ന്യൂഡല്‍ഹി: രാജ്യത്തുടനീളം സഹകാര്‍ ടാക്‌സി സേവനം ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സഹകരാണാധിഷ്ഠിതമായി ആരംഭിക്കുന്ന ഈ സേവനത്തില്‍ ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, ഫോര്‍ വീലര്‍ ടാക്‌സികള്‍ എന്നിവ ഉള്‍പ്പെടും. സര്‍വീസ് നടത്തുന്നതിന്റെ എല്ലാ ലാഭവും വലിയ കോര്‍പറേഷനുകള്‍ക്ക് പകരം ഡ്രൈവര്‍മാര്‍ക്കു തന്നെ ലഭിക്കും എന്നതാണ് പ്രത്യേകത. ഓലയേയും യൂബറിനേയും ലക്ഷ്യമിട്ടാണ് ഈ നീക്കം. ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കിയുള്ളതായിരിക്കും സഹകാര്‍ ടാക്‌സി.

ടാക്‌സി മേഖലയില്‍ കുത്തകയ്ക്കായി സ്വകാര്യ കമ്പനികള്‍ കടുത്ത മത്സരമാണ് കാഴ്ചവയ്ക്കുന്നത്. ഇതിനു തടയിടാന്‍ തന്നെയാണ് സര്‍ക്കാര്‍ നീക്കം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പദ്ധതി ആരംഭിക്കും. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഉടന്‍ തുടങ്ങും. ഇതോടെ സ്വകാര്യ മേഖലയില്‍ നിന്നുള്ള നല്ലൊരു വിഭാഗം ഡ്രൈവര്‍മാരും സഹകാര്‍ ടാക്‌സിയില്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് പ്രതീക്ഷ. ബംഗാള്‍ സര്‍ക്കാര്‍ സമാനമായ രീതിയില്‍ യാത്രി സാഥി എന്ന പേരില്‍ ഒരു പദ്ധതി അടുത്തിടെ ആരംഭിച്ചിരുന്നു. ഇത് വന്‍ വിജയമാണ്. അതിവേഗ സേവനം, പ്രാദേശിക ഭാഷാ പിന്തുണ , താങ്ങാനാവുന്ന നിരക്കുകള്‍, രാപകല്‍ സേവനം എന്നിവയാണ് യാത്രി സാഥിയുടെ വിജയ ഘടകം. കര്‍ണ്ണാടകയിലും(നമ്മെ യാത്രി) സമാന മാതൃകയുണ്ട്. സമാനമായ സേവനം തന്നെയാണ് സഹകാര്‍ ടാക്‌സി വഴി കേന്ദ്രസര്‍ക്കാരും ആലോചിക്കുന്നത്.

ഓല, യൂബര്‍ തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ യാത്രക്കാരില്‍ നിന്നും ഡ്രൈവര്‍മാരില്‍ നിന്നും കൂടുതല്‍ നിരക്ക് ഈടാക്കുന്നുവെന്ന പരാതികള്‍ സജീവമാണ്. ഇതിന് പരിഹാരമെന്ന നിലയില്‍ ഓണ്‍ലൈന്‍ ടാക്‌സി സേവനം ആരംഭിക്കുന്നത്. സഹകരണ സംഘങ്ങളെ ഉള്‍പ്പെടുത്തിയാണ് സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സഹകരണ വകുപ്പും നോക്കുന്നത്. അമിത് ഷായുടെ നീക്കമായതു കൊണ്ട് തന്നെ അതിവേഗം പദ്ധതി വരും. ഇരുചക്ര വാഹനങ്ങള്‍, റിക്ഷകള്‍, കാറുകള്‍ തുടങ്ങിയവ രജിസ്റ്റര്‍ ചെയ്യാന്‍ സഹകരണ സംഘങ്ങളെ അനുവദിക്കുന്നതാണ് സംരംഭം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റിലാണ് സഹ്കര്‍ ടാക്‌സി സേവനം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹകരണത്തിലൂടെ സമൃദ്ധി എന്ന ആശയവുമായി യോജിക്കുന്നതാണ് സംരംഭമെന്ന് അമിത് ഷാ പറഞ്ഞു.

സര്‍വീസ് ചാര്‍ജും കമീഷനും ഒന്നും ഈടാക്കാതെ ഡ്രൈവര്‍മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്ന ആപ്പാണ് ഉദ്ദേശിക്കുന്നത്. ഇത് ഡ്രൈവര്‍മാര്‍ക്കു മാത്രമല്ല, യാത്രക്കാര്‍ക്കും വലിയ ആശ്വാസമാകും. ആന്‍ഡ്രോയിഡ് ഫോണ്‍ വഴി ബുക്ക് ചെയ്യുമ്പോള്‍ ഒരു നിരക്കും ഐഫോണ്‍ വഴി ബുക്ക് ചെയ്യുമ്പോള്‍ വേറൊരു നിരക്കും ഈടാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി അടുത്തിടെ ഓല, യൂബര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ രണ്ടു കമ്പനികളും ആരോപണം നിഷേധിക്കുകയാണ് ഉണ്ടായത്. 30 ശതമാനം വരെയാണ് സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ സര്‍വീസ് ചാര്‍ജ് ആയി ഈടാക്കുന്നത്. മാത്രവുമല്ല ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുന്ന വേതനത്തില്‍ അസമത്വങ്ങള്‍ ഉളളതായും വിമര്‍ശനങ്ങളുണ്ട്.

ആശയം നടപ്പാവുന്നതോടെ സ്വകാര്യസര്‍വീസുകള്‍ക്ക് ബദലായി സര്‍ക്കാര്‍ പിന്തുണയില്‍ ആപ്പ് പുറത്തിറക്കുന്ന ആദ്യരാജ്യമായി ഇന്ത്യമാറും. സഹകരണമേഖലയില്‍ സര്‍വീസ് തുടങ്ങുന്നതോടെ സ്വകാര്യ ആപ്പുകള്‍ക്കും വിലക്കുറവും ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും നല്‍കേണ്ടിവരും. 2017-ല്‍ ഡല്‍ഹിയിലെ ടാക്സി ഡ്രൈവര്‍മാര്‍ സേവ കാബ് എന്ന പേരില്‍ സര്‍വീസ് ആരംഭിച്ചിരുന്നു. കേരളം സവാരി എന്ന പേരില്‍ തുടങ്ങിയ ആപ്പും പരാജയമായിരുന്നു.