- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതി കുറ്റവിമുക്തനാക്കി എന്ന് ബോധ്യപ്പെടാതെ സത്യപ്രതിജ്ഞ നടത്തരുത്; ഗവർണർ ഭരണഘടനാ തത്വങ്ങൾ സംരക്ഷിക്കുമെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടണം; മുഖ്യമന്ത്രിയുടെ ആവശ്യം കണക്കിലെടുത്ത് മാത്രം സത്യപ്രതിജ്ഞയ്ക്ക് മുതിരരുത്; നിയമോപദേശം കിട്ടിയതോടെ സജി ചെറിയാന് എതിരായ കേസിൽ വിശദാംശങ്ങൾ തേടാൻ ഗവർണർ; സത്യപ്രതിജ്ഞയ്ക്ക് കടമ്പകൾ ഏറുന്നു
തിരുവനന്തപുരം: സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് കടമ്പകൾ ഏറുന്നു. സിപിഎമ്മും സർക്കാരും പച്ചക്കൊടി വീശിയെങ്കിലും, ഗവർണർ ഇക്കാര്യത്തിൽ വിശദമായ നിയമ പരിശോധനയിലാണ്. സജി ചെറിയാനെതിരായ കേസിൽ വിശദാംശങ്ങൾ തേടണമെന്ന് ഗവർണർക്ക് നിയമോപദേശം കിട്ടി. കോടതി കുറ്റവിമുക്തനാക്കി എന്ന് ബോധ്യപ്പെടാതെ സത്യപ്രതിജ്ഞ നടത്തരുത്. ഗവർണർ ഭരണഘടനാതത്വങ്ങൾ സംരക്ഷിക്കുമെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടണം. മുഖമന്ത്രിയുടെ ആവശ്യം കണക്കിലെടുത്ത് മാത്രം സത്യപ്രതിജ്ഞയ്ക്ക് മുതിരരുത്. ഗവർണറുടെ ലീഗൽ അഡൈ്വസർ ഗോപകുമാരൻ നായരാണ് നിയമോപദേശം നൽകിയത്.
സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കുന്നത് വിശദമായി പരിശോധിക്കുമെന്ന് ഗവർണർ നേരത്തെ പറഞ്ഞിരുന്നു. ഭരണഘടനയുടെ അന്തസ്സിനെ അപമാനിച്ചെന്നാണ് സജി ചെറിയാനെതിരായ കേസ്. കേസിന്റെ സ്ഥിതിയിൽ എന്തു മാറ്റമുണ്ടായെന്ന് പരിശോധിക്കണമെന്നും ഗവർണർ പറഞ്ഞു.
മുഖ്യമന്ത്രിയിൽ നിന്ന് ഇതു സംബന്ധിച്ച് നേരിട്ട് അറിയിപ്പു കിട്ടി. മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിയാണ്. മുഖ്യമന്ത്രിക്കു പോലും അംഗീകരിക്കാൻ കഴിയാത്തതു കൊണ്ടല്ലേ രാജിവയ്‌ക്കേണ്ടി വന്നതെന്നും അദ്ദേഹം ചോദിച്ചു.
ഭരണഘടനയെ വിമർശിച്ചു നടത്തിയ വിവാദ പ്രസംഗത്തെത്തുടർന്നുണ്ടായ കേസിൽ അന്തിമതീർപ്പ് ഉണ്ടാകാത്തതിനാൽ സജി ചെറിയാനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണോ എന്ന കാര്യത്തിൽ രാജ്ഭവന് ഇനിയും വ്യക്തത കൈവന്നിട്ടില്ല. സജി ചെറിയാനെ വീണ്ടും മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ തള്ളിക്കളയാനാകില്ലെന്നാണ് ഗവർണർക്കു നിയമോപദേശം ലഭിച്ചത്. ആരെ മന്ത്രിയാക്കണമെന്നതു മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണ്. അതിനായി ശുപാർശ ചെയ്താൽ ഗവർണർക്ക് അവഗണിക്കാനാവില്ലെന്നും ഗവർണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തം കൂടിയാണ് ഇതെന്നും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.
സജി ചെറിയാനെ തിരിച്ച് മന്ത്രിസഭയിലേക്കെടുക്കാമെന്ന് കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനിച്ചത്. പൊലീസ് റിപ്പോർട്ട് അനുകൂലമായ സാഹചര്യത്തിലാണ് സിപിഎം നീക്കം. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചില്ലെന്നും വിമർശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ സജി ചെറിയാന്റെ തിരിച്ചുവരിൽ വ്യാപകമായ വിമർശനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടായത്.
ഞാൻ ഒരിക്കൽപ്പോലും ഭരണഘടനയെ അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ല. എന്റെ പ്രസംഗത്തിലെ പരാമർശം സംബന്ധിച്ചുള്ള നിയമവശങ്ങളെപ്പറ്റി മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടിയിട്ടുള്ളതായും ഞാൻ മനസ്സിലാക്കുന്നു. ആ സാഹചര്യത്തിൽ സ്വതന്ത്രമായ തീരുമാനമെടുക്കുന്നതിന് ഞാൻ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന അഭിപ്രായമാണുള്ളത്. അതിനാൽ, ഞാൻ എന്റെ മന്ത്രിസ്ഥാനം രാജിവെക്കുകയാണ്'' -ഇതായിരുന്നു രാജിവെക്കുന്ന ഘട്ടത്തിൽ സജി ചെറിയാൻ നടത്തിയ പരാമർശം.
തിരുവല്ല കോടതിയുടെ നിർദ്ദേശമനുസരിച്ചാണ് സജി ചെറിയാനെതിരേ പൊലീസ് കേസെടുത്തത്. ഈ കേസിൽ തീർപ്പുണ്ടാക്കേണ്ടത് ഇതേ കോടതിയാണ്. സജി ചെറിയാന് 'ഗുഡ് സർട്ടിഫിക്കറ്റ്' നൽകിയാണ് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകിയത്. അതിനെ കോടതി എങ്ങനെ കാണുന്നുവെന്നത് പ്രധാനമാണ്. മാത്രവുമല്ല, ഈ പൊലീസ് റിപ്പോർട്ട് റദ്ദാക്കണമെന്നും കേസ് സിബിഐ. അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെയും പരിഗണനയിലുണ്ട്.
സജി ചെറിയാനെ എംഎൽഎ. സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി നടത്തിയ പരാമർശമാണ് സിപിഎമ്മിന്റെയും സർക്കാരിന്റെയും ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. പരാതിക്കാരൻ ഉന്നയിച്ച കാര്യങ്ങൾ അടിസ്ഥാനപരമായി നിലനിൽക്കുന്നതല്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. ഈ വിധിക്കുപിന്നാലെ, സജി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹമുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