- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിണറായിക്കെതിരെ രൂക്ഷ വിമർശനവുമായി സാബു എം ജേക്കബ്
കൊച്ചി: കുവൈത്തിലെ തീപിടിത്ത ദുരന്തവുമായി ബന്ധപ്പെട്ടു ലോക കേരളസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്. ലോക കേരളസഭയിൽ ദുഷ്ടലാക്കോടെ നടത്തിയ പ്രസ്താവനകൾ പ്രവാസികൾക്ക് മുഴുവനും അപമാനകരമാമാണെന്ന് സാബു കുറ്റപ്പെടുത്തി. കുവൈത്തിലെ ദുരന്തവുമായി ബന്ധപ്പെട്ട് മലയാളിയായ പ്രവാസി വ്യവസായി കെ.ജി.ഏബ്രഹാമിനെ കുറ്റപ്പെടുത്തുന്ന തരത്തിൽ സംസാരിച്ചതിലൂടെ മുഖ്യമന്ത്രിയുടെ മനസ്സിലടിഞ്ഞുകൂടിയ പകയും വിഷവുമാണു പുറത്തേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.
"ഒരു വ്യവസായവും ഒരുതരത്തിലും നടത്തിക്കൊണ്ടു പോകാൻ പറ്റാത്ത സ്ഥിതിവിശേഷമാണ് ഇന്ന് കേരളത്തിൽ. ഇവിടെനിന്നു ഗതികേടുകൊണ്ട് നാടുവിട്ട്, പതിറ്റാണ്ടുകളുടെ കഠിനപ്രയത്‌നത്തിലൂടെ വിജയം കൈവരിച്ച കെ.ജി.ഏബ്രഹാം എന്ന പ്രവാസി വ്യവസായിയെ തീർത്തും യാദൃശ്ചികമായുണ്ടായ ദുരന്തമുഖത്ത് ഒറ്റപ്പെടുത്താനും ഇല്ലായ്മ ചെയ്യാനുമുള്ള മുഖ്യമന്ത്രിയുടെ കുടിലതന്ത്രം അങ്ങേയറ്റം അപലപനീയമാണ്. താൻ ചെയ്ത കൊള്ളരുതായ്മകളെ വിമർശിക്കുന്നവരെ അടിച്ചൊതുക്കാനുള്ള വേദിയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ലോകകേരള സഭയുടെ വേദി ഉപയോഗിച്ചത്."
"ഒരു പ്രവാസിക്കെതിരെ മുഖ്യമന്ത്രി നടത്തിയ കണ്ണിൽ ചോരയില്ലാത്ത പ്രസ്താവന യാതൊരു ഉളുപ്പുമില്ലാതെ കേട്ടിരുന്ന് കയ്യടിച്ച പ്രവാസി പ്രതിനിധികളായ 'പ്രാഞ്ചിയേട്ടന്മാരോട്' സഹതാപം മാത്രമാണ് തോന്നുന്നത്. ആയിരക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നൽകുന്ന ഒരു പ്രവാസി വ്യവസായിക്ക് ഈ പ്രതിസന്ധി ഘട്ടത്തിൽ ധാർമിക പിന്തുണ കൊടുക്കേണ്ട ഉത്തരവാദിത്തം എല്ലാ പ്രവാസികൾക്കും വ്യവസായികൾക്കുമുണ്ട്. അവർ നിശബ്ദത പാലിക്കുന്നത് ശരിയല്ല. തന്റെ ഇഷ്ടങ്ങൾക്കും താല്പര്യങ്ങൾക്കുമൊപ്പം നിൽക്കാത്തവരെ അടിച്ചൊതുക്കിയിട്ടുള്ള മുഖ്യമന്ത്രി പിണറായിയുടെ ദുഷിച്ച മനസ്സ് മലയാളികൾ തിരിച്ചറിയണം."
"ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ അപകടത്തിൽ കുവൈത്ത് അധികാരികൾ പോലും അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന്റെ കമ്പനിക്കും അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും ഈ ദുരന്തത്തെ അതിജീവിക്കാനുള്ള പിന്തുണ നൽകാനാണ് ശ്രമിച്ചത്. പ്രവാസികളടക്കമുള്ള നിരവധി വ്യവസായികളുടെ ചോരയും നീരും ഊറ്റിക്കുടിച്ചാണ് സിപിഎം കേരളത്തിൽ വളർന്നത്. പാവപ്പെട്ടവർക്ക് പെൻഷൻ പോലും കൊടുക്കാതെ പൊതുഖജനാവിലെ കോടിക്കണക്കിന് രൂപ ഉപയോഗിച്ചാണ് ലോക കേരളസഭ നടത്തുന്നത്." സാബു ജേക്കബ് പറഞ്ഞു.
നേരത്തെ കുവൈറ്റിലെ അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും തീപിടിത്തം ദൗർഭാഗ്യകരമായ സംഭവമെന്നും എൻബിടിസി ഗ്രൂപ്പ് ഡയറക്ടർ കെ ജി എബ്രഹാം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. അപകടം നടക്കുമ്പോൾ ഞാൻ തിരുവനന്തപുരത്തായിരുന്നു. കമ്പനിയിലെ ജീവനക്കാരെ എല്ലാവരെയും കുടുംബം പോലെയാണ് കണ്ടത്. 49 വർഷമായി കുവൈറ്റിലാണ് താൻ ഉള്ളത്. കുവൈറ്റിനെയും ജനങ്ങളെയും താൻ സ്നേഹിക്കുന്നു. ഇന്ത്യൻ എംബസി നന്നായി കാര്യങ്ങൾ ചെയ്തെന്നും കേന്ദ്രത്തിന്റെ നല്ല ഇടപെടൽ കാരണമാണ് മൃതദേഹങ്ങൾ വേഗത്തിൽ ഇന്ത്യയിലെത്തിക്കാൻ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻഷുറൻസ് തുകയ്ക്ക് പുറമേ എട്ട് ലക്ഷം നഷ്ടപരിഹാരം നൽകും. അപകടത്തിൽ എന്തെങ്കിലും ദുരൂഹതയുള്ളതായി കരുതുന്നില്ല. അന്വേഷണവുമായി പൂർണമായും സഹകരിക്കും. 31 പേരാണ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലുള്ളത്. മാനേജിങ് ബോർഡിലുള്ള രണ്ട് പേർ വീതം മരിച്ചവരുടെ വീടുകളിലെത്തി വിവരശേഖരണം നടത്തും. മരിച്ചവരുടെ കുടുംബത്തെ നേരിട്ട് കണ്ട് ആദരാഞ്ജലി അറിയിക്കും. മരിച്ചവരുടെ കുടുംബത്തിന് എല്ലാ സഹായവും നൽകും. സഹായം ആര് ആവശ്യപ്പെട്ടാലും നൽകാൻ തയാറാണ്. തങ്ങൾക്കതിനുള്ള ബാധ്യതയുണ്ടെന്നും അദ്ദഹം വ്യക്തമാക്കിയിരുന്നു.
കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എൻബിടിസി ഗ്രൂപ്പിന്റെ ലേബർ ക്യാമ്പിൽ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ 49 പേരാണ് മരിച്ചത്. 23 മലയാളികളാന് ആകെ മരിച്ചത്. തൊഴിലാളികൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു തീപിടിത്തം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്ത കാരണമെന്ന് ജനറൽ ഫയർ ഫോഴ്സ് അറിയിച്ചിരുന്നു.