തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രിയില്‍ കിടന്ന് മരിക്കാറായ താന്‍ രക്ഷപ്പെട്ടത് സ്വകാര്യ ആശുപത്രിയിലെ ചികിത്സകൊണ്ടാണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞതില്‍ രാഷ്ട്രീയ വിവാദം. പത്തനംതിട്ടയില്‍ മന്ത്രിമാര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മതിയായ കരുതല്‍ ഈ പ്രസ്താവനയില്‍ മന്ത്രി കാട്ടിയില്ലെന്ന വിലയിരുത്തല്‍ സിപിഎമ്മിനുണ്ട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഈ പ്രസ്താവനയില്‍ കടുത്ത അൃപ്തിയിലാണ്. ആരോഗ്യ വകുപ്പിനെ തള്ളി പറഞ്ഞ് തന്നെ പ്രതിസന്ധിയിലാക്കാന്‍ വേണ്ടിയാണ് ഈ പ്രസ്താവനയെന്ന് വീണാ ജോര്‍ജ് വിലയിരുത്തുന്നുണ്ട്. ബന്ധപ്പെട്ടവരെ ഇക്കാര്യം മന്ത്രി അറിയിക്കുകയും ചെയ്തു. ഭരഘടനാ പരാമര്‍ശം അടക്കം പല വിവാദങ്ങളും സജി ചെറിയാന്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതു കാരണം ഒരിക്കല്‍ മന്ത്രി സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ മന്ത്രിയോട് കരുതലോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് വീണ്ടും ലംഘിക്കപ്പെടുകയാണ്.

2019-ല്‍ ഡെങ്കിപ്പനി ബാധിച്ചപ്പോള്‍ താന്‍ ചികിത്സ തേടിയത് ചെങ്ങന്നൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ്. മരിക്കുമെന്നായപ്പോള്‍ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വീട്ടുകാരോട് സര്‍ക്കാര്‍ ആശുപത്രിക്കാര്‍ ശുപാര്‍ശ ചെയ്തുവെന്ന പരാമര്‍ശമാണ് ചര്‍ച്ചയാകുന്നത്. എന്തു കൊണ്ടാണ് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തില്ലെന്നതും വിവാദമായി. അതായത് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നു പോലും സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ വരുന്നു. ഇത് ആരോഗ്യ കേരളത്തിന് നാണക്കേടാണെന്ന് വിമര്‍ശനം ഉയര്‍ത്തുകായണ് പ്രതിപക്ഷം. ഇതു കൂടിയായപ്പോള്‍ കേരളത്തിന്റെ ആരോഗ്യ വകുപ്പ് വെന്റിലേറ്ററാണെന്ന പ്രതിപക്ഷ കളിയാക്കലിന് വീര്യം ഇനിയും കൂടും. മന്ത്രി വീണാ ജോര്‍ജിന് പ്രതിരോധം എന്ന നിലയിലാണ് സജി ചെറിയാന്‍ പ്രതികരണം നടത്തിയത്. പക്ഷേ അത് കൈവിട്ടു പോവുകയായിരുന്നു. ജീവന്‍ രക്ഷപ്പെടണമെങ്കില്‍ സ്വകാര്യത്തില്‍ പോകണമെന്ന് തന്നെയാണ് മന്ത്രി പറഞ്ഞു വയ്ക്കുന്നത്. ഇതാണ് സര്‍ക്കാരിന്റെ തലവേദന കൂട്ടുന്നത്.

സ്വകാര്യ ആശുപത്രികളില്‍ മന്ത്രിമാര്‍ ചികിത്സ തേടുന്നത് പുതുമയല്ല. ഏത് ആശുപത്രിയിലാണോ നല്ല ചികിത്സ ലഭിക്കുന്നത്, അവിടേക്ക് ആളുകള്‍ പോകും. സര്‍ക്കാര്‍ ആശുപത്രികളിലും മെച്ചപ്പെട്ട ചികിത്സ ലഭിക്കും. അവ പാവപ്പെട്ടവന്റെ അത്താണിയാണെന്നും സജി ചെറിയാന്‍ പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും ഇപ്പോള്‍ കിടക്കുന്നത് ഒരേ കട്ടിലിലാണ്. വീണാ ജോര്‍ജിനെ സംരക്ഷിക്കാന്‍ ഇടതുപക്ഷത്തിന് അറിയാം. വീണാ ജോര്‍ജിന്റെ ഭരണത്തില്‍ കേരളത്തിലെ ആരോഗ്യമേഖല വളര്‍ന്നു. വിമാനാപകടത്തെത്തുടര്‍ന്ന് വ്യോമയാനമന്ത്രി രാജിവെച്ചോ. വീണാ ജോര്‍ജിനെതിരായ സമരത്തിന്റെ മറവില്‍ സ്വകാര്യ കുത്തക ആശുപത്രികളെ വളര്‍ത്താന്‍ ഗൂഢനീക്കം നടക്കുന്നുണ്ട്. വന്‍കിട കോര്‍പ്പറേറ്റുകള്‍ കേരളത്തിലെ സ്വകാര്യ ആശുപത്രികളെ വിലയ്ക്കുവാങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.

