്ട്. ഇതിനും ദക്ഷിണയായി ലക്ഷങ്ങള്‍ ലഭിക്കും. താഴമണ്‍ കുടുംബത്തിന് താന്ത്രിക പദവിയുള്ള ക്ഷേത്രങ്ങളില്‍ കൊടിയേറ്റിനും പുനഃപ്രതിഷ്ഠയ്ക്കുമൊക്കെ പോകുന്നതിനും ദക്ഷിണയായി വന്‍ തുകയാണ് ലഭിക്കുക. ഇതൊന്നും കണക്കില്‍പ്പെടുന്ന പണമല്ല. അതു കാരണം ഇന്‍കംടാക്സ് വെട്ടിക്കുകയാണ്. തന്ത്രിയെ ദേവതുല്യരായി കാണുന്ന ഉദ്യോഗസ്ഥര്‍ റെയ്ഡിന് പോകാനും മടിക്കും. നിലവില്‍ കേരളാ പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ അടക്കം ഇങ്ങനെ തന്ത്രിയുടെ കാലില്‍ വീണ് നമസ്‌കരിച്ചു കൊണ്ടിരുന്നയാളാണ്.
വിശ്വാസികളായ ഉദ്യോഗസ്ഥര്‍ ആരും തന്നെ തന്ത്രിമാരെ പരിശോധിക്കാന്‍ തയാറാകില്ല. ഇതു കാരണം ഇവരുടെ അനധികൃത സമ്പാദ്യം സേഫ് ആണ്. തന്ത്രി കണ്ഠര് രാജീവര്‍ക്ക് കുന്നത്തുകളത്തില്‍ നിക്ഷേപമുണ്ടെന്നും അദ്ദേഹം പരാതി കൊടുത്തിട്ടില്ലെന്നും ആദ്യം കോടതിയില്‍ അറിയിച്ചത് സ്ഥാപനം ഉടമ തന്നെയാണ്. ഇയാള്‍ കോട്ടയം സബ്കോടതിയില്‍ നല്‍കിയ പാപ്പര്‍ സ്യൂട്ടിലാണ് ഇക്കാര്യം പറഞ്ഞിരുന്നത്. നേരത്തേ തന്നെ ഈ വിവരം പുറത്തു വന്നിരുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നിട്ടു പോലും ആദായനികുതി പരിശോധനയോ ഇഡി റെയ്ഡോ ഉണ്ടായിട്ടില്ല. ബിജെപിയുടെ സംസ്ഥാന നേതാവ് തന്ത്രിയുടെ അടുത്ത ബന്ധുവാണ്.


