പത്തനംതിട്ട: സജി ചെറിയാന്റെ എംഎൽഎ സ്ഥാനം റദ്ദാക്കണമെന്ന ആവശ്യം നിയമം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെ കീഴ്‌വായ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് എഴുതി തള്ളി പൊലീസ് അതിവേഗം മുന്നോട്ട്. ഈ വർഷം തന്നെ സജി ചെറിയാനെ മന്ത്രിക്കസേരയിൽ തിരികെ അവരോധിക്കാനുള്ള നീക്കം കൊണ്ടു പിടിച്ച് നടക്കുന്നു. എന്നാൽ, അതത്ര സുഗമമാകില്ലെന്നാണ് പുറത്തു വരുന്ന സൂചനകൾ. 

തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരം സജിചെറിയാനെതിരേ കീഴ്‌വായ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല ഡിവൈ.എസ്‌പി ടി. രാജപ്പൻ റാവുത്തർ പത്തനംതിട്ട മജിസ്ട്രേറ്റിന് റിപ്പോർട്ട് നൽകിയത്. നിലവിൽ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. ഇത് കാരണം പത്തനംതിട്ട മജിസ്ട്രേറ്റിനാണ് ചാർജ്.

സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചില്ല, വിമർശിക്കുക മാത്രമാണ് ചെയ്തത് എന്നാണ് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. ഈ കുറ്റം നിലനിൽക്കില്ലെന്നു ചുണ്ടിക്കാട്ടിയാണ് എഫ്ഐആർ റദ്ദാക്കാൻ റിപ്പോർട്ട് നൽകിയിട്ടുള്ളത്. രാജ്യത്ത് തൊഴിലാളികൾ നേരിടുന്ന ചൂഷണം അവസാനിപ്പിക്കേണ്ടതാണെന്നും ഇതിന് ഭരണ ഘടനയിൽ കാര്യമായ വകുപ്പുകളില്ലെന്നും ഭരണ കൂടങ്ങൾ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്നുമാണ് ഉദ്ദേശിച്ചത് എന്നായിരുന്നു സജിയുടെ മൊഴി. 44 പേരിൽ നിന്നാണ് പൊലീസ് സാക്ഷി മൊഴി രേഖപ്പെടുത്തിയത്.

കേസ് എഴുതി തള്ളാൻ പോകുന്നുവെന്ന വിവരം ഹർജിക്കാരനായ എറണാകുളത്തെ അഭിഭാഷകൻ ബൈജു നോയലിനെയും പൊലീസ് അറിയിച്ചിട്ടുണ്ട്. 30 ദിവസമാണ് ഇത് സംബന്ധിച്ച് അപ്പീൽ നൽകാനുള്ള സമയം. ഇനി ബൈജു നോയൽ കൊടുത്തില്ലെങ്കിൽ മുൻ എംഎൽഎ ജോസഫ് എം. പുതുശേരി അപ്പിൽ നൽകും. സർക്കാർ സമ്മർദത്തെ തുടർന്നാണ് പൊലീസ് കേസ് എഴുതി തള്ളിയത്. മുന്മന്ത്രിയുടെ പ്രസംഗം വ്യാഖ്യാനിച്ച് കേസ് എഴുതി തള്ളാൻ പൊലീസിന് അധികാരമില്ല.

ഭരണ ഘടന വ്യാഖ്യാനിക്കാനുള്ള അധികാരം ജുഡീഷ്യറിക്ക് മാത്രമാണ്. ആ നിലയ്ക്ക് പൊലീസിന് അങ്ങനെ ഒരു റിപ്പോർട്ട് സമർപ്പിക്കാൻ കഴിയില്ല. സജിയുടെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന് ഏറ്റവും വലിയ തെളിവ് സിപിഎം മല്ലപ്പള്ളി ഏരിയാ കമ്മറ്റിയുടെ ഫേസ് ബുക്ക് പേജിൽ വന്ന ലൈവ് വീഡിയോ ആണ്. അത് പിന്നീട് എടുത്തു മാറ്റിയെങ്കിലും പാർട്ടിക്കാർ തന്നെ ചോർത്തി ജനം ടിവിക്ക് കൊടുക്കുകയായിരുന്നു.

വീഡിയോയുടെ സാധുത പരിശോധിക്കുക മാത്രമാണ് പൊലീസിന്റെ ഡ്യൂട്ടി. അത് യാഥർഥമാണോ, ശബ്ദം വ്യാജമാണോ, ശബ്ദം സജി ചെറിയാന്റെ തന്നെയാണോ ഈ കാര്യങ്ങൾ പരിശോധിച്ച് ശാസ്ത്രീയ പരിശോധനയും നടത്തി റിപ്പോർട്ട് സമർപ്പിക്കണം. അതിന് ശേഷം പ്രസംഗത്തിന്റെ സാധുത കോടതിയാകും നിർണയിക്കുക. എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യത കൽ്പ്പിക്കാനുള്ള ഹർജി തള്ളിയതിന് ശേഷമാണ് കീഴ്്വായ്പൂര് കേസ് എഴുതി തള്ളിക്കൊണ്ടുള്ള റിപ്പോർട്ട് കോടതിയിൽ നൽകിയത്.

സജി ചെറിയാനെ എളുപ്പം മന്ത്രി സ്ഥാനത്തേക്ക് തിരികെ എത്തിക്കാനാണ് ഇതെല്ലാം. എന്നാൽ, കേസിൽ അപ്പീൽ പോകുമോ എന്ന് കാത്തിരിക്കുകയാണ് മുഖ്യമന്ത്രി എന്നാണ് വിവരം. അപ്പീൽ ഹൈക്കോടതി അംഗീകരിക്കുകയും കേസ് പുനരന്വേഷിക്കാൻ ഉത്തരവിടുകയും ചെയ്താൽ വീണ്ടും സജിക്ക് മന്ത്രി സ്ഥാനമൊഴിയേണ്ടി വരും. ആ നാണക്കേട് ഒഴിവാക്കാനുള്ള ശ്രമമാണ് ഉണ്ടാവുക. അങ്ങനെയെങ്കിൽ അപ്പീലിന്മേൽ നടപടി വരുന്നത് വരെ കാത്തിരിക്കും.