തിരുവനന്തപുരം: ഏതാണ് മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം? പല പേരുകള്‍ പലരും പറയും. അത്രയേറെ കഥാപാത്രങ്ങള്‍ക്ക് ലാല്‍ വെള്ളിത്തരയില്‍ ജീവന്‍ കൊടുത്തിട്ടുണ്ട്. ഇരുവറിലെ ആനന്ദന്‍ തുടങ്ങി പലതും. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എംജിആറിന്റെ വേഷ പകര്‍ച്ചകളായിരുന്നു ആനന്ദത്തെ ശ്രദ്ധേയമാക്കിയത്. പക്ഷേ ഇതിനെല്ലാം വളരെ മുമ്പ് മോഹന്‍ലാല്‍ ജീവിച്ചിരുന്ന ഒരു കഥാപാത്രത്തെ വെള്ളിത്തരയില്‍ കൊണ്ടു വന്നു. ഒരു പക്ഷേ മോഹന്‍ലാല്‍ ഒരിക്കലും നേരിട്ട് കണ്ടിരിക്കാന്‍ സാധ്യതയില്ലാത്ത കഥാപാത്രം. വേണുനാഗവള്ളിയുടെ ആദ്യ സംവിധാന ചിത്രം. സുഖമോദേവി..... അതിലെ സണ്ണിയെന്ന കഥാപാത്രം വേണുനാഗവള്ളിയുടെ സുഹൃത്തിന്റെ നേര്‍ പതിപ്പായിരുന്നു. വേണുനാഗവള്ളിയുടെ ആ സുഹൃത്തിന്റെ പേര് സൈമണ്‍ മാത്യുവായിരുന്നു. അപ്രതീക്ഷിതമായി സൈമണിന്റെ മരണ വാര്‍ത്ത വീണ്ടും വൈറലാകുകയാണ്.

സ്‌കൂട്ടര്‍ അപകടത്തില്‍ മൃതിയടഞ്ഞു. തിരുവനന്തപുരം നവം 29-ടൈറ്റാനിയം പ്രോഡ്ക്ട്‌സിലെ ഒരു ജീവനക്കാരനും എന്‍ജിനിയറിംഗ് ബിരുധദാരിയുമായി ശ്രീ സൈമണ്‍ മാത്യു(23 വയസ്സ്) ഇന്നലെ രാത്രി കവടിയാര്‍ സ്‌ക്വയറിന് സമീപമുണ്ടായ ഒരു സ്‌കൂട്ടര്‍ അപകടത്തില്‍ മൃതിയടഞ്ഞിരിക്കുന്നു. രാത്രി പന്ത്രണ്ട് മണിയോട് അടുപ്പിച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഒരു കാളവണ്ടിയില്‍ ചെന്നിടിച്ചാണ് അത്യാഹിതം സംഭവിച്ചത്. കേരളാ ഫൈനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ലീഗല്‍ അഡൈ്വസര്‍ ശ്രീ എംജി മാത്യുവിന്റെ പുത്രനാണ് ഈ യുവാവ്. നല്ലൊരു ഫുട്‌ബോള്‍ കളിക്കാരനായിരുന്ന സൈമണ്‍ ടൈറ്റാനിയം ഫുട്‌ബോള്‍ ടീമിന്റെ നട്ടെല്ലായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ യൂണിവേഴ്‌സിറ്റി ടീമിലും കേരളാ ജൂനിയര്‍ സ്‌റ്റേറ്റ് ടീമിലും സൈമണ്‍ പങ്കെടുത്തിരുന്നു-ഇങ്ങനെ പോകുന്ന ആ ചരമ വാര്‍ത്ത. സോഷ്യല്‍ മീഡിയയില്‍ ആരോ പോസ്റ്റ് ചെയ്ത ഈ ചരമ വാര്‍ത്തയാണ് ഇപ്പോള്‍ വൈറലാകുന്നത്. വേണുനാഗവള്ളിയുടെ ആ കഥാപാത്രവും അങ്ങനെ വീണ്ടും ചര്‍ച്ചകളില്‍ എത്തുകയാണ്.

കേരളം കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളും ടൈറ്റാനിയത്തിന്റെ താരവുമായിരുന്ന സൈമണ്‍ മാത്യു വിടവാങ്ങിയിട്ട് 54 കൊല്ലമായി. 1971-ല്‍ രാജ്ഭവന് സമീപമുണ്ടായ ഒരപകടത്തില്‍ ഫുട്‌ബോള്‍ ലോകത്തിന് നഷ്ടമായ ആ അതുല്യ പ്രതിഭയുടെ ഓര്‍മ്മകള്‍ക്ക് ഇന്നും തിളക്കം കുറഞ്ഞിട്ടില്ല. കളിക്കളത്തിലെ പോരാട്ടവീര്യവും ജീവിതത്തോടുള്ള ആഘോഷപരമായ സമീപനവും സൈമണെ വ്യത്യസ്തനാക്കി. സൈമണിന്റെ ജീവിതമാണ് പിന്നീട് സുഹൃത്തായ വേണു നാഗവള്ളി സുഖമോ ദേവി എന്ന സിനിമയാക്കിയത്. പതിനെട്ടാം നമ്പര്‍ ജേഴ്‌സിയില്‍ ടൈറ്റാനിയത്തിനുവേണ്ടി ബൂട്ടണിഞ്ഞ സൈമണ്‍, മധ്യനിരയിലെ പ്രതിരോധക്കോട്ടയിലെ കരുത്തനായിരുന്നു. എന്നാല്‍, പ്രതിരോധത്തില്‍ ഒതുങ്ങാതെ എതിര്‍ ഗോള്‍മുഖത്തേക്ക് പാഞ്ഞുകയറി ഗോളുകള്‍ നേടുന്നതിലും അദ്ദേഹം മികവ് കാട്ടി. സൈമണിന്റെ കാലില്‍ നിന്ന് മഴവില്ലുപോലെ വളഞ്ഞ് വലയില്‍ പതിക്കുന്ന ഷോട്ടുകള്‍ കണ്ട് ഗാലറികള്‍ ആര്‍ത്തുവിളിച്ചു. കരുത്തുറ്റ ചുമലുകളും പന്തിന്റെ ഗതി നിയന്ത്രിക്കാനുള്ള ശിരസ്സിന്റെ കഴിവും അദ്ദേഹത്തെ അപകടകാരിയായ കളിക്കാരനാക്കി. ഈ മികവുകൊണ്ട് എതിരാളികള്‍ അദ്ദേഹത്തിന് 'ഡെയര്‍ ഡെവിള്‍' എന്ന് പേരിട്ടു.

