തിരുവനന്തപുരം: മലപ്പുറം ജില്ലയെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഒടുവില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചു. തന്റെ പ്രസ്താവന തിരുത്തുകയും പൂര്‍ണ്ണമായും പിന്‍വലിക്കുകയും ചെയ്യുന്നതായി മന്ത്രി വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളില്‍ നിന്നും മുന്നണിയില്‍ നിന്നും നേരിട്ട കനത്ത സമ്മര്‍ദ്ദമാണ് മന്ത്രിയെ തിരുത്തലിലേക്ക് നയിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കാസര്‍ഗോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാല്‍ വര്‍ഗീയ ധ്രുവീകരണം വ്യക്തമാകുമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഇത് മലപ്പുറം ജില്ലയെയും ഒരു പ്രത്യേക സമുദായത്തെയും അവഹേളിക്കുന്നതാണെന്ന ആക്ഷേപം ശക്തമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ മന്ത്രിയുടെ ഈ നിലപാട് ഇടതുമുന്നണിക്ക് വലിയ രാഷ്ട്രീയ ആഘാതം സൃഷ്ടിക്കുമെന്ന് സിപിഎം വിലയിരുത്തി.

സിപിഐയുടെ നിലപാടും മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ സിപിഐ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ന്യൂനപക്ഷങ്ങളെ അകറ്റുന്ന ഇത്തരം നീക്കങ്ങള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് സിപിഐ നേതൃത്വം സിപിഎമ്മിനെ അറിയിച്ചു. തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മന്ത്രിയെ നേരിട്ട് വിളിച്ച് തിരുത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കഴിഞ്ഞ സംസ്ഥാന നേതൃയോഗത്തില്‍ നല്‍കിയ അച്ചടക്ക നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടതായാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

നിര്‍ണ്ണായകമായി സിപിഎമ്മിനോട് അനുഭാവം പുലര്‍ത്തുന്ന സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകള്‍ മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന എല്‍ഡിഎഫിന് ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളലുണ്ടാകുന്നത് തടയാന്‍ മന്ത്രിയുടെ ഖേദപ്രകടനം അനിവാര്യമാണെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും തീരുമാനിക്കുകയായിരുന്നു. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും മന്ത്രി പിന്നീട് വ്യക്തമാക്കി.