വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ഒളിംപ്യന്‍ സൈന നെഹ്‌വാള്‍. കാല്‍മുട്ടിനേറ്റ പരുക്കും പിന്നാലെ വാതവും പിടിപെട്ടതിനെ തുടര്‍ന്ന് 35-ാം വയസ്സിലാണ് താരം തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. രണ്ടുവര്‍ഷത്തോളമായി കളിക്കളത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന സൈനയ്ക്ക് പരുക്കില്‍ നിന്ന് മുക്തി നേടാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇനിയും കളിക്കളത്തിലേക്ക് മടങ്ങി വരാന്‍ തനിക്ക് കഴിയുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞ താരം വിരമിക്കുന്നതായി അറിയിക്കുകയായിരുന്നു. കഠിനമായ ശാരീരിക പരിശീലനങ്ങള്‍ താങ്ങാന്‍ തന്റെ ശരീരത്തിന് ഇനി കഴിയില്ലെന്ന് വ്യക്തമാക്കിയാണ് താരം വിരമിക്കില്‍ സ്ഥിരീകരിച്ചത്.

2023 ല്‍ സിംഗപ്പുര്‍ ഓപ്പണിലാണ് സൈന അവസാനമായി മല്‍സരിക്കാനിറങ്ങിയത്. ബാഡ്മിന്റണ്‍ ലോക ഒന്നാം നമ്പര്‍ പദവിയിലെത്തിയ ആദ്യ ഇന്ത്യന്‍ വനിതാ താരമാണ്. രണ്ടു പതിറ്റാണ്ടോളം നീണ്ട സൈനയുടെ കരിയര്‍ ബാഡ്മിന്റണെ ഇന്ത്യയില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കുന്നതിനും നിര്‍ണായകമായിരുന്നു. 2012 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കായി സൈന വെങ്കല മെഡല്‍ നേടിയിട്ടുണ്ട്. ബാഡ്മിന്റണില്‍ ഒളിംപിക്‌സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയും സൈനയാണ്.

രണ്ട് പതിറ്റാണ്ട് നീണ്ട കരിയറില്‍ 24 രാജ്യാന്തര കിരീടങ്ങള്‍ സൈന സ്വന്തമാക്കി. കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് പരിക്കേറ്റതും വിശ്രമത്തിനായി മാറിനിന്നതും. എന്നാല്‍ പരിക്കിന്റെ പിടിയില്‍ നിന്നും ഇനിയും മുക്തി നേടാനാവാതെ വന്നതാണ് സൈനയുടെ വിരമിക്കല്‍ തീരുമാനത്തിന് പിന്നില്‍. 'രണ്ടു വര്‍ഷത്തോളമായി കളി നിര്‍ത്തിയിട്ട്. കളിയിലേക്ക് ഞാന്‍ എന്റേതായ സമയത്ത് വന്നു, എന്റേതായ സമയത്ത് അവസാനിപ്പിക്കുന്നു. അതുകൊണ്ട് തന്നെ പ്രത്യേകിച്ച് എന്തെങ്കിലും പ്രഖ്യാപനങ്ങള്‍ വേണമെന്ന് കരുതുന്നില്ല. കളിക്കാന്‍ ഇനി കഴിയില്ലെന്ന് നിങ്ങള്‍ക്ക് മനസിലാകുന്ന സമയമുണ്ട്. അതാണിത്' സൈന വ്യക്തമാക്കി.

തന്റെമുട്ടിലെ തരുണാസ്ഥി പൂര്‍ണമായും നശിച്ചുവെന്നും തനിക്ക് ആര്‍ത്രൈറ്റിസ് ബാധിച്ചുവെന്നും സൈന വെളിപ്പെടുത്തി. കാല്‍മുട്ടിന് നല്ല തേയ്മാനമുണ്ട്, ഒപ്പം വാതവും പിടിപെട്ടതാണ് വലച്ചതെന്ന് താരം പറയുന്നു. ആരോഗ്യസ്ഥിതി മാതാപിതാക്കളോടും കോച്ചിനോടും താന്‍ അറിയിച്ചുവെന്നും ഇനിയും കളിക്കളത്തില്‍ തുടരാന്‍ കഴിയില്ല, അത്രയും പ്രയാസമുണ്ടെന്നും സൈന വിശദീകരിച്ചു. 'സൈന കളിക്കുന്നില്ലെന്ന് ക്രമേണെ മറ്റുള്ളവര്‍ക്കും മനസിലാകും. എന്റെ വിരമിക്കല്‍ അത്ര വലിയ കാര്യമാണെന്ന് ഞാന്‍ കരുതുന്നില്ല. കോര്‍ട്ടിലെ എന്റെ സമയം കഴിഞ്ഞുവെന്നാണ് ഞാന്‍ മനസിലാക്കുന്നത്. പഴയത് പോലെ കാല്‍മുട്ടുകള്‍ വഴങ്ങുന്നില്ലെന്നും' താരം കൂട്ടിച്ചേര്‍ത്തു.

ലോകോത്തര താരമാകാന്‍ ദിവസവും ഒന്‍പത് മണിക്കൂര്‍ താന്‍ പരിശീലിച്ചിരുന്നുവെന്നും ഇപ്പോള്‍ പരമാവധി രണ്ടുമണിക്കൂര്‍ കഴിയുമ്പോള്‍ കാല്‍മുട്ട് കഴയ്ക്കുകയും നീര് വയ്ക്കുകയുമാണെന്നും സൈന വെളിപ്പെടുത്തി. 2016 റിയോ ഒളിംപിക്‌സിനിടെയാണ് സൈനയുടെ കാലിന് പരുക്കേറ്റത്. 2017 ലെ ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലവും 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടി വലിയ തിരിച്ചുവരവ് സൈന നടത്തിയിരുന്നുവെങ്കിലും പരുക്ക് പൂര്‍ണമായും ഭേദമായിരുന്നില്ല. 2024ലാണ് താരത്തിന് ആര്‍ത്രൈറ്റിസും കാല്‍മുട്ടിന് തേയ്മാനവും സ്ഥിരീകരിച്ചത്. ഒന്‍പതാം വയസില്‍ ആരംഭിച്ച കരിയര്‍ 34-ാം വയസ് വരെ തുടരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് 2024ല്‍ ഒരു അഭിമുഖത്തില്‍ സൈന വ്യക്തമാക്കിയിരുന്നു. ബാഡ്മിന്റണ്‍ താരമായ അനുരാഗ് കശ്യപായിരുന്നു സൈനയുടെ ജീവിത പങ്കാളി. അടുത്തയിടെയാണ് ഇരുവരും വിവാഹബന്ധം അവസാനിപ്പിച്ചത്.