- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എത്ര കിട്ടിയാലും പഠിക്കില്ല എന്നാണേല്‍ ഇനി പഠിക്കാന്‍ പാര്‍ട്ടി ഉണ്ടാകില്ല; രാഹുല്‍ മാങ്കൂട്ടമല്ല പ്രശ്‌നം, രാഹുലിന്റെ മനോനിലയാണ്; അടിയന്തരമായി പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കണം; സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വച്ചേ മതിയാവുകയുള്ളൂ: യൂത്ത് കോണ്‍ഗ്രസ് നേതാവ് സജന ബി.സാജന്‍
രാഹുലിനെ പുറത്താക്കണം: സജന
തിരുവനന്തപുരം: പാലക്കാട് എം.എല്‍.എ.യും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റുമായ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ വീണ്ടും ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ സംസ്ഥാന നേതാക്കള്‍ക്കിടയില്‍ നിന്ന് രൂക്ഷ വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ സജന ബി. സാജനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ രാഹുലിനെതിരെ തുറന്നടിച്ചത്.
രാഹുല്‍ മാങ്കൂട്ടത്തിനെ പാര്‍ട്ടി അടിയന്തരമായി പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്നും 'പടിയടച്ച് പിണ്ഡം വയ്ക്കണം' എന്നും സജന ആവശ്യപ്പെടുന്നു. രാഹുല്‍ മാങ്കൂട്ടമല്ല, അദ്ദേഹത്തിന്റെ മനോനിലയാണ് പ്രശ്‌നം. രാഹുലിനെ 'ഞരമ്പന്‍' എന്ന് സൈബര്‍ സഖാക്കള്‍ വിളിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ട ഗതികേടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോകേണ്ട സമയമല്ല ഇത്.
എത്ര ഉന്നത നേതാവിന്റെ സംരക്ഷണം ഉണ്ടെങ്കിലും യാഥാര്‍ഥ്യം മനസ്സിലാക്കി മാത്രമേ സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കാവൂ. 'ആര്‍ക്കാണ് ഇദ്ദേഹത്തെ ഇപ്പോള്‍ പരിശുദ്ധനാക്കിയേ മതിയാകൂ എന്ന ധൃതിയുള്ളത്?' - അവര്‍ ചോദിച്ചു.
ഇരകള്‍ക്ക് നീതി കിട്ടണം
'പെണ്‍കുട്ടികളുടെ മാനത്തിനും വിലയുണ്ട് എന്ന് നേതൃത്വം മനസ്സിലാക്കണം. നീതി എന്നുള്ളത് പീഡിപ്പിക്കുന്നവനല്ല ഇരകള്‍ക്കുള്ളതാണ്.' ഗര്‍ഭച്ഛിദ്രവും പീഡനങ്ങളും മാധ്യമങ്ങളിലൂടെയും അല്ലാതെയും നേതൃത്വത്തിന് മനസ്സിലായിട്ടും, പരാതി നല്‍കിയില്ല എന്ന് പറയുന്നത് കുട്ടികളുടെ ആത്മാഭിമാനത്തിനോടുള്ള വെല്ലുവിളിയാണ്.
യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം രാഹുലിനെതിരെ എടുത്തത് മാതൃകാപരമായ നടപടിയാണ്. അത് രാജി വെച്ചതല്ല, രാജി വയ്പ്പിച്ചതാണ് എന്നും സജന ഉറപ്പിച്ചു പറയുന്നു.
പോലീസ് ലാത്തിച്ചാര്‍ജും ജയില്‍വാസവും സമരങ്ങളും ഒക്കെയായി മുന്നോട്ട് പോകുന്ന, ആത്മാഭിമാനം പണയം വെക്കാത്ത വനിതാ പ്രവര്‍ത്തകര്‍ക്ക് വേണ്ടി പാര്‍ട്ടി ഇതുപോലുള്ള 'സൈക്കോപാത്തുകളെ' പടിയടച്ച് പിണ്ഡം വെച്ചേ മതിയാവുകയുള്ളൂ എന്നും സജന ബി. സാജന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
സജന വി സാജന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
പാര്‍ട്ടി അടിയന്തരമായി രാഹുല്‍ മാങ്കൂട്ടത്തിലെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കണം. പടിയടച്ച് പിണ്ഡം വയ്ക്കണം. രാഹുല്‍ മാങ്കൂട്ടമല്ല അദ്ദേഹത്തിന്റെ മനോനിലയാണ് പ്രശ്‌നം. 'ഞരമ്പന്‍'എന്ന നാടന്‍ ഭാഷ സിപിഎം സൈബര്‍ സഖാക്കള്‍ പ്രയോഗിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ട ഗതികേടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോകേണ്ട സമയമല്ല ഇത്. എത്ര കിട്ടിയാലും പഠിക്കില്ല എന്നാണേല്‍ ഇനി പഠിക്കാന്‍ പാര്‍ട്ടി ഉണ്ടാകില്ല. പാര്‍ട്ടി നടപടി എടുത്താല്‍ എത്ര ഉന്നത നേതാവിന്റെ സംരക്ഷണം ഉണ്ടെങ്കിലും യാഥാര്‍ഥ്യം മനസ്സിലാക്കി മാത്രമേ പിന്നീടുള്ള സംരക്ഷണ കാര്യം തീരുമാനിക്കാവൂ. ആര്‍ക്കാണ് ഇദ്ദേഹത്തെ ഇപ്പോള്‍ പരിശുദ്ധനാക്കിയേ മതിയാകൂ എന്ന ധൃതി ഉള്ളത്.
'പെപണ്‍കുട്ടികളുടെ മാനത്തിനും വിലയുണ്ട്' എന്ന് നേതൃത്വം മനസ്സിലാക്കണം. നീതി എന്നുള്ളത് പീഡിപ്പിക്കുന്നവനല്ല ഇരകള്‍ക്കുള്ളതാണ്. ഗര്‍ഭച്ഛിദ്രവും പീഡനങ്ങളും എല്ലാം മാധ്യമത്തിലൂടെയും അല്ലാതെയും നേതൃത്വത്തിനും എല്ലാപേര്‍ക്കും മനസ്സിലായിട്ടും ആ കുട്ടികള്‍ പരാതി നല്‍കിയില്ല എന്ന് പറയുന്നത് അവരുടെ ആത്മാഭിമാനത്തിനോടുള്ള വെല്ലുവിളി തന്നെയാണ്. അവര്‍ പരാതി നല്‍കിയാല്‍ പാര്‍ട്ടിയ്ക്ക് എന്ത് ചെയ്യാനാകും...?
എന്റെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു എന്നുള്ളത് ശരി തന്നെയാണ്. യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം എടുത്തത് മാതൃകാപരമായ നടപടിയാണ്. അത് രാജി വച്ചതല്ല. രാജി വയ്പ്പിച്ചതാണ്. മറ്റ് കാര്യങ്ങള്‍ മാന്യതയോര്‍ത്ത് ഇപ്പോള്‍ പറയുന്നില്ല. ഇനിയും രമേശ് പിശാരടിമാരും രാഹുല്‍ ഈശ്വര്‍ മാരും വരും. അവരോട് മറ്റൊന്നും പറയാനില്ല. സ്ത്രീപക്ഷം എന്നൊരു പക്ഷം ഉണ്ട്. തന്‍വിയും അനുശ്രീയുമൊക്കെ പണം വാങ്ങി ഏതെങ്കിലും പരിപാടികളില്‍ ഗസ്റ്റ് ആയി പോകുന്നത് പോലെയല്ല പാര്‍ട്ടിയിലെ വനിതാ പ്രവര്‍ത്തകര്‍. സ്വല്പം ബുദ്ധിമുട്ടിയാണ് നമ്മളൊക്കെ ഇതില്‍ നില്‍ക്കുന്നത്. പോലീസ് ലാത്തിചാര്‍ജ്ജും ജയില്‍ വാസവും സമരങ്ങളും ഒക്കെയായി മുന്നോട്ട് പോകുമ്പോള്‍ റീല്‍സ് ആക്കി അത് പോസ്റ്റ് ചെയ്യാന്‍ പി ആര്‍ സംവിധാനങ്ങളും ഇല്ലാത്ത പട്ടിണിപ്പാവങ്ങള്‍ ആയവരുമൊക്കെ ഈ പാര്‍ട്ടിയില്‍ ഉണ്ട്. അതില്‍ ആത്മാഭിമാനം പണയം വയ്ക്കാത്ത നമ്മളെ പോലുള്ളവര്‍ക്ക് വേണ്ടി പാര്‍ട്ടി ഇതുപോലുള്ള സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വച്ചേ മതിയാവുകയുള്ളൂ.