ഇപ്പോള്‍ നടക്കുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നാടകങ്ങളാണെന്നും പ്രതിപക്ഷത്തിന് വട്ടു പിടിച്ചെന്നും സജി ചെറിയാന്‍ പറഞ്ഞു. പ്രതിപക്ഷത്തിന് അധികാരം കിട്ടാത്തതിന്റെ ഭ്രാന്താണ്. എല്‍ഡിഎഫ് മൂന്നാമത് അധികാരത്തില്‍ വരുമെന്നതിന്റെ വെപ്രാളം ആണ് യുഡിഎഫിന്. വീണ ജോര്‍ജിനെയും പൊതുജനാരോഗ്യത്തെയും സിപിഎം സംരക്ഷിക്കുമെന്നും അതിന്റെ തെളിവാണ് നേതാക്കന്മാര്‍ ക്യാപ്റ്റനും മേജറും ജവാനും ഒക്കെയായി സ്ഥാനമാനങ്ങള്‍ തീരുമാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതിനിടെ സജി ചെറിയാന്റേത് സ്വന്തം അനുഭവമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ പ്രതികരിച്ചു. ഞാന്‍ രക്ഷപ്പെട്ടത് സര്‍ക്കാര്‍ ആശുപത്രി ചികില്‍സയിലാണെന്നും മെഡിക്കല്‍ കോളജിലാണ് ചികില്‍സിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി പുകഴ്ത്തിയത് അമൃതയിലെ ചികില്‍സയെ

'2019-ല്‍ ഡെങ്കിപ്പനി വന്നപ്പോള്‍ ഞാന്‍ ഗവണ്‍മെന്റ് ആശുപത്രിയിലായിരുന്നു. ഗവണ്‍മെന്റ് ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാന്‍ സാധ്യത വന്നപ്പോള്‍ എന്നെ അമൃത ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശുപാര്‍ശ ചെയ്തു. എന്നെ അമൃതയില്‍ കൊണ്ടുപോയി. അവിടെ ചെന്നപ്പോള്‍ 14 ദിവസം ബോധമില്ലായിരുന്നു. ഞാന്‍ രക്ഷപ്പെട്ടു. അപ്പോള്‍ അമൃത ആശുപത്രി മോശമാണോ. അതൊക്കെ ഈ നാട്ടില്‍ വ്യവസ്ഥാപിതമായ കാര്യങ്ങളാണ്' എന്നായിരുന്നു മന്ത്രി പറഞ്ഞത്.

മെഡിക്കല്‍ കോളേജില്‍ പോകുന്ന എത്ര മന്ത്രിമാരുണ്ടെന്നും സ്വകാര്യ ആശുപത്രികളിലും മന്ത്രിമാര്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ സാങ്കേതിക വിദ്യകള്‍ സ്വകാര്യ ആശുപത്രികളിലുണ്ട്. അത്രയും ചിലപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വന്നുകാണില്ല. കൂടുതല്‍ ആളുകള്‍ വരുന്ന സ്ഥാപനമെന്ന നിലയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ അതിന്റെ ടെക്നോളജികളും സാമ്പത്തികമായ സഹായങ്ങളും കുറവായിരിക്കും. ഒരു സ്വകാര്യ ആശുപത്രിയില്‍ കൂടുതല്‍ ടെക്നോളജി വരും. അപ്പോള്‍ കൂടുതല്‍ ചികിത്സ അവിടെകിട്ടും-സജി ചെറിയാന്‍ പറഞ്ഞത് ഇങ്ങനെയാണ്.