തിരുവനന്തപുരം: ആലത്തൂർ ലോക്സഭാ സീറ്റിൽ മന്ത്രി കെ രാധാകൃഷ്ണൻ ജയിച്ചതോടെ മന്ത്രിസഭാ പുനഃസംഘടന ഉറപ്പായി. രാധാകൃഷ്ണൻ ലോക്‌സഭയിലെ പാർട്ടി നേതാവാകാനാണ് സാധ്യത. സിപിഎം കേന്ദ്ര കമ്മറ്റി അംഗമായ രാധാകൃഷ്ണൻ ഇനി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കും. അതിനിടെ സിപിഎമ്മിൽ പകരം മന്ത്രിയെ കുറിച്ചുള്ള ചർച്ച സജീവമാണ്. സച്ചിൻദേവ്, കെ ശാന്തകുമാരി, ഒ ആർ കേളു എന്നിവരിൽ ഒരാൾക്ക് പ്രഥമ പരിഗണന നൽകുന്ന തരത്തിലാണ് സിപിഎമ്മിലെ ചിന്തകൾ. എന്നാൽ ക്ലീൻ ഇമേജുള്ള കേളുവിനും ശാന്തകുമാരിക്കും അനുകൂല ചർച്ചകൾ സജീവമാണ്.

എസ് എഫ് ഐയിലൂടെ രാഷ്ട്രീയത്തിൽ സജീവമായ സച്ചൻ ദേവിനെ മന്ത്രിയാക്കുന്നതിലൂടെ പുതിയ നേതാവിനെ ഉയർത്തിക്കാട്ടാൻ കഴിയുമെന്ന് ഒരു വിഭാഗം വാദിച്ചിരുന്നു. എന്നാൽ തിരുവനന്തപുരത്തെ കെ എസ് ആർ ടി സി ഡ്രൈവറുമായുള്ള വിവാദം സച്ചിൻ ദേവിന്റെ സാധ്യതകളെ ബാധിച്ചിട്ടുണ്ട്. സച്ചിൻ ദേവിന് വേണ്ടി മന്ത്രി മുഹമ്മദ് റിയാസ് സജീവമായുണ്ട്. ഇതിനിടെയിലും ജനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലെ തോന്നൽ ഇനി സിപിഎമ്മിൽ ഉണ്ടാകരുതെന്ന ചർച്ച സജീവമാണ്. ഇത് സച്ചിൻ ദേവിന് വിനയാകും. എന്നാൽ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റേതാകും. അതുകൊണ്ട് തന്നെ സച്ചിൻ ദേവിന് മന്ത്രിസ്ഥാനത്തേക്ക് നല്ല പ്രതീക്ഷയുണ്ട്.

കോങ്ങാട്ടെ ശാന്തകുമാരി, ബാലുശേരിയിലെ സച്ചിൻദേവ്, തരൂരിലെ പിപി സുമോദ്, ദേവികുളത്തെ എ.രാജ, മാവേലിക്കരയിലെ എംഎസ് അരുൺകുമാർ, ആറ്റിങ്ങലിലെ ഒഎസ് അംബിക, മാനന്തവാടിയിലെ കേളു എന്നിവരാണ് സിപിഎമ്മിന്റെ പരിഗണനാ പട്ടികയിലുള്ളതെന്നും വ്യക്തം.

വനിതാ പ്രാതിനിധ്യം കൂട്ടാൻ കോങ്ങാട് എംഎൽഎയായ ശാന്തകുമാരിയിലൂടെ കഴിയുമെന്ന വിലയിരുത്തലുമുണ്ട്. മുതിർന്ന നേതാവെന്ന പരിഗണനയിലാണ് മാനന്തവാടി എംഎൽഎയായ കേളുവിനേയും ചർച്ചകളിൽ സജീവമാക്കുന്നത്. വയനാട്ടിൽ നിന്നും മന്ത്രിയില്ലെന്നതും കേളുവിന് അനുകൂല ഘടകമാണ്. വയനാട്ടിൽ സിപിഎം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നുവെന്നതും കേളുവിന് തുണയായി മാറിയേക്കും. ശാന്തകുമാരിക്കും കേളുവിനും പാർട്ടിക്കാർക്കിടയിലും നല്ല മതിപ്പാണ്. അതുകൊണ്ട് തന്നെ ഇവരിൽ ഒരാളെ മന്ത്രിയാക്കണമെന്നതാണ് സിപിഎമ്മിലെ പൊതു താൽപ്പര്യം.

പാർട്ടിയുടെ ആദിവാസി വിഭാഗം പോഷക സംഘടനയായ ആദിവാസി ക്ഷേമ സമിതിയുടെ നേതാവായ ഒ.ആർ. കേളു വയനാട്ടിലെ പ്രധാന സിപിഎം നേതാവാണ്. സിപിഎം സംസ്ഥാന സമിതിയിലുമുണ്ട്. ട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയർമാനും കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂനിവേഴ്സിറ്റിയുടെ ബോർഡ് ഓഫ് മാനേജ്മെന്റ് അംഗവുമാണ്. രണ്ടു പതിറ്റാണ്ടിലേറെയായി ജനപ്രതിനിധിയെന്ന നിലയിൽ കേളു സജീവ സാന്നിധ്യമാണ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂർക്കുന്ന് വാർഡിൽനിന്ന് 2000ൽ ഗ്രാമപഞ്ചായത്ത് അംഗമായാണ് തുടക്കം.

തുടർന്ന് 2005ലും 2010ലുമായി തുടർച്ചയായി 10 വർഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. പിന്നീട് 2015ൽ തിരുനെല്ലി ഡിവിഷനിൽനിന്നും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ തോൽപിച്ച് മാനന്തവാടി നിയോജക മണ്ഡലം എംഎ‍ൽഎയായി. സിപിഎം വയനാട് ജില്ല കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരവേയാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടിയിൽനിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. നിയമസഭയിലെ രണ്ടാം ടേം എന്നതും കേളുവിന് മുൻഗണന
നൽകുമെന്ന് കരുതുന്നു

അതുകൊണ്ട് തന്നെ ആർക്കാകും നറുക്ക് വീഴുകയെന്ന പ്രവചനം അസാധ്യമാണ്. ചേലക്കര ഉപതിരഞ്ഞെടുപ്പിൽ മറ്റൊരു മുതിർന്ന നേതാവിനെ മത്സരിപ്പിക്കുന്നത് സിപിഎം ആലോചിക്കുന്നുണ്ട്. എകെ ബാലനെ അടക്കം ഈ സീറ്റിലേക്ക് പരിഗണിക്കും.

അങ്ങനെ മുതിർന്ന നേതാക്കളിൽ ഒരാൾ മത്സരിച്ചാൽ രാധാകൃഷ്ണന് പകരം മന്ത്രിയായി ചേലക്കരയിൽ നിന്നു ജയിക്കുന്ന എംഎൽഎയെ കൊണ്ടു വരാനും സാധ്യതയുണ്ട്. ചേലക്കര ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പിക്കാൻ മന്ത്രി കാർഡ് അടക്കം പുറത്തിറക്കാൻ ഇതിലൂടെ കഴിയും.