പത്തനംതിട്ട: പമ്പ മുതൽ സന്നിധാനം വരെ ഒരു പോറൽ പോലും ഏൽക്കാതെ ശയന പ്രദക്ഷിണം ചെയ്തുവെന്ന സോഷ്യൽ മീഡിയയിലെ അവകാശ വാദം തെറ്റെന്ന നിലപാടിൽ ദേവസ്വം ബോർഡും പൊലീസും. ഇക്കാര്യത്തിൽ പൊലീസ് വിശദ സിസിടിവി പരിശോധന നടത്തും. ഏത് സാഹചര്യത്തിലാണ് ഇത്തരത്തിലൊരു അവകാശ വാദം നടത്തിയതെന്നും പരിശോധിക്കും.

പ്രാഥമിക പരിശോധനകളിൽ വ്യാജ അവകാശ വാദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. തീർത്ഥാടന പാതയിൽ ഇടയ്ക്കിടെ ഇയാൾ ശയന പ്രദക്ഷിണം നടത്തി. മല ഉരുണ്ടു കയറുകയെന്നത് അസാധ്യമാണ്. അങ്ങനെ ഒരാൾ കയറിയത് മറ്റാരും കണ്ടിട്ടുമില്ല. ട്രാക്ടർ റോഡിലൂടെ ഉരുണ്ടു കയറിയെന്നാണ് അവകാശ വാദം. പമ്പാ ഗണപതി ക്ഷേത്രത്തിന് പുറകിൽ നിന്ന് നീലിമല വരെയുള്ള ഇറക്കം ഇയാൾ ഉരുണ്ടിറങ്ങി. അതിന് ശേഷം മല ചവിട്ടി കയറി. പിന്നീട് മരക്കൂട്ടത്തിന് ശേഷമുള്ള നിരപ്പായ പാതയിലും ശയന പ്രദക്ഷിണം നടത്തി. പിന്നെ പതിനെട്ടാം പടിക്ക് മുമ്പിലും. ഇതാണ് ദേവസ്വം ബോർഡ് പ്രാഥമികമായി നൽകുന്ന സൂചന. 

ഒറ്റയടിക്കല്ല ഇയാൾ ശബരിമലയിലേക്ക് എത്തിയതെന്ന സൂചന പ്രചരിക്കുന്ന വീഡിയോയിലുമുണ്ട്. പമ്പയിൽ നിന്ന് തിരിക്കുമ്പോൾ ദേഹത്ത് ബനിയനില്ല. എന്നാൽ മരക്കുട്ടത്തിന് ശേഷമുള്ള ശയന പ്രദക്ഷിണത്തിൽ ബനിയൻ ധരിച്ചിട്ടുമുണ്ട്. ഇതിൽ നിന്ന് തന്നെ കുത്തനെയുള്ള നീലിമല അടക്കം ഒറ്റ ശ്രമത്തിൽ ശയന പ്രദക്ഷിണം നടത്തിയെന്നത് ശരയില്ലെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിൽ ഈ തീർത്ഥാടന കാലത്തെ എല്ലാ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. അതിന് ശേഷം നിലപാട് പറയുകയും ചെയ്യും.

ഇത്തരത്തിലെ വ്യാജ പ്രചരണങ്ങൾ വലിയ പ്രതിസന്ധികൾ ഭാവിയിലുണ്ടാക്കും. ഒരിക്കലും ശയന പ്രദക്ഷിണത്തിലൂടെ ശബരിമല പോലുള്ള ചെങ്കുത്തായ മലകയറ്റം സാധ്യമല്ല. അങ്ങനെ ചെയ്യണമെങ്കിൽ നിരവധി പേരുടെ പിന്തുണ അനിവാര്യമാണ്. അല്ലാതെ മല മുഴുവൻ ശരീരം കൊണ്ട് ഉരുണ്ടു കേറാനാകില്ല. ഈ സാഹചര്യത്തിൽ ഇത്തരം വ്യാജ പ്രചരണങ്ങളിൽ ഭക്തർ വീഴുന്നത് ഭാവിയിൽ ഇത്തരം ശയന പ്രദക്ഷിണങ്ങൾ ആവർത്തിക്കാൻ സാധ്യതയൊരുക്കും. അതുകൊണ്ടാണ് വിശദമായ പരിശോധന നടത്തുന്നത്.

അയ്യപ്പന്റെ അനുഗ്രഹത്താൽ ശരീരത്തിൽ ഒരു പോറൽ പോലും ഏൽക്കാതെ പമ്പ മുതൽ സന്നിധാനം വരെ ശയന പ്രദക്ഷിണം ചെയ്ത് സാധിക് അലി എന്ന മുസ്ലിം അയ്യപ്പഭക്തൻ പതിനെട്ടാം പടി കയറി പൊന്നമ്പല വാസന്റെ മുന്നിൽ എത്തി അനുഗ്രഹം നേടി എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിലെ പ്രചരണം.