തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്നും രാജിവയ്‌ക്കേണ്ടിവന്ന സജിചെറിയാനെ വീണ്ടും മന്ത്രിയാക്കും. സജിചെറിയാൻ വീണ്ടും സത്യപ്രതിഞ്ജ ചെയ്യുമെന്നാണ് സൂചന. അടുത്ത നിയമസഭാ സമ്മേളനത്തിന് മുമ്പ് അതുണ്ടാകും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞയിൽ തീരുമാനം എടുക്കും. മുഖ്യമന്ത്രിയുടെ പിന്തുണയാണ് സജി ചെറിയാന് തുണയാകുന്നത്.

സജി ചെറിയാന് പകരം മറ്റൊരാൾ മന്ത്രിയാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പിണായിക്ക് അതിന് താത്പര്യമുണ്ടായിരുന്നില്ല. മല്ലപ്പള്ളി പ്രസംഗം വിവാദമായതോടെ മന്ത്രിസ്ഥാനം രാജിവച്ചതിന് പിന്നാലെ രാഷ്ട്രീയ കോണുകളിൽ വിഷയം കെട്ടടങ്ങി. ഇനി കോടതി നിക്കങ്ങളും ഏതാണ്ട് അവസാനിച്ചു. പൊലീസ് സജി ചെറിയാന് ക്ലീൻ ചീറ്റും നൽകി. റഫറൽ റിപ്പോർട്ട് കോടതി അംഗീകരിക്കുമെന്നാണ് സിപിഎം വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് സജി ചെറിയാൻ മന്ത്രിയായി വീണ്ടും മാറുന്നത്.

അടുത്ത നിയമസഭാ സമ്മേളനത്തിന് മുൻപ് സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. പഴയ വകുപ്പുകൾ തന്നെയായിരിക്കും സജി ചെറിയാന് നൽകുക. ഗവർണറുടെ സൗകര്യംകൂടി പരിഗണിച്ച് സത്യപ്രതിജ്ഞാ തീയതി തീരുമാനിക്കുമെന്നാണ് വിവരം. ജൂലായ് മൂന്നിന് സജി ചെറിയാൻ മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗമാണ് വിവാദമായത്. 50 മിനിട്ട് 12 സെക്കൻഡാണ് സജി ചെറിയാൻ പ്രസംഗിച്ചത്. ഇതിൽ രണ്ടുമിനിറ്റ് വരുന്നഭാഗത്താണ് ഭരണഘടനയെപ്പറ്റി പരാമർശം ഉണ്ടായത്. ഇത് പിന്നീട് വിവാദമാകുകയും സജി ചെറിയാന്റെ രാജിയിലേക്ക് നീങ്ങുകയുമായിരുന്നു.

സജി ചെറിയാനെ എംഎൽഎ സ്ഥാനത്തിന് നിന്ന് അയോഗ്യനാക്കണമെന്നുള്ള ഹർജി പരിഗണിച്ച കോടതി നടത്തിയ നിരീക്ഷണങ്ങൾ സിപിഎമ്മിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയിരുന്നു. ഹർജി പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം.ജനപ്രാതിനിധ്യ നിയമപ്രകാരം എംഎൽഎയ്ക്ക് അയോഗ്യത കൽപ്പിക്കാൻ എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു. എംഎൽഎയ്ക്ക് അയോഗ്യതയില്ലെങ്കിൽ മന്ത്രിക്കും അയോഗ്യതയുണ്ടാവില്ലെന്നാണ് പാർട്ടി നിരീക്ഷണം. ഇതിനൊപ്പമാണ് പൊലീസിന്റെ കുറ്റ വിമുക്തി റിപ്പോർട്ട്.

മല്ലപ്പള്ളിയിൽ പാർട്ടി പരിപാടിയിൽ വച്ചാണ് ഭരണഘടനയെ അവഹേളിക്കുന്ന തരത്തിൽ മന്ത്രിയായിരിക്കെ സജി ചെറിയാൻ പ്രസംഗിച്ചത്.പിന്നാലെ വിവാദം ആളിക്കത്തി. പ്രസംഗത്തിന്റെ വിവാദ ഭാഗം മുറിച്ച് പാർട്ടി നേതാക്കൾ തന്നെയാണ് പ്രചരിപ്പിച്ചതെന്നും ആരോപണം നിലനിൽക്കുന്നുണ്ട്. ഇതിൽ പാർട്ടിയും ആഭ്യന്തര അന്വേഷണം നടക്കുകയാണ്. ഭരണഘടനയ്ക്കെതിരെ വിവാദ പരാമർശം നടത്തി പുലിവാൽ പിടിച്ച മന്ത്രി സജി ചെറിയാനെ രക്ഷിക്കാൻ വിശദ നിയമ പരിശോധന സിപിഎം നടത്തിയിരുന്നു. കോടതിയിലും സജി ചെറിയാനെതിരായ കേസ് നിലനിൽക്കില്ലെന്നാണ് കിട്ടിയ ഉപദേശം. ഈ വിഷയത്തിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് ഇടപെടാനാകില്ലെന്നും മുഖ്യമന്ത്രിയെ വിദഗ്ദ്ധർ ബോധിപ്പിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സജി ചെറിയാന്റെ മടക്കം.

വെറുമൊരു നാക്കു പിഴയിൽ സംഭവിച്ചതാണ് തെറ്റെന്ന പ്രസ്താവനയാണ് നേരത്തെ നടന്ന അവൈലബിൾ സെക്രട്ടറിയേറ്റിൽ മന്ത്രി സജി ചെറിയാൻ അവതരിപ്പിച്ചത്. കരുതൽ ഉണ്ടായില്ലെന്ന വിമർശനം മുഖ്യമന്ത്രി പിണറായി വിജയന്റെ നടത്തുകയും ചെയ്തു. മിക്ക അംഗങ്ങളും സജി ചെറിയാനെ കുറ്റപ്പെടുത്തി. അതിന് ശേഷമായിരുന്നു രാജി. ബ്രിട്ടീഷുകാർ പറഞ്ഞത് ഇന്ത്യക്കാർ എഴുതിവെച്ചതാണ് ഇന്ത്യൻ ഭരണഘടനയെന്നും ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണിതെന്നുമുള്ള വിവാദപരാമർശങ്ങളാണ് സജി ചെറിയാൻ നടത്തിയത്.

പ്രസംഗവുമായി ബന്ധപ്പെട്ട് സജി ചെറിയാനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തിരുന്നു. തൊഴിലാളികളെ സംബന്ധിച്ച് പ്രസംഗിച്ചുവന്നപ്പോൾ വിമർശനാത്മകമായി ഭരണഘടനയെ പരാമർശിക്കുകയായിരുന്നെന്നാണ് പൊലീസ് റിപ്പോർട്ട്.

പ്രസംഗത്തിൽ മനപ്പൂർവം ഭരണഘടനയെ അവഹേളിക്കാൻ സജിചെറിയാൻ ഉദ്ദേശിച്ചിട്ടില്ലെന്നാണ് പൊലീസ് അപേക്ഷയിൽ പറഞ്ഞിരുന്നത്. സജി ചെറിയാനെതിരായ കേസ് നിലനിൽക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ നിയമോപദേശം നൽകിയെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, കേസ് അവസാനിപ്പിക്കാൻ പൊലീസ് നൽകിയ അപേക്ഷയിൽ കോടതി തീരുമാനം ഇതുവരെ എടുത്തിട്ടില്ല. മാത്രമല്ല, കേസിൽ പരാതിക്കാരന് നോട്ടീസ് അയച്ചിരിക്കുകയുമാണ്.