കൊച്ചി: ഹൈക്കോടതിയിൽ സർക്കാരിന് ഏറ്റത് വലിയ തിരിച്ചടി. ട്വന്റി ട്വന്റി നേതാവ് സാബു എം ജേക്കബ് അഴിക്കുള്ളിലാക്കാനുള്ള നീക്കം ഇനി നടക്കില്ല. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടിഎ ഷാജി ഹൈക്കോടതിയിൽ നേരിട്ടെത്തിയിട്ടും ഫലം കണ്ടില്ല. കോടതിയുടെ ചോദ്യങ്ങൾക്ക് മുമ്പിൽ പ്രോസിക്യൂഷൻ അക്ഷരാർത്ഥത്തിൽ വലഞ്ഞു. ജസ്റ്റീസ് കൗസർ എടപ്പഗത്തിന്റെ ബഞ്ചിലെ വാദങ്ങളും നിരീക്ഷണവുമെല്ലാം ഉയർത്തുന്നത് ിവി ശ്രീനിജിൻ എംഎൽഎ ക്കെതിരായ ജാതിഅധിക്ഷേപ കേസിലെ കള്ളക്കളികളും പൊള്ളത്തരവുമാണ്. എങ്ങനെ രാഷ്ട്രീയ എതിരാളികളെ കേസിൽ കുടുക്കി ജയിലിൽ അടയ്ക്കാം എന്നതിന് തെളിവാണ് ഈ കേസും.

സാധാരണ വലിയ കേസുകളിലാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഹാജരാകാറുള്ളത്. സർക്കാരിനെ നേരിട്ട് ബാധിക്കുന്ന വിവാദങ്ങളിലാണ് അങ്ങനെ ചെയ്യാറ്. എന്നാൽ തീർത്തും അപ്രസക്തമെന്ന് തോന്നുന്ന കേസിൽ ഡിജിപി തന്നെ വാദിക്കാനെത്തി. എന്നാൽ കേസ് കേട്ട ജഡ്ജിയുടെ ചോദ്യങ്ങൾ ഡിജിപിയെ പോലും വെട്ടിലാക്കുന്നതാണ്. കേസിന്റെ മെറിറ്റിലേക്ക് കോടതി കടന്നില്ലെങ്കിലും ഉയർത്തി ചോദ്യങ്ങൾ ഈ കേസിന്റെ പൊള്ളത്തരം തുറന്നു കാട്ടുന്നതാണ്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹരജിയിൽ വാദം കേട്ടത്. അറസ്റ്റ് തടഞ്ഞ ഉത്തരവ് തുടരും. അന്വേഷണ ഉദ്യോഗസ്ഥൻ നോട്ടീസ് നൽകി ആവശ്യപ്പെടുന്ന ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണം എന്നും ആവശ്യപ്പെട്ടു.

കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ട്വന്റി20 ചീഫ് കോഓർഡിനേറ്റർ സാബു എം. ജേക്കബ് ഹൈക്കോടതിയെ സമീപിച്ചത്. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം തനിക്കെതിരെ എടുത്ത കേസ് നിയമപരമായി നിലനിൽക്കില്ലെന്നാണ് ഹർജിയിൽ സാബു എം. ജേക്കബ് ചൂണ്ടിക്കാട്ടിയിരുന്നു. ''ചിങ്ങം ഒന്നിന് ഐക്കരനാട് കൃഷിഭവനിൽ നടന്ന പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ല. എംഎൽഎയുമായി വർഷങ്ങളായി രാഷ്ട്രീയമായി അഭിപ്രായഭിന്നതകൾ ഉണ്ട്. ഈ വൈരാഗ്യമാണ് കേസിനു പിന്നിൽ''-ഇതാണ് വാദം. ചിങ്ങം കഴിഞ്ഞ് കന്നിയും തുലാമും വൃശ്ചികവുമാകുമ്പോഴാണ് പൊലീസിൽ പരാതിയും എഫ് ഐ ആറും ഇട്ടതെന്നതാണ് ഈ കേസിന്റെ പ്രത്യേകത. അതെല്ലാം ഇന്നത്തെ ഹൈക്കോടതി നടപടി ക്രമങ്ങളിൽ ചോദ്യമായി ഉയരുന്നുണ്ട്. വ്യക്തമായ മറുപടി പ്രോസിക്യൂഷന് ഇല്ലെന്നതാണ് വസ്തുത.

എഫ്ഐആർ റദ്ദാക്കണമെന്ന ഉൾപ്പെടെയുള്ള ആവശ്യം പിന്നീട് വിശദമായ വാദത്തിനായി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാനാണ് തീരുമാനം. എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ വൈകിയെന്നും ജാതി അധിക്ഷേപം നടത്തിയിട്ടില്ലയെന്നും പഞ്ചായത്തംഗങ്ങളായ കൂട്ടു പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയിട്ടില്ലെന്നുമായിരുന്നു സാബു എം ജേക്കബിന്റെ അഭിഭാഷകന്റെ വാദങ്ങൾ. കർഷക ദിനാചരണ - സംഭവസ്ഥലത്തും സമയത്തും സാബു ഉണ്ടായിരുന്നില്ല. വീഡിയോ ഹാജരാക്കാം എന്നും വിശദീകരിച്ചു. ഇതെല്ലാം ഹൈക്കോടതി ഗൗരവത്തോടെ എടുത്തിട്ടുണ്ട്. ഈ കേസിന്റെ തുടർ വാദവും അതിന് ശേഷമുള്ള ഭാവിയും എന്താകുമെന്ന് വ്യക്തമാക്കുന്നതാണ് കോടതിയിലെ ഇന്നത്തെ നടപടികളെല്ലാം.

