- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി സജി ചെറിയാനെതിരായ റഫറൽ റിപ്പോർട്ട്; ഹൈക്കോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തീർപ്പാകും വരെ പരിഗണിക്കരുതെന്ന ആവശ്യത്തിൽ തിരുവല്ല സിജെഎം കോടതിയിൽ നൽകിയ ഹർജി ഫയലിൽ; നാളെ പരിഗണിക്കും; ഹർജി നൽകിയത് സജി ചെറിയാനെതിരേ പരാതി കൊടുത്ത അഭിഭാഷകൻ ബൈജു നോയൽ
തിരുവല്ല: മല്ലപ്പള്ളി പ്രസംഗത്തിന്റെ പേരിൽ സജി ചെറിയാനെതിരേ നടപടി സ്വകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സമർപ്പിച്ച റഫറൽ റിപ്പോർട്ട്, ഹൈക്കോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി തീർപ്പാകും വരെ പരിഗണിക്കരുതെന്നാവശ്യപ്പെട്ട അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹർജി തിരുവല്ല സിജെഎം കോടതി ഫയലിൽ സ്വീകരിച്ചു. നാളെ പരിഗണിക്കും.
നേരത്തേ ബൈജു നൽകിയ ഹർജി പരിഗണിച്ചാണ് തിരുവല്ല കോടതി സജി ചെറിയാനെതിരേ കേസ് എടുത്ത് അന്വേഷിക്കാൻ കീഴ്‌വായ്പൂർ പൊലീസിന് നിർദ്ദേശം നൽകിയത്. സജി ചെറിയാനെതിരേ കേസ് നിലനിൽക്കില്ലെന്ന് കാട്ടി തിരുവല്ല ഡിവൈ.എസ്‌പി കോടതി മുൻപാകെ റഫറൽ റിപ്പോർട്ട് സമർപ്പിച്ചു. ഈ സാഹചര്യത്തിലാണ് ബൈജു നോയൽ ഹൈക്കോടതിയിൽ ഹർജിയുമായെത്തിയത്. സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. ഈ ഹർജിയിൽ തീർപ്പാകും വരെ സജി ചെറിയാനെതിരായ പൊലീസ് റഫറൽ റിപ്പോർട്ട് പരിഗണിക്കരുത് എന്നാണ് ഹർജിയിലെ ആവശ്യം.
കേസുമായി മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്ന നിലപാട് ബൈജു ആവർത്തിച്ചു. പൊലീസിന്റെ റഫറൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സജി ചെറിയാനെ വീണ്ടും മന്ത്രി സഭയിൽ എടുക്കാൻ തീരുമാനം ആയിരുന്നു. എന്നാൽ, ഗവർണർ ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. മുന്മന്ത്രി സജി ചെറിയാൻ മല്ലപ്പള്ളിയിൽ ഭരണഘടനയെ അധിക്ഷേപിച്ച് നടത്തിയ പ്രസംഗം സംബന്ധിച്ച കേസ് പൊലീസ് എഴുതി തള്ളുന്നത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്. അന്വേഷണവുമായി മുന്നോട്ടു പോകത്തക്ക വിധം ഗൗരവം കേസിനില്ലെന്നും അതിനാൽ അന്വേഷണം അവസാനിപ്പിക്കാമെന്നാണ് ഗവൺമെന്റ് പ്ലീഡർ നൽകിയ നിയമോപദേശം.
കഴിഞ്ഞ ജൂലൈയിൽ മല്ലപ്പള്ളിയിൽ സിപിഎം ഏരിയാ കമ്മറ്റി സംഘടിപ്പിച്ച യോഗത്തിലാണ് സജി ചെറിയാൻ ഭരണഘടനയ്ക്കെതിരേ ആഞ്ഞടിച്ചത്. പരിപാടി ഏരിയാ കമ്മറ്റിയുടെ ഫേസ് ബുക്ക് പേജ് വഴി ലൈവും വിട്ടു. ആരും ശ്രദ്ധിക്കാതെ പോയ വിഷയം സിപിഎമ്മിലെ ഒരു വിഭാഗം തന്നെ മാധ്യമങ്ങൾക്ക് ചോർത്തി നൽകി വിവാദമാക്കുകയായിരുന്നു. മന്ത്രി സജി ചെറിയാൻ രാജി വയ്ക്കേണ്ട എന്ന് മുഖ്യമന്ത്രിയും സിപിഎമ്മും നിലപാടെടുത്തു.
എന്നാൽ, കൊച്ചിയിൽ നിന്നുള്ള അഭിഭാഷകൻ ബൈജു നോയൽ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മന്ത്രിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകി. ഹർജി പരിഗണിക്കുന്നത് പിന്നീടത്തേക്ക് മാറ്റി വച്ച് കോടതി അന്ന് ഉച്ച കഴിഞ്ഞ് തന്നെ അടിയന്തിര സ്വഭാവത്തിൽ പരിഗണിക്കുകയും മന്ത്രിക്കെതിരേ കേസ് എടുക്കാൻ കീഴ്‌വായ്പൂർ പൊലീസിന് നിർദ്ദേശം നൽകുകയുമായിരുന്നു. വിവരം വെളിയിൽപ്പോകാതെ പൊലീസ് രഹസ്യമാക്കി വച്ചു. ഈ സമയം കൊണ്ട് മന്ത്രി രാജി വച്ച് തലയൂരി. കോടതി നിർദ്ദേശപ്രകാരം പൊലീസ് കേസെടുക്കുമെന്ന് വന്നപ്പോഴായിരുന്നു രാജി.
കേസ് എടുത്ത ദിവസം മുതൽ പൊലീസ് ആവർത്തിച്ചിരുന്ന വാചകമാണ് തെളിവില്ല എന്നുള്ളത്. സിപിഎം ഏരിയാ കമ്മറ്റിയുടെ ഫേസ് ബുക്കിൽ നിന്ന് വീഡിയോ അപ്രത്യക്ഷമായി. തെളിവു തന്നാൽ അന്വേഷിക്കാമെന്ന നിലപാടിലേക്ക് പൊലീസും മാറി. അതോടെ സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പൂർണരൂപം പൊലീസിന് നൽകാൻ പരാതിക്കാരുടെ കൂട്ടയിടിയായി. മുൻ എംഎൽഎ ജോസഫ് എം. പുതുശേരി സിഡിയിലാക്കി പൂർണരൂപം അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല ഡിവൈ.എസ്‌പി രാജപ്പൻ റാവുത്തർക്ക് കൈമാറിയിരുന്നു. ഹർജി കോടതിയിൽ നൽകിയ അഡ്വ. ബൈജു നോയലും ഡിവൈ.എസ്‌പിക്ക് പ്രസംഗത്തിന്റെ പൂർണ രൂപം പെൻഡ്രൈവിലാക്കി നൽകി.
കിട്ടിയ തെളിവുകളൊക്കെ ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വരാനൊന്നും പൊലീസ് കാത്തു നിൽക്കുന്നില്ല. നിരവധി പരാതിക്കാർ മന്ത്രിക്കെതിരേ മൊഴി നൽകാൻ തയാറായി രംഗത്തു വന്നിരുന്നു. അതൊന്നും പൊലീസ് ഗൗനിച്ചിട്ടില്ല. ഗവൺമെന്റ് പ്ലീഡറുടെ നിയമോപദേശ പ്രകാരം കോടതിയിൽ റഫറൽ ലെറ്റർ കൊടുത്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്