കളിക്കളത്തില്‍ ഏറ്റവും കൂടുതല്‍ ടാക്കിള്‍ ചെയ്യപ്പെട്ട കളിക്കാരിലൊരാളായിരുന്നിട്ടും, വീഴ്ചകളില്‍ തളരാതെ എതിരാളികള്‍ക്ക് കൈകൊടുത്ത് വീണ്ടും പന്തുമായി കുതിക്കുന്ന സൈമണിന്റെ കായികക്ഷമത പ്രശസ്തമായിരുന്നു. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന കേരള ട്രോഫി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ അദ്ദേഹം കാഴ്ചവെച്ച പ്രകടനം 'മരണക്കളി' എന്നാണ് അന്ന് കളി കണ്ടവര്‍ വിശേഷിപ്പിച്ചത്. ഫുട്‌ബോള്‍ മാത്രമല്ല, സംഗീതവും പാട്ടെഴുത്തും സൈമണിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. 'ജീവിതം ആഘോഷമല്ലെങ്കില്‍ മറ്റെന്താണ്' എന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് സുഹൃത്തുക്കള്‍ക്കിടയില്‍ പ്രശസ്തമായിരുന്നു.

സൈമണിന്റെ വേര്‍പാട് താങ്ങാനാവാത്ത ആത്മസുഹൃത്തായിരുന്നു ചലച്ചിത്രകാരന്‍ വേണു നാഗവള്ളി. ആ ആഴത്തിലുള്ള സൗഹൃദത്തിന്റെ ഓര്‍മ്മകളാണ് പിന്നീട് വേണു നാഗവള്ളി 'സുഖമോ ദേവി' എന്ന ക്ലാസിക് സിനിമയാക്കിയത്. ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബിലെ അറിയപ്പെടുന്ന നല്ലൊരു ടെന്നീസ് താരം കൂടിയായിരുന്നു അദ്ദേഹം. വേണു നാഗവള്ളി സിഇടിയില്‍ സൈമണിന്റെ സഹപാഠിയായിരുന്നു. അങ്ങനെ വേണുവിന്റെ വീട് സൈമണിന്റെയും വീടായി. പതിഞ്ഞ ശബ്ദത്തില്‍ എപ്പോഴും ഗസലുകള്‍ പാടുന്ന, ചാര്‍മിനാര്‍ മണമുള്ള, അരണ്ട നീല വെളിച്ചം നിറഞ്ഞ സൈമണിന്റെ മുറിയില്‍ എഴുത്തും ചിന്തകളുമായി വേണുവും കാണുമായിരുന്നു.

സിനിമയിലും കലാമേഖലയിലും വേണുവും ജഗതി ശ്രീകുമാറും ഉള്‍പ്പെടെ ഒട്ടേറെ സൗഹൃദങ്ങള്‍ സൈമണുണ്ടായിരുന്നു. കേരള സര്‍വകലാശാല യുവജനോത്സവങ്ങളില്‍ സുഹൃത്തുക്കള്‍ക്കു വേണ്ടി പാട്ടെഴുതി ചിട്ടപ്പെടുത്തി. അതിനൊക്കെയും സമ്മാനങ്ങള്‍ ലഭിച്ചു. കുറെ പാട്ടുകള്‍ എഴുതിവച്ചു. യേശുദാസിനെക്കൊണ്ട് പാടിച്ച് ആല്‍ബമായി ഇറക്കണമെന്നായിരുന്നു മോഹം. 1972 ല്‍ സൈമണിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ നാല് പാട്ടുകള്‍ (രചനയും സംഗീതവും സൈമണ്‍ മാത്യു) ' Loves Emancipation' എന്ന ആല്‍ബത്തിലൂടെ അവതരിപ്പിക്കപ്പെട്ടപ്പോള്‍ എല്ലാ പാട്ടുകളും പാടിയത് ഡോ. കെ.ജെ യേശുദാസ് ആയിരുന്നു.

1971ല്‍ രാജ്ഭവനു മുന്നിലുണ്ടായ ഒരപകടത്തിലാണ് സൈമണിന്റെ മരണം. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സിലെ ഫുട്‌ബോള്‍ മാച്ചില്‍ ടൈറ്റാനിയത്തെ പ്രതിനിധീകരിച്ച് കളിച്ച് ശേഷമുള്ള മടക്കത്തിനിടെയായിരുന്നു അപകടം.