2016 ലെ തിരഞ്ഞെടുപ്പിലും തുടർന്നും 20-20 വിജയ കുതിപ്പ് തുടർന്നതിന്റെ നീരസ്സമാണ് എംഎ‍ൽഎ യുടെ പരാതിക്ക് പിറകിലെന്നാണ് ട്വന്റി ട്വന്റിയുടെ ആക്ഷേപം. കിറ്റക്സ് കമ്പനിക്കെതിരെ ഭരണത്തിലുള്ള പാർട്ടിയുടെ സമ്മർദ്ദ പ്രകാരം റെയ്ഡുകൾ നടത്തി കമ്പനി പൂട്ടിക്കാൻ നോക്കിയ ചരിത്രമുണ്ട്. സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് നടത്തിയപ്പോൾ എംഎ‍ൽഎ ബ്രാഞ്ച് സെക്രട്ടറിയെ വച്ച് പൊലീസ് പരാതി നൽകി തുടർന്ന് മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയിലേക്ക് വരേണ്ടിയിരുന്നു. തുടർന്ന് നടന്ന വിളക്കണക്കൽ സമരത്തിനു ശേഷം 20-20 യുടെ നേതാവ് സംഘർഷത്തിനെ തുടർന്ന് മരിച്ചതും കോടതിയെ അറിയിച്ചു. ഇതെല്ലാം എംഎ‍ൽഎയുടെ പാർട്ടിയും 20-20 യും തമ്മിലുള്ള ബന്ധം വഷളാക്കി. ശ്രീനിജന്റെ പരാതിയിൽ കേസെടുക്കാനുള്ള ജാതീയമായ പരാമർശമുണ്ടായി എന്നതിന് സാധുത ഉള്ള കാര്യം വിശദമാക്കിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു. ട്വന്റി ട്വന്റിയുടെ വാദങ്ങൾക്ക് കോടതി പരോക്ഷ അംഗീകാരവും നൽകി.

എന്തു കൊണ്ട് സാബുവിനെ അറസ്റ്റ് ചെയ്യണമെന്ന് പറയുകയും അന്വേഷണം പൂർത്തിയാക്കാതെ മുന്നോട്ട് പോകുകയും ചെയ്യുന്നതെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. എംഎ‍ൽഎ പട്ടിക ജാതിക്കാരനായ കാരണം മാത്രമാണ് പ്രതികൾ പരിപാടി ബോയ്കോട്ട് ചെയ്ത് പോയത് എന്നതിന് തെളിവുകൾ ഉണ്ടോ എന്ന് കോടതി തിരിക്കി. ഈ കേസ് വിശദമായി കേൾക്കേണ്ടതുണ്ടെന്നും പറഞ്ഞു. നേരത്തേ സാബു എം ജേക്കബ് ഉൾപ്പെടെയുള്ള പ്രതികൾക്ക് കോടതി അറസ്റ്റിൽ നിന്നും സംരക്ഷണം നൽകിയിരുന്നു. ആ സംരക്ഷണം തുടരാനും നിർദ്ദേശിച്ചു. ഫലത്തിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നേരിട്ട് വന്നിട്ടും പ്രോസിക്യൂഷൻ ആഗ്രഹിച്ച ഫലം കേസിലുണ്ടായില്ലെന്നതാണ് വസ്തുത. സാബു ജേക്കബിനെതിരെ കേസെടുക്കാൻ എന്തു കൊണ്ട് മൂന്ന് മാസം എടുത്തു എന്നും കോടതി ചോദിച്ചു. സാബു ജേക്കബിന്റെ ആരോപണങ്ങളും അന്വേഷിക്കട്ടേ എന്നും കോടതി പറഞ്ഞു.

എം എൽ എ എന്ന നിലയിൽ സമുഹത്തിൽ ഒറ്റപ്പെടുത്താനും അപമാനിക്കാനും ശ്രമിച്ചുവെന്നതാണ് കേസിനാസ്പദമെന്നായിരുന്നു പ്രോസിക്യഷന് വേണ്ടി ഡിജിപി എടുത്ത നിലപാട്. എന്നാൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ബഹിഷ്‌ക്കരിക്കാൻ ആവകാശമുണ്ടെന്നും നയപരമായ ബഹിഷ്‌ക്കരണം അധിക്ഷേപം അല്ലെന്നും കോടതി പറഞ്ഞു. ബഹിഷ്‌ക്കരിക്കൽ വ്യക്തിഹത്യയും അപമാനിക്കലുമാണെന്നും ഡി ജി പി മറുപടിയായി പറഞ്ഞു. വക്കിലന്മാർ കോടതി ബഹിഷ്‌ക്കരിക്കാറില്ലേ എന്നായി കോടതിയുടെ മറു ചോദ്യം. ഇതിന് മുമ്പിൽ ഡിജിപി പെട്ടു. സാബു ജേക്കബിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണമെന്നും ആവശ്യപ്പെട്ടു.