തിരുവനന്തപുരം: വീണ്ടും മന്ത്രിയാകാൻ തനിക്കു കഴിയില്ലെന്നുറപ്പായതോടെ ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നിറക്കാൻ കെ.ബി.ഗണേശ് കുമാർ നടത്തിയ ഗൂഢാലോചനയാണ് സോളർ കേസുമായി ബന്ധപ്പെട്ട ലൈംഗികാരോപണമെന്ന് പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന അഡ്വ.ഫെനി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു, കേസ് സജീവമായി നിർത്താൻ ഇപ്പോഴത്തെ ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനും മന്ത്രി സജി ചെറിയാനും ഇടപെട്ടുവെന്നും ഫെനി ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തി.

സോളാർ പീഡനക്കേസിലെ പരാതിക്കാരിയുമായി താൻ കൂടിക്കാഴ്ച നടത്തിയെന്നു മന്ത്രി സജി ചെറിയാൻ സമ്മതിച്ചു. പരാതിക്കാരിയും വക്കീലും അയൽക്കാരാണെന്നും പരാതിക്കാരി പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതൊക്കെ പുറത്തുപറഞ്ഞ് ആരുടെയും വിഴുപ്പലക്കാനും വ്യക്തിഹത്യ നടത്താനും ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

''എന്റെ അയൽക്കാരി, എന്റെ നാട്ടുകാരനായ വക്കീൽ ഇവരൊക്കെ എന്റെ അടുത്തേക്ക് വരുന്നതിനും എനിക്ക് അങ്ങോട്ട് പോകുന്നതിനും തടസ്സം വല്ലതുമുണ്ടോ?. ഇതൊക്കെ സംസാരിച്ചിട്ടുണ്ടാകുമല്ലോ. സംസാരിച്ച കാര്യങ്ങൾ ആർക്കെങ്കിലും എതിരായി ഉപേയാഗിച്ചിട്ടുണ്ടോ എന്നതാണ് ചോദ്യം. പലരും പലരെപ്പറ്റിയും പറഞ്ഞിട്ടുണ്ട്. അങ്ങനെ പറയിപ്പിക്കുന്നതാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങളെ വിട്ടവരോടു പറയുക, വെറുതേ ഇതു തോണ്ടണ്ട, തോണ്ടിയാൽ പലർക്കും നാശം ഉണ്ടാകും'' മന്ത്രി പറഞ്ഞു.

ഫെനി ബാലകൃഷ്ണൻ പറഞ്ഞത്

ഉമ്മൻ ചാണ്ടിക്കെതിരായ ഗൂഢാലോചനയുടെ സൂത്രധാരൻ ഗണേശ് കുമാറാണെന്ന് ഫെനി ബാലകൃഷ്ണൻ പറഞ്ഞിരുന്നു, ഉമ്മൻ ചാണ്ടിക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ച് ഭരണം താഴെയിടാൻ മന്ത്രി സജിചെറിയാൻ ഉൾപ്പെടെയുള്ളവർ ഇടപെട്ടെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു.

സജിചെറിയാൻ മാവേലിക്കര കോടതിയിൽ എതോ ആവശ്യത്തിനെത്തിയപ്പോൾ പരാതിക്കാരിയെ കാണണമെന്നും സംസാരിക്കണമെന്നും ആവശ്യപ്പെട്ട് സമീപിച്ചിരുന്നു. സിപിഎം. നേതാവ് ഇ.പി. ജയരാജനും വിഷയത്തിൽ ഇടപെട്ടു. തന്റെയടുത്ത് ബന്ധപ്പെട്ട നേതാക്കളുടെ ആവശ്യം ലൈംഗികാരോപണം കത്തിച്ചുവിട്ട് സർക്കാരിനെ താഴെയിറക്കി ഭരണത്തിൽ കയറുകയെന്നതായിരുന്നുവെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു.

