മുംബൈ: സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും നായകനെന്ന് തെളിയിച്ചിരിക്കുകയാണ് നടന്‍ സെയ്ഫ് അലി ഖാന്‍. വീട്ടില്‍ അതിക്രമിച്ചു കയറി കുഞ്ഞിനെ അപായപ്പെടുത്താനും മോഷണം നടത്താനും ശ്രമിച്ച അക്രമിയെ നെഞ്ചുറുപ്പോടെയാണ് സെയ്ഫ് നേരിട്ടത്. ആക്രമണത്തിന് മുതിര്‍ന്ന മോഷ്ടാവില്‍ നിന്നും കുടുംബാംഗങ്ങളെ രക്ഷിക്കുന്നതിനിടെ കത്തിക്കുത്തുകളേറ്റ് ചികിത്സയിലായിരുന്ന സെയ്ഫ് അലി ഖാന്‍ കഴിഞ്ഞദിവസമാണ് ആശുപത്രി വിട്ടത്.

തന്റെ കുഞ്ഞുങ്ങളെ സുരക്ഷിതനാക്കിയ ശേഷം അക്രമിയെ മനസാന്നിദ്ധ്യത്തോടെ നേരിട്ട സെയ്ഫിനെ നാടൊന്നാകെ വാഴ്ത്തുമ്പോള്‍ മറന്നു പോകരുതാത്ത രണ്ട് പേര്‍ കൂടിയുണ്ട് ആ വീട്ടില്‍. അക്രമിയില്‍ നിന്നും കുടുംബത്തെ രക്ഷിക്കുന്നതില്‍ നിര്‍ണായകമായ വീട്ടിലെ മലയാളിയായ സഹായി ഏലിയാമ്മ. സെയ്ഫ് അലിഖാന്റെ ഇളയമകന്‍ ജേയുടെ ആയയും മലയാളിയുമായ ഏലിയാമ്മ ഫിലിപ്പ് ആയിരുന്നു അക്രമിയുടെ സാന്നിദ്ധ്യം ആദ്യം തിരിച്ചറിഞ്ഞത്. അക്രമിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞപ്പോള്‍ സൈറണ്‍ മുഴക്കി വീട്ടിലുള്ളവരെ അപകടം അറിയിച്ചത് ഏലിയാമ്മ ഫിലിപ്പായിരുന്നു.

സയ്ഫ് തിരിച്ചെത്തി മണിക്കൂറുകള്‍ക്കുശേഷം അദ്ദേഹത്തിന്റെ സഹോദരി സാബാ അലി ഖാന്‍ പങ്കുവെച്ച സോഷ്യല്‍ മീഡിയാ പോസ്റ്റ് ശ്രദ്ധയാകര്‍ഷിക്കുകയാണ്. സെയ്ഫിനേയും കുടുംബത്തേയും സുരക്ഷിതമാക്കിയതിന് താരത്തിന്റെ വീട്ടിലെ രണ്ട് വനിതാ സഹായികളെ അഭിനന്ദിച്ചുകൊണ്ടാണ് സാബ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

സെയ്ഫ് അലിഖാന്റെ ഇളയമകന്‍ ജേയുടെ ആയയും മലയാളിയുമായ ഏലിയാമ്മ ഫിലിപ്പ്, മറ്റൊരു സഹായി എന്നിവരേക്കുറിച്ചാണ് സാബയുടെ സോഷ്യല്‍ മീഡിയാ പോസ്റ്റ്. ആരും പാടിപ്പുകഴ്ത്താത്ത നായകര്‍ എന്നാണ് ഇവരെ സാബ വിശേഷിപ്പിച്ചിരിക്കുന്നത്. രണ്ടുപേര്‍ക്കും ഒപ്പമുള്ള സെല്‍ഫികളും അവര്‍ പങ്കുവെച്ചിട്ടുണ്ട്. 'ഏറ്റവും പ്രധാനപ്പെട്ട സമയത്ത് കഠിനാധ്വാനം ചെയ്ത, പാടിപ്പുകഴ്ത്തപ്പെടാത്ത നായകന്മാര്‍! നിങ്ങള്‍ രണ്ടുപേരെയും, എന്റെ സഹോദരനെയും കുടുംബത്തെയും സുരക്ഷിതമായി നിലനിര്‍ത്തുന്നതില്‍ സംഭാവന നല്‍കിയ എല്ലാവരെയും അനുഗ്രഹിക്കട്ടെ. നിങ്ങളാണ് ഏറ്റവും മികച്ചത്.' സാബ കുറിച്ചു.

മോഷ്ടാവിനെ ആദ്യം തിരിച്ചറിഞ്ഞത് ഏലിയാമ്മയായിരുന്നു. ഇക്കാര്യം അവര്‍ പോലീസിനെ അറിയിച്ചിരുന്നു. ഏതുവിധേനയോ ആണ് സെയ്ഫ് അലി ഖാന്‍ മോഷ്ടാവില്‍നിന്ന് രക്ഷപ്പെട്ടത്. എല്ലാവരും മുറിയില്‍നിന്ന് പുറത്തേക്കോടുകയും വാതിലടയ്ക്കുകയും ചെയ്തു. തുടര്‍ന്ന് എല്ലാവരും വീടിന്റെ മുകള്‍നിലയിലേക്ക് പോയി. ഇതിനിടെ കവര്‍ച്ചക്കാരന്‍ രക്ഷപ്പെട്ടുവെന്നും അവര്‍ പോലീസിനുനല്‍കിയ മൊഴിയില്‍ പറഞ്ഞു.

കുട്ടികളുടെ മുറിയില്‍ ശബ്ദം കേട്ടപ്പോള്‍ കരീന മുറിയിലേക്ക് വന്നുവെന്നാണ് ആദ്യം കരുതിയതെന്ന് ഏലിയാമ്മ പറയുന്നു. എന്നാല്‍ ശബ്ദത്തില്‍ അസ്വഭാവികത തോന്നിയതോടെ അപകട സൈറന്‍ മുഴക്കുകയായിരുന്നു.

ഏലിയാമ്മയുടെ വാക്കുകള്‍: ''കരീന ജെഫ് (ജഹാംഗീര്‍) ബാബയെ കാണാന്‍ വന്നതാണെന്നാണ് ആദ്യം ഞാന്‍ കരുതിയത്. പക്ഷേ എഴുന്നേറ്റു നോക്കിയപ്പോള്‍ ആരെയും കണ്ടില്ല. വീണ്ടും ഉറങ്ങാന്‍ കിടുന്നു. പക്ഷേ എന്തോ കുഴപ്പമുണ്ടെന്ന് തോന്നി. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍, ഒരു മെലിഞ്ഞ മനുഷ്യന്റെ നിഴല്‍ കണ്ടു. അയാള്‍ ബാത്ത്‌റൂമില്‍ നിന്ന് പുറത്തിറങ്ങി ജെഫ് ബാബയുടെ കിടപ്പുമുറിയിലേക്ക് കടക്കാന്‍ ശ്രമിച്ചു. ഞാന്‍ ഓടി ജെഫ് ബാബയുടെ മുറിയിലേക്കെത്തി. ഉടന്‍ അലാറം മുഴക്കി.

എന്നെ കണ്ടതും അക്രമി ''കോയി ആവാസ് നഹി, കോടി ബാഹര്‍ നഹി ജായേഗാ..!'' (ഒച്ചയുണ്ടാക്കരുത് ആരും പുറത്തേക്ക് പോവില്ല) എന്ന് പറഞ്ഞു.

ഉടനെ ഞാന്‍ ജെഫിനെ വാരിയെടുത്തു. അപ്പേഴേക്കും വടിയും ഹാക്‌സോ ബ്ലേഡും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അക്രമിയോട് എന്താണ് ആവശ്യം എന്ന് ചോദിച്ചപ്പോള്‍ ''ഒരു കോടി രൂപ'' എന്ന് പറഞ്ഞു. അപ്പേഴേക്കും ജെഫ് എന്റെ കൈയില്‍ നിന്ന് ചാടിയിറങ്ങി മുറിക്ക് പുറത്തേക്ക് കരഞ്ഞുകൊണ്ട് ഓടി. ജെഫിന്റെ കരച്ചില്‍ കൂടി കേട്ടതോടെ സെയ്ഫും കരീനയും കിടപ്പുമുറിയില്‍ നിന്ന് പുറത്തേക്ക് ഓടിയെത്തി.

അക്രമിയെ കണ്ട സെയ്ഫ് ചോദിച്ചു '' നിങ്ങള്‍ ആരാണ്? എന്തുവേണം? തുടര്‍ന്ന് അക്രമി ആറു തവണ സെയ്ഫിനെ കുത്തുകയായിരുന്നു. ഇതെല്ലാം കണ്ടു പേടിച്ച തൈമൂറിന്റെ നാനിയായ ഗീത പുറത്തേക്ക് ഓടിയപ്പോള്‍ അക്രമി അവരെയും ബ്ലേഡ് പോലുള്ള ആയുധം വച്ച് ഉപദ്രവിച്ചു.

കുത്തേറ്റ് സെയ്ഫിന് ആശുപത്രിയില്‍ പോകാനായി ഓട്ടോറിക്ഷ വിളിച്ചതും ഏലിയാമ്മയായിരുന്നു. ഉത്തരാഖണ്ഡ് സ്വദേശിയായ റാണയുടെ ഓട്ടോയിലായിരുന്നു നടനെ ആശുപത്രിയില്‍ എത്തിച്ചത്. സ്വന്തം ജീവന്‍ പോലും അപകടകരമായ അവസ്ഥയിലും കുഞ്ഞിനെ കരുതലോടെ സൂക്ഷിക്കുകയും കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനായിരുന്നു സഹായികളെ സെയ്ഫിന്റെ സഹോദരി അഭിനന്ദിച്ചത്.

അതേസമയം ആശുപത്രിവാസം കഴിഞ്ഞ് തിരിച്ചെത്തിയ സെയ്ഫ് അലി ഖാന് ലഭിച്ചത് ഊഷ്മളമായ വരവേല്പായിരുന്നു. മുംബൈ ബാന്ദ്രാ വെസ്റ്റ് ഏരിയയിലെ വസതി ദീപങ്ങള്‍കൊണ്ട് അലങ്കരിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ വൈറലാണ്.

അഞ്ചുദിവസത്തോളം മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സെയ്ഫ് അലിഖാന്‍. ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെ താരത്തിന്റെ അമ്മ ശര്‍മിള ടാഗോര്‍, ഭാര്യ കരീന കപൂര്‍, മകള്‍ സാറാ അലിഖാന്‍ എന്നിവര്‍ ആശുപത്രയില്‍ എത്തി അദ്ദേഹത്തെ കണ്ടിരുന്നു. ഉച്ചയോടെ ഡിസ്ചാര്‍ജ് ചെയ്തെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആശുപത്രി വിടാന്‍ വീണ്ടും മണിക്കൂറുകള്‍ എടുത്തു. ആശുപത്രി വിട്ട് വീട്ടിലെത്തിയ താരം, വീടിന് പുറത്ത് കൂടി നിന്നവരെ അഭിവാദ്യം ചെയ്തു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു. ചോരയില്‍ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണശേഷം പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. നടനെ ആക്രമിച്ച ബംഗ്ലാദേശ് പൗരന്‍ ഷരീഫുള്‍ ഇസ്ലാമിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.