- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചർച്ച ബില്ലിൽ കൈവച്ചാൽ പൊള്ളുമെന്ന് സർക്കാരിന് ഭയം; തർക്കമുള്ള ദേവാലയങ്ങളിൽ ഭൂരിപക്ഷം ഇടവക വിശ്വാസികളുടെ തീരുമാനപ്രകാരം ഭരണനിർവഹണവും ആരാധനയും കർമ്മങ്ങളും നടക്കണം എന്ന ആവശ്യം നടപ്പായില്ല; യാക്കോബായ സഭയ്ക്ക് ആറു പള്ളികൾ കൂടി നഷ്ടമാകും; ഓർത്തഡോക്സ് സഭയ്ക്ക് തുണ കോടതി വിധികൾ
കൊച്ചി: യാക്കോബായ സഭയ്ക്ക് ആറു പള്ളികൾ കൂടി നഷ്ടമാകും. ഓർത്തഡോക്‌സ് വിഭാഗത്തിന് ആരാധനയ്ക്ക് സംരക്ഷണം നൽകാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയ സാഹചര്യത്തിലാണ് ഇത്. യാക്കോബായ സഭയ്ക്ക് മൃഗീയ ഭൂരിപക്ഷം ഉള്ള ആറ് പള്ളികളാണ് നഷ്ടമാകുന്നത്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന യാക്കോബായ, ഓർത്തഡോക്സ് സഭാതർക്കം പരിഹരിക്കാൻ നിയമം നിർമ്മിക്കാൻ എൽ.ഡി.എഫും സർക്കാരും തീരുമാനിച്ചതിനെ യാക്കോബായ സുറിയാനിസഭ വർക്കിങ് കമ്മിറ്റി യോഗം സ്വാഗതം ചെയ്തിരുന്നു. എന്നാൽ ചർച്ച ബില്ലിൽ അന്തിമ തീരുമാനമായില്ല. ഇതിനിടെയാണ് കൂടുതൽ പള്ളികൾ യാക്കോബായ സഭയ്ക്ക് നഷ്ടമാകുന്നത്.
അങ്കമാലി ഭദ്രാസനത്തിന് കീഴിലെ ഓടക്കാലി സെന്റ് മേരീസ് പള്ളി, പെരുമ്പാവൂർ ഭദ്രാസനത്തിന്റെ മഴുവന്നൂർ സെന്റ് തോമസ് പള്ളിയും പുളിന്താനം സെന്റ് ജോൺസ് പള്ളിയും കണ്ടനാട് ഭദ്രാസനത്തിന്റെ ആട്ടിൻകുന്ന് സെന്റ് മേരീസ് പള്ളിയും കാരിക്കോട് സെന്റ് മേരീസ് പള്ളിയും കൊല്ലം ഭദ്രാസനത്തിന്റെ മുഖത്തല സെന്റ് സ്റ്റീഫൻസ് പള്ളി എന്നിവയാണ് യാക്കോബായ സഭയ്ക്ക് നഷ്ടമാകാൻ പോകുന്നത്. ചർച്ച് ബിൽ ഇതിന് പരിഹാരമാകുമെന്ന് യാക്കോബായ സഭ പറയുന്നു. എന്നാൽ ഓർത്തഡോക്‌സ് സഭ ഇതിനെ എതിർക്കുന്നു.
ഈ സാഹചര്യത്തിലാണ് ചർച്ച് ബിൽ വൈകുന്നത്. 2017ലെ സുപ്രീംകോടതി വിധിയെ വളച്ചൊടിച്ച് യാക്കോബായ ദേവാലയങ്ങൾ പിടിച്ചെടുക്കുന്നതും മൃതദേഹങ്ങൾക്ക് അന്ത്യകർമ്മങ്ങൾ നിഷേധിക്കുന്നതും നിയമം നടപ്പാക്കുന്നതോടെ അവസാനിക്കും.സുപ്രീംകോടതി വിധിയിൽ സർക്കാരിന് നിയമം നിർമ്മിച്ച് പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. തർക്കമുള്ള ദേവാലയങ്ങളിൽ ഭൂരിപക്ഷം ഇടവക വിശ്വാസികളുടെ തീരുമാനപ്രകാരം ഭരണനിർവഹണവും ആരാധനയും കർമ്മങ്ങളും നടക്കണം എന്നതാണ് യാക്കോബായ സഭയുടെ നിലപാട്.