പരാതിക്കാരി പത്തനംതിട്ട ജയിലിൽ വെച്ചെഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിക്കെതിരേ ആരോപണം ഉണ്ടായിരുന്നില്ല. കത്തിൽ മാറ്റംവരുത്താൻ ഗണേശ് കുമാർ നേരിട്ടാവശ്യപ്പെടുകയായിരുന്നു. ഗണേശ് കുമാറിന്റെ സഹായികളുടെ നിർദ്ദേശപ്രകാരമാണ് ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ. മാണിയുടെയും പേരുകൾ എഴുതിച്ചേർത്തത്. ആ സമയത്ത് താനും പരാതിക്കാരിയും അതിന് എതിരായിരുന്നു. ഇത് പ്രാവർത്തികമാക്കിയത് ശരണ്യമനോജും പ്രദീപും കൂടിയാണ്.

വിഷയം ആരും അറിയാതിരിക്കാൻ 'കോഡ് നെയിം' ഉപയോഗിക്കണമെന്ന് ഗണേശ് നിർദ്ദേശിച്ചിരുന്നു. അതിനാൽ പ്രദീപിനെ പൈലി എന്നാണ് വിളിച്ചിരുന്നത്. പത്രസമ്മേളനം നടത്തിയപ്പോൾ കത്തു പൊക്കിക്കാണിച്ചപ്പോൾ ക്യാമറയിൽ പതിഞ്ഞത് ജോസ് കെ. മാണിയുടെ പേരാണ്.
ലൈംഗികാരോപണം പുറത്തുവന്നതോടെ സമുദായ നേതാക്കളടക്കം ഇടപെട്ടു. എസ്.എൻ.ഡി.പി. യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എല്ലാവരുടെയും പേരുകൾ പറയണമെന്ന് ആവശ്യപ്പെട്ടു. അതിനു വഴങ്ങാതിരുന്നപ്പോൾ അദ്ദേഹം പത്രസമ്മേളനം നടത്തി പേരുകൾ താൻ പറഞ്ഞതായി അറിയിച്ചെങ്കിലും പിന്നീട് ആരോപണങ്ങളിൽനിന്നു പിൻവാങ്ങി.

ഇ.പി. ജയരാജൻ കൊല്ലത്തുവെച്ച് കണ്ടപ്പോൾ ആരോപണം നിലനിൽക്കട്ടെയെന്നും തനിക്കുവേണ്ട കാര്യങ്ങൾ ചെയ്തുതരാമെന്ന് പറഞ്ഞതായും ഫെനി ബാലകൃഷ്ണൻ പറഞ്ഞു. സോളാർ ജുഡീഷ്യൽ കമ്മിഷൻ ജസ്റ്റിസ് ശിവരാജനെതിരേയും ഫെനി ആരോപണമുന്നയിച്ചു. പരാതിക്കാരി എഴുതിയ കത്തിൽനിന്ന് ഗണേശ് കുമാറിന്റെ പേര് ഒഴിവാക്കി. ലൈംഗികാരോപണംമാത്രം പറഞ്ഞാൽ മതിയെന്ന് ശിവരാജൻ ആവശ്യപ്പെട്ടു. തന്നെ ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തു. മസാലക്കഥകൾ മാത്രമായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. അത് റിപ്പോർട്ടിൽ എഴുതിച്ചേർക്കാൻ പരമാവധി ശ്രമിച്ചു -ഫെനി ബാലകൃഷ്ണൻ പറഞ്ഞു.

ഗണേശ്‌കുമാർ നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളമാണ്. കത്ത് താൻ പത്തനംതിട്ട ജയിലിൽനിന്നു ഒപ്പിട്ടുവാങ്ങിയതാണ്. കത്തിന് 21 പേജുണ്ടായിരുന്നെന്ന് അന്നത്തെ ജയിൽ സൂപ്രണ്ട് രേഖപ്പെടുത്തിയിരുന്നു. പിന്നെ എങ്ങനെയാണ് നാലും 25-ഉം പേജുകളുള്ള കത്തായി അത് മാറിയതെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാകുമെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു.