തിരുവനന്തപുരം: ഒരുകാലത്ത് ശബരിമല പാതയിൽ അപകടങ്ങൾ തുടർക്കഥയായപ്പോൾ അതിന് പരിഹാരമായി അവതരിപ്പിച്ച പദ്ധതിയായിരുന്നു സേഫ് കേരള.ഒരുവാഹനംപോലും തടഞ്ഞുനിർത്തി പിഴ ഈടാക്കാതെ ശബരിമല പാതകൾ അപകടവിമുക്തമാക്കി പദ്ധതി മാതൃകയായതോടെ സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ആ പദ്ധതി പ്രാഥമിക ലക്ഷ്യങ്ങൾ മറന്ന് പാളിപ്പോകുന്ന കാഴ്‌ച്ചയാണ് സംസ്ഥാനത്തെ വാഹനാപകടത്തോത് സൂചിപ്പിക്കുന്നത്.

അപകടമേഖലകളിൽ തുടർച്ചയായി നിരീക്ഷണം,അപകടസാഹചര്യങ്ങൾ കണ്ടെത്തി ഒഴിവാക്കുക,റോഡ് സുരക്ഷാവീഴ്ചകൾ റോഡ് സേഫ്റ്റി അഥോറിറ്റിക്കോ, ജില്ലാ റോഡ് സേഫ്റ്റി കൗൺസിലിനോ റിപ്പോർട്ട് ചെയ്യുക,അലക്ഷ്യമായ ഡ്രൈവിങ് നിരുത്സാഹപ്പെടുത്തുക, നിയമലംഘനങ്ങൾ പിടികൂടുക എന്നിവയാണ് സേഫ് കേരള പദ്ധതി മുന്നോട്ട് വെക്കുന്ന പ്രധാന ആശയങ്ങൾ.എന്നാൽ ഇപ്പോൾ പദ്ധതിയിൽ നടക്കുന്നതാകട്ടെ നിരത്തിലെ പരിശോധന മാത്രം. ഇൻസ്‌പെക്ടർമാർ മാസം നാലുലക്ഷംരൂപ പിഴ ഈടാക്കാനാണ് ടാർജറ്റ്.ഇതോടെ പദ്ധതിയുടെ മറ്റ് ലക്ഷ്യങ്ങളൊന്നും ഫലവത്താകാതെ പോവുകയാണ്.

പ്രാഥമിക ലക്ഷ്യത്തിൽനിന്നും അകന്ന് വെറും വാഹനപരിശോധനാ സംഘം മാത്രമായി 'സേഫ് കേരള' മാറി. ഇവർക്ക് ആവശ്യത്തിന് ഉപകരണങ്ങളും ഡ്രൈവർമാരെയും നൽകിയില്ല. 726 നിരീക്ഷണക്യാമറകൾ സ്ഥാപിക്കാൻ അഞ്ചുവർഷമെടുത്തു. സമാന്തരവാഹനങ്ങൾ പിടിക്കാനും കൺട്രോൾ റൂം ഡ്യൂട്ടിക്കും അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ പരിശോധനയ്ക്കുമൊക്കെ സേഫ് കേരള ഉദ്യോഗസ്ഥരെ നിയോഗിച്ചു.

വിരമിക്കൽവഴി ഉണ്ടാകുന്ന ഒഴിവുകൾ നികത്താൻ സ്‌ക്വാഡിലുള്ളവരെ ഓഫീസുകളിലേക്ക് മാറ്റി. രണ്ടുവർഷമായി നിയമനം നടക്കാത്തതിനാൽ 50-ൽ അധികം ഒഴിവുകൾ സേഫ് കേരളയിലുണ്ട്.പരിശോധന നടക്കേണ്ട താലൂക്കിന് പകരം അകലെയുള്ള ജില്ലാ ഓഫീസുകളാണ് സ്‌ക്വാഡുകളുടെ കേന്ദ്രം. ഡ്യൂട്ടി മാറുന്ന സമയം രണ്ടുമണിക്കൂറോളം സ്‌ക്വാഡ് റോഡിൽ ഉണ്ടാകില്ല. സ്‌ക്വാഡ് നിലവിൽവന്ന 2019-ൽ മാത്രം 12.43 കോടി രൂപയാണ് നിരത്തിൽനിന്ന് പിഴയായി ഈടാക്കിയത്.

പദ്ധതി സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കുമ്പോൾ ഇതിനായി 10 ആർ.ടി.ഒ., 65 വെഹിക്കിൾ ഇൻസ്‌പെക്ടർ, 187 അസി. വെഹിക്കിൾ ഇൻസ്‌പെക്ടർ തസ്തികകൾ സൃഷ്ടിച്ചിരുന്നു.14 ജില്ലകളിലും എൻഫോഴ്സ്മെന്റ് ആർ.ടി.ഒ.മാരുടെ കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന 85 എൻഫോഴ്സ്മെന്റ് സംഘങ്ങൾ സജ്ജീകരിച്ചു.71 വൈദ്യുത കാറുകളും 17 ഇന്റർസെപ്റ്റർ വാഹനങ്ങളും ഉപകരണങ്ങളും നൽകി.പക്ഷെ കേരളത്തെപ്പോലെ വാഹനപ്പെരുപ്പമുള്ള സംസ്ഥാനത്ത് മതിയാകുന്ന ക്രമീകരണങ്ങൾ ആയിരുന്നില്ല ഇതെന്നാണ് പദ്ധതിയുടെ പാളിപ്പോകൽ വ്യക്തമാക്കുന്നത്.