കൊച്ചി: ഭരണഘടനാവിരുദ്ധ പ്രസംഗ കേസിൽ സജി ചെറിയാനെ ഹൈക്കോടതി കുറ്റ വിമുക്തനാക്കിയെന്ന തരത്തിൽ സിപിഎം പ്രചരണം നടത്തുന്നതിന് പിന്നിൽ വീണ്ടും ചെങ്ങന്നൂരിലെ എംഎൽഎയെ മന്ത്രിയാക്കാനുള്ള നീക്കം. സജി ചെറിയാന്റെ നിയമസഭാംഗത്വം റദ്ദാക്കണമെന്ന ഹർജിയാണ് ഹൈക്കോടതി തള്ളിയത്. എന്നാൽ ഭരണഘടനാ വിരുദ്ധ പ്രസംഗക്കേസിൽ സജി ചെറിയാൻ ഇപ്പോഴും പ്രതിയാണ്. ഈ കേസ് കോടതിയെ കൊണ്ട് തള്ളിക്കളയാൻ ഗൂഡ നീക്കം സജീവമാണ്. കേസ് തള്ളിയെന്ന് ഉറപ്പായാൽ മാത്രമേ മന്ത്രിയായി സജി ചെറിയാൻ വീണ്ടും ഉൾക്കൊള്ളിക്കാവൂ എന്ന അഭിപ്രായവും സജീവമാണ്.

അയോഗ്യതാ കേസിൽ ചീഫ് ജസ്റ്റീസ് എസ്.മണികുമാറിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. സജി ചെറിയാനെ അയോഗ്യനാക്കാൻ നിയമ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം. അതിന് അപ്പുറത്തേക്ക് കേസിന്റെ മെറിറ്റിലേക്ക് ഹൈക്കോടതി കടന്നിട്ടില്ല. ഭരണ ഘടനയെ വിമർശിച്ചാൽ എംഎൽഎ സ്ഥാനം അയോഗ്യമാകുന്നില്ല. എന്നാൽ ക്രിമിനൽ കേസിൽ കേസിൽ നിശ്ചിത കാലത്തിനുള്ളിന് മുകളിലേക്ക് കോടതി ശിക്ഷിച്ചാൽ അയോഗ്യനാവുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് സജി ചെറിയാന്റെ ഹർജി ഹൈക്കോടതി തള്ളിയത്. സജി ചെറിയാനെതിരെ കേസെടുക്കാനാകില്ലെന്ന് പറയുന്നത് കേരളാ പൊലീസാണ്. ഇത് കോടതിയിൽ ഇനിയും ചോദ്യം ചെയ്യപ്പെടാനുള്ള അവസരമുണ്ട്. അതാണ് മന്ത്രിയായി ഉടനെത്താനുള്ള സജി ചെറിയാന് മുമ്പിലുള്ള തടസ്സം.

കേസിൽ ഇനിയും തിരിച്ചടിയുണ്ടാകാനുള്ള സാധ്യത സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മുന്നിൽ കാണുന്നുണ്ട്. അതുകൊണ്ട് കേസ് പൂർണ്ണമായും റഫർ ചെയ്തു കോടതി കളയും വരെ സജി ചെറിയാൻ കാത്തിരിക്കേണ്ടി വരും. കഴിഞ്ഞ ജൂലൈയിൽ പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം പരിപാടിയിൽ പ്രസംഗിക്കവെയാണ് സജി ചെറിയാൻ ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയത്. ഭരണഘടനയിലെ മൗലികാവകാശങ്ങൾ ചുക്കും ചുണ്ണാമ്പുമാണെന്നും കുന്തവും കുടച്ചക്രവുമാണ് ഭരണഘടനയിലുണ്ടായിരുന്നതെന്നുമുള്ള പാരമർശമാണ് വിവാദമായത്.

സജി ചെറിയാന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഭരണഘടനയെ അവഹേളിക്കാൻ ശ്രമിച്ചിട്ടില്ലെന്നും മറ്റും വ്യക്തമാക്കി സജി ചെറിയാൻ അഭിപ്രായ പ്രകടനം നടത്തിയെങ്കിലും വീണ്ടും വിമർശനം ഉയർന്നതോടെ രാജിവയ്ക്കേണ്ടി വരുകയായിരുന്നു. സജി ചെറിയാൻ മല്ലപ്പള്ളിയിൽ ഭരണഘടനയെ അധിക്ഷേപിച്ച് നടത്തിയ പ്രസംഗം സംബന്ധിച്ച കേസ് പൊലീസ് എഴുതി തള്ളാൻ ശ്രമിക്കുന്നത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എന്നതാണ് മറ്റൊരു വസ്തുത. അന്വേഷണവുമായി മുന്നോട്ടു പോകത്തക്ക വിധം ഗൗരവം കേസിനില്ലെന്നും അതിനാൽ അന്വേഷണം അവസാനിപ്പിക്കാമെന്നാണ് ഗവൺമെന്റ് പ്ലീഡർ നൽകിയ നിയമോപദേശമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്‌പി ടി. രാജപ്പൻ റാവുത്തർ പറഞ്ഞിട്ടുണ്ട്. റഫർ റിപ്പോർട്ട് കോടതിയിലുമാണ്.

കഴിഞ്ഞ ജൂലൈയിൽ മല്ലപ്പള്ളിയിൽ സിപിഎം ഏരിയാ കമ്മറ്റി സംഘടിപ്പിച്ച യോഗത്തിലാണ് സജി ചെറിയാൻ ഭരണഘടനയ്ക്കെതിരേ ആഞ്ഞടിച്ചത്. പരിപാടി ഏരിയാ കമ്മറ്റിയുടെ ഫേസ് ബുക്ക് പേജ് വഴി ലൈവും വിട്ടു. ആരും ശ്രദ്ധിക്കാതെ പോയ വിഷയം സിപിഎമ്മിലെ ഒരു വിഭാഗം തന്നെ മാധ്യമങ്ങൾക്ക് ചോർത്തി നൽകി വിവാദമാക്കുകയായിരുന്നു. മന്ത്രി സജി ചെറിയാൻ രാജി വയ്ക്കേണ്ട എന്ന് മുഖ്യമന്ത്രിയും സിപിഎമ്മും നിലപാടെടുത്തു. എന്നാൽ, കൊച്ചിയിൽ നിന്നുള്ള അഭിഭാഷകൻ ബൈജു നോയൽ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മന്ത്രിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകി. റഫർ റിപ്പോർട്ടിലും ബൈജു നോയൽ എടുക്കുന്ന നിലപാട് ഇനി നിർണ്ണായകമാകും.

മന്ത്രിക്കെതിരേ കേസ് എടുക്കാൻ കീഴ്‌വായ്പൂർ പൊലീസിന് കോടതി നിർദ്ദേശം നൽകുകയുമായിരുന്നു. വിവരം വെളിയിൽപ്പോകാതെ പൊലീസ് രഹസ്യമാക്കി വച്ചു. ഈ സമയം കൊണ്ട് മന്ത്രി രാജി വച്ച് തലയൂരി. കോടതി നിർദ്ദേശപ്രകാരം പൊലീസ് കേസെടുക്കുമെന്ന് വന്നപ്പോഴായിരുന്നു രാജി. അക്കാര്യം പൊതുജനം അറിയാതിരിക്കാൻ വേണ്ടിയാണ് കോടതി കേസെടുക്കാൻ നിർദ്ദേശിച്ച കാര്യം പുറത്തു വിടാൻ വൈകിപ്പിച്ച് പൊലീസ് സഹായിച്ചത്. കോടതി നിബന്ധന പ്രകാരം കീഴ്‌വായ്പൂർ പൊലീസ് എഫ്ഐആർ ഇട്ടെങ്കിലും അന്നു തന്നെ അറിയാമായിരുന്നു കേസിന്റെ ഗതി എന്താകുമെന്ന്. അതാണിപ്പോൾ സംഭവിച്ചിരിക്കുന്നത്.

കേസ് എടുത്ത ദിവസം മുതൽ പൊലീസ് ആവർത്തിച്ചിരുന്ന വാചകമാണ് തെളിവില്ല എന്നുള്ളത്. സിപിഎം ഏരിയാ കമ്മറ്റിയുടെ ഫേസ് ബുക്കിൽ നിന്ന് വീഡിയോ അപ്രത്യക്ഷമായി. തെളിവു തന്നാൽ അന്വേഷിക്കാമെന്ന നിലപാടിലേക്ക് പൊലീസും മാറി. അതോടെ സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പൂർണരൂപം പൊലീസിന് നൽകാൻ പരാതിക്കാരുടെ കൂട്ടയിടിയായി. മുൻ എംഎൽഎ ജോസഫ് എം. പുതുശേരി സിഡിയിലാക്കി പൂർണരൂപം അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല ഡിവൈ.എസ്‌പി രാജപ്പൻ റാവുത്തർക്ക് കൈമാറിയിരുന്നു. ഹർജി കോടതിയിൽ നൽകിയ അഡ്വ. ബൈജു നോയലും ഡിവൈ.എസ്‌പിക്ക് പ്രസംഗത്തിന്റെ പൂർണ രൂപം പെൻഡ്രൈവിലാക്കി നൽകി.

കിട്ടിയ തെളിവുകളൊക്കെ ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വരാനൊന്നും പൊലീസ് കാത്തു നിൽക്കുന്നില്ല. നിരവധി പരാതിക്കാർ മന്ത്രിക്കെതിരേ മൊഴി നൽകാൻ തയാറായി രംഗത്തു വന്നിരുന്നു. അതൊന്നും പൊലീസ് ഗൗനിച്ചിട്ടില്ല. ഗവൺമെന്റ് പ്ലീഡറുടെ നിയമോപദേശ പ്രകാരം കോടതിയിൽ റഫറൽ ലെറ്റർ കൊടുത്തത് കേസ് അട്ടിമറിക്കാനാണ് നീക്കം.