സർക്കാർ നടത്തിയ ഹിതപരിശോധനയിൽ 12 ലക്ഷം വിശാസികളും പൗരപ്രമുഖരും നിയമനിർമ്മാണത്തെ അനുകൂലിച്ചിരുന്നു. നിർദ്ദിഷ്ട ബിൽ ശുപാർശ ചെയ്ത ജസ്റ്റിസ് കെ.ടി. തോമസിന്റെ ഉദ്യമത്തെ സഭ നന്ദിയോടെ സ്മരിക്കുന്നു. ആറു വർഷമായി തുടരുന്ന ക്രമസമാധാന പ്രശ്‌നങ്ങൾ, വിശ്വാസ പീഡനം, പള്ളി പിടിത്തം, അതിക്രമം എന്നിവ ഇതോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത അറിയിച്ചിരുന്നു. എന്നാൽ ചർച്ച് ബില്ലിൽ സർക്കാർ കരുതലോടെയാണ് നീങ്ങുന്നത്. ക്രൈസ്തവരെ അടുപ്പിക്കാൻ ബിജെപി നടത്തുന്ന നീക്കം കൂടി മനസ്സിലാക്കിയാണ് ഇത്. യാക്കോബായ-ഓർത്തഡോക്‌സ് വിഭാഗങ്ങളിൽ ആരും ബിജെപിയുമായി അടുക്കരുതെന്നതാണ് സിപിഎം നിലപാട്. ചർച്ച് ബിൽ വൈകുമ്പോഴാണ് ആറു പള്ളികൾ യാക്കോബായ സഭയ്ക്ക് കൈമോശം വരുന്നത്.
യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളെല്ലാം 1934-ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നും ഇതിനുള്ള അവകാശം ഓർത്തഡോക്‌സ് സഭയ്ക്കാണെന്നും സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സഭയിൽ ശാശ്വതമായ സമാധാനം ഉണ്ടാകുമെന്നാണ് ഓർഡഡോക്സ് സഭയുടെ പ്രതികരണം. പള്ളി ഓർത്തഡോക്സ് സഭയുടെ ഭാഗമാണെന്നും സഭാഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്നും അധികാരം കൈമാറണമെന്നുമാണ് മിക്ക പള്ളികളുമായും പുറത്തു വരുന്ന വിധി. ഇടവകാംഗങ്ങളെ തരംതിരിക്കുന്ന രീതി മാറും, എല്ലാ വിശ്വാസികൾക്കും പള്ളി കമ്മിറ്റിയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുമെന്നും ഓർത്തഡോക്‌സ് സഭയും പറയുന്നു. പക്ഷേ രണ്ടു കൂട്ടർക്കും ഇക്കാര്യത്തിൽ സമവായം ഉണ്ടാക്കാൻ കഴിയുന്നതുമില്ല.
ഏറെക്കാലമായി യാക്കോബായ ഓർത്തഡോക്‌സ് തർക്കം നിലനിൽക്കുന്ന ആരാധനാലയമാണ് ഓടക്കാലി സെന്റ് മേരീസ് പള്ളി. സുപ്രീം കോടതി വിധി ഓർത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടർന്ന് ഇവർക്ക് പള്ളിയിൽ പ്രവേശിക്കാനായില്ല. വിധി നടപ്പായി കിട്ടുന്നില്ലെന്ന് കാണിച്ച് ഓർത്തഡോക്‌സ് വിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പള്ളി ഏറ്റെടുത്ത് യാക്കോബായ വിഭാഗത്തെ ഏൽപ്പിക്കണമെന്നതായിരുന്നു ഹൈക്കോടതി നിലപാട്. ഇതു തന്നെയാണ് മറ്റ് അഞ്ച് പള്ളികളിലും സംഭവിച്ചത്.
മറുനാടന് മലയാളി ബ്യൂറോ