തിരുവനന്തപുരം: സജി ചെറിയാൻ വീണ്ടും മന്ത്രിയാകുമെന്ന് ഉറപ്പായി. സജി ചെറിയാന്റെ സത്യപ്രതിജ്ഞ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർക്ക് തള്ളാനാകില്ലെന്ന് ഗവർണർക്ക് നിയമോപദേശം ലഭിച്ചു. ആവശ്യമെങ്കിൽ ഗവർണർക്ക് കൂടുതൽ വ്യക്തത മുഖ്യമന്ത്രിയോട് തേടാം. സ്റ്റാന്റിങ് കൗൺസിലിനോടാണ് ഗവർണർ ഉപദേശം തേടിയത്.ഗവർണർ നാളെ വൈകീട്ട് തലസ്ഥാനത്ത് എത്തും. ഗവർണറുടെ തീരുമാനം എന്താകുമെന്ന് കാത്തിരിക്കുകയാണ് സർക്കാർ.

സത്യപ്രതിജ്ഞ തടയാൻ കഴിയില്ലെന്നും എന്നാൽ ഭരണഘടനയെ അവഹേളിച്ച കേസുള്ളതിനാൽ ഗവർണർക്ക് വ്യക്തത തേടാമെന്നും നിയമോപദേശത്തിൽ പറയുന്നു. മന്ത്രിസ്ഥാനം ഒഴിഞ്ഞ സാഹചര്യവും നിലവിലെ കോടതിനടപടികളും വിലയിരുത്തിയായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമോപദേശം തേടിയത്. ആദ്യപടിയായി ഗവർണറുടെ നിയമോപദേഷ്ടാവിൽ നിന്നും ആവശ്യമെങ്കിൽ ഭരണഘടനാവിദഗ്ധരായ മുതിർന്ന അഭിഭാഷകരിൽനിന്നും നിയമോപദേശം സ്വീകരിക്കാനായിരുന്നു തീരുമാനം. കൂടുതൽ ഉപദേശം ഗവർണ്ണർ ചോദിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

ഭരണഘടനയെ വിമർശിച്ച് ജൂലൈ മൂന്നിനായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം.വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ജൂലൈ ആറിന് രാജിവെച്ചു. കേസ് അന്വേഷിച്ച പൊലീസ് വക ക്ലീൻ ചിറ്റ് കിട്ടിയതോടെയാണ് തിരിച്ചുവരവിന് കളമൊരുങ്ങിയത്. ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്നും അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അതുകൊണ്ട് സജി ചെറിയാനെതിരെ കേസ് നിലനിൽക്കില്ലെന്നുമുള്ള നിയമോപദേശം പൊലീസ് തിരുവല്ല കോടതിയെ അറിയിച്ചിട്ടുണ്ട്. ഭരണ ഘടനയെ അംഗീകരിച്ച് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിക്ക് അതിനെ വിമർശിക്കാൻ കഴിയുമോ എന്ന ചോദ്യവും നിർണ്ണായകമാണ്.

കേസ് അവസാനിപ്പിക്കാൻ പൊലീസ് നൽകിയ അപേക്ഷയിൽ കോടതി തീരുമാനം ഔദ്യോഗികമായി വരാനുണ്ടെങ്കിലും അതിൽ മറ്റ് പ്രശ്‌നങ്ങളില്ലെന്ന നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് സജി ചെറിയാന്റെ തിരിച്ച് വരവ്. മറ്റന്നാൾ വൈകീട്ട് ഗവർണർ തിരിച്ചെത്തും. നേരത്തെ കൈകാര്യം ചെയ്തിരുന്ന സാംസ്‌കാരികം ഫിഷറീസ് യുവജനക്ഷേമ വകുപ്പുകൾ തന്നെ സജി ചെറിയാന് കിട്ടും. മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലേക്ക് പുനർ വിന്യസിച്ച സ്റ്റാഫുകളേയും തിരിച്ച് നൽകും. മന്ത്രിയായി ആരെ വേണമെങ്കിലും വയ്ക്കാനുള്ള അവകാശം മുഖ്യമന്ത്രിക്കുണ്ട്. അതിൽ ഗവർണ്ണർക്ക് മറ്റൊന്നും ചെയ്യാനാകില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

സത്യപ്രതിജ്ഞ ഒരുക്കേണ്ടത് ഗവർണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമെന്നാണ് നിയമോപദേശം. മുഖ്യമന്ത്രി പേര് നിർദ്ദേശിച്ചാൽ ഗവർണർക്ക് തള്ളാനാകില്ല. ആവശ്യമെങ്കിൽ ഗവർണർക്ക് കൂടുതൽ വിശദീകരണം ചോദിക്കാമെന്നും നിയമോപദേശത്തിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം, സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്കുശേഷം നടത്തണമെന്നു ഗവർണറോടു മുഖ്യമന്ത്രി ശുപാർശ ചെയ്തിരുന്നു. സജി ചെറിയാനെതിരെ തിരുവല്ല സബ് കോടതിയിലുള്ള കേസിൽ തീരുമാനം ആകാത്ത സാഹചര്യത്തിലാണ് എന്തു വേണമെന്നു ഹൈക്കോടതിയിലെ അഭിഭാഷകനോടു ഗവർണർ നിയമോപദേശം തേടിയത്.

ഭരണഘടനാവിരുദ്ധ പ്രസംഗത്തെത്തുടർന്ന് ജൂലൈ ആറിനാണ് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചത്. ധാർമികമായും നിയമപരമായും സജി ചെറിയാനു മുന്നിൽ തടസ്സങ്ങൾ ഇല്ലെന്നതിനാൽ മടങ്ങിവരവ് നീട്ടിക്കൊണ്ടു പോകേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